കേന്ദ്ര സര്‍ക്കാര്‍ എല്ലാവരുടേയും വൈദ്യുതി ബില്ലുകള്‍ എഴുതിത്തള്ളുന്നോ? വീഡിയോയുടെ സത്യമറിയാം- Fact Check
വൈദ്യുതി ബില്ലുകള്‍ സംബന്ധിച്ച് അനവധി ചര്‍ച്ചകള്‍ സമൂഹത്തില്‍ സജീവമായ സാഹചര്യത്തിലാണ് വീഡിയോ പ്രചാരണം, വസ്‌തുത പരിശോധിക്കാം
ദില്ലി: കേരളം അടക്കം വിവിധ സംസ്ഥാനങ്ങളില്‍ വൈദ്യുതി ബില്ലിനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ സജീവമാണ്. ഇതിനിടെ ഒരു വീഡിയോ യൂട്യൂബില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. എല്ലാ വൈദ്യുതി ബില്ലുകളും കേന്ദ്ര സര്‍ക്കാര്‍ എഴുതിത്തള്ളാന്‍ തയ്യാറെടുക്കുകയാണ് എന്നാണ് വീഡിയോയുടെ തംബ്‌നൈല്‍ പറയുന്നത്. ഇതിന്‍റെ വസ്‌തുത പരിശോധിക്കാം.
പ്രചാരണം
എല്ലാ വൈദ്യുതി ബില്ലുകളും കേന്ദ്ര സര്‍ക്കാര്‍ എഴുതിത്തള്ളാന്‍ ഒരുങ്ങുന്നതായാണ് യൂട്യൂബ് വീഡിയോ. വൈദ്യുതി ബില്‍ എഴുതിത്തള്ളല്‍ യോജന പദ്ധതി പ്രകാരമാണ് കേന്ദ്രം ഇത് ചെയ്യുന്നത് എന്ന് abdulkalam7611 എന്ന യൂട്യൂബ് ചാനലിലെ വീഡിയോ തംബ്‌നൈലില്‍ അവകാശപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം സഹിതമാണ് തംബ്‌നൈല്‍ തയ്യാറാക്കിയിരിക്കുന്നത്.
വസ്‌തുത
എന്നാല്‍ ഈ വീഡിയോ തംബ്നൈല്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. എല്ലാ വൈദ്യുതി ബില്ലുകളും കേന്ദ്ര സര്‍ക്കാര്‍ എഴുതിത്തള്ളുന്നതായുള്ള അവകാശവാദം വ്യാജമാണ് എന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയ്ക്ക് കീഴിലുള്ള ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ വീഴരുത് എന്ന് പിഐബി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
മറ്റ് ചില വ്യാജ പ്രചാരണങ്ങളുടെ വസ്‌തുതയും പിഐബി ഫാക്ട് ചെക്ക് വ്യക്തമാക്കിയിട്ടുണ്ട്. പിഎം ഫ്രീ ലാപ്‌ടോപ് യോജന പദ്ധതി പ്രകാരം എല്ലാ വിദ്യാര്‍ഥികള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി ലാപ്‌ടോപ്പുകള്‍ നല്‍കുന്നു എന്ന പ്രചാരണമാണ് ഇതിലൊന്ന്. വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ് നല്‍കുന്ന ഇത്തരമൊരു പദ്ധതി കേന്ദ്ര സര്‍ക്കാരിനില്ല എന്ന് പിഐബി ട്വീറ്റ് ചെയ്തു. മുമ്പും സൗജന്യ ലാപ്‌ടോപ് പദ്ധതികളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണങ്ങളുണ്ടായിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം