'ടഫ് സ്റ്റെപ്സ് ഒൺലി'; സാന്റാ ക്ലോസിനൊപ്പം കൈ മെയ് മറന്ന് നൃത്തം വെച്ച് കോയിപ്രം സ്റ്റേഷനിലെ പൊലീസുകാർ, വീഡിയോ
പൊലീസുകാരുടെ ക്രിസ്മസ് ആഘോഷത്തിന്റെ വീഡിയോ അതിവേഗമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
പത്തനംതിട്ട: സോഷ്യൽ മീഡിയയിൽ വൈറലായി പത്തനംതിട്ട കോയിപ്രം പൊലീസ് സ്റ്റേഷനിലെ ക്രിസ്മസ് ആഘോഷം. പുല്ലാട് Y's Men Club-ന്റെ നേതൃത്വത്തിൽ നടന്ന ക്രിസ്മസ് കരോളിലെ പൊലീസുകാരുടെ നൃത്തമാണ് വൈറലായിരിക്കുന്നത്. കോയിപ്രം പൊലീസ് സ്റ്റേഷനിലെ ഓഫീസർമാർ സാന്റാ ക്ലോസിനോടൊപ്പവും ക്ലബ്ബ് അംഗങ്ങൾക്കൊപ്പവും കൈ മെയ് മറന്നാണ് നൃത്തം ചെയ്തത്.
പൊലീസുകാരുടെ ക്രിസ്മസ് ആഘോഷത്തിന്റെ വീഡിയോ അതിവേഗമാണ് വൈറലായത്. നിരവധിയാളുകളാണ് പൊലീസുകാർക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. പോലീസ് കൂടുതൽ ജനകീയമാകട്ടെ, ഈ പ്രാവശ്യം ബെസ്റ്റ് പോലീസുകാർക്കുള്ള അവാർഡ് ദേ പിടിച്ചോ, സ്റ്റെപ് ഒരു രക്ഷയുമില്ല പൊളി ഐറ്റം, ലെ പൊലീസ് സർ: ടഫ് സ്റ്റെപ്സ് ഒൺലി...അങ്ങനെ പോകുന്നു കമന്റുകൾ.
അതേസമയം, പൊലീസുകാരുടെ ആഘോഷ വീഡിയോയ്ക്ക് എതിരെ നടപടി ഉണ്ടാകുമോ എന്ന ആശങ്കയും ചിലർ പങ്കുവെച്ചിട്ടുണ്ട്. ഡ്യൂട്ടിയിൽ ഇങ്ങനെ ചെയ്താൽ സർക്കാർ ആക്ഷൻ എടുക്കില്ലേ എന്നാണ് പലരുടെയും ചോദ്യം. നൃത്തമൊക്കെ കൊള്ളാമെങ്കിലും ജോലിയ്ക്ക് റിസ്ക്കാണെന്ന് ചില ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. സസ്പെൻഷൻ കിട്ടാനുള്ള സാധ്യത കൂടുതലാണെന്നായിരുന്നു മറ്റുചിലരുടെ പക്ഷം.
നേരത്തെ, തിരുവല്ല നഗരസഭയിൽ ജീവനക്കാർ റീൽ ചിത്രീകരിച്ചത് വലിയ വിവാദമായിരുന്നു. അവധി ദിനമായ ഞായറാഴ്ച അധിക ജോലിക്കിടയിൽ ചിത്രീകരിച്ച റീൽ സോഷ്യൽ മീഡിയയിൽ ലൈക്കുകളും കമന്റുകളും വാരിക്കൂട്ടിയിരുന്നു. ഇതിന് പിന്നാലെ റവന്യൂ വിഭാഗത്തിലെ വനിതകളടക്കം 9 പേര്‍ക്ക് സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ദുരനന്തനിവാരണ നിയമപ്രകാരം കലക്ടര്‍ പ്രവൃത്തി ദിനമായി പ്രഖ്യാപിച്ച ജൂണ്‍ 30 ഞായറാഴ്ചയാണ് റീല്‍സ് ചിത്രീകരിച്ചത്. ഓഫീസില്‍ സന്ദര്‍ശകരില്ലാതിരുന്ന അന്ന് ഇടവേള സമയത്താണ് ചിത്രീകരിച്ചതെന്നും ജോലികള്‍ തടസപ്പെട്ടിട്ടില്ലെന്നും ജീവനക്കാർ വിശദീകരണം നൽകുകയും ചെയ്തിരുന്നു.