'ഇന്ത്യന്‍ പതാകയില്‍ സ്‌പര്‍ശിച്ചാല്‍ 5000 രൂപ ക്യാഷ്‌ബാക്ക് ലഭിക്കും'; ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ സത്യമെന്ത്?
ഒറ്റ ക്ലിക്കില്‍ 5000 രൂപ ക്യാഷ്‌ബാക്ക് ഓഫര്‍ ചെയ്തുകൊണ്ടുള്ള ഫേസ്‌ബുക്ക് പോസ്റ്റ് ഒരു ലിങ്ക് സഹിതമാണ്
ക്യാഷ്‌ബാക്ക് വാഗ്ദാനങ്ങളുമായി അനേകം സോഷ്യല്‍ മീഡിയ പോസ്റ്റുകളും മെസേജുകളും നമ്മള്‍ കാണാറുണ്ട്. ഇക്കൂട്ടത്തിലേക്ക് പുതിയൊന്ന് എത്തിയിരിക്കുന്നു. ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ഇന്ത്യന്‍ പതാകയില്‍ ക്ലിക്ക് ചെയ്‌താല്‍ 5000 രൂപ ക്യാഷ്‌ബാക്ക് ലഭിക്കും എന്നാണ് എഫ്‌ബി പോസ്റ്റില്‍ പറയുന്നത്. ഈ പ്രചാരണം സത്യമോ എന്ന് പരിശോധിക്കാം.
പ്രചാരണം
'പതാകയുടെ മാന്ത്രികത കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ഒപ്പം 5000 രൂപ ക്യാഷ്‌ബാക്ക് നേടൂ. ക്ലിക്ക് ചെയ്ത് 5000 രൂപ നേടൂ. ആദ്യത്തെ 3400 പേര്‍ക്ക് മാത്രമാണ് യുപിഐ വഴി പണം ക്യാഷ്‌ബാക്കായി ലഭിക്കുക'- എന്നുമാണ് ഫേസ്‌ബുക്ക് പോസ്റ്റിലുള്ളത്. Phnppe Caxbcak എന്ന എഫ്‌ബി അക്കൗണ്ടാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. ഈ അക്കൗണ്ടിന്‍റെ പ്രൊഫൈല്‍ ചിത്രമായി ഫോണ്‍പേയുടെ ലോഗോ കാണാം. ഫോണ്‍പേയാണ് പണം ക്യാഷ്‌ബാക്കായി നല്‍കുന്നത് എന്നാണ് പോസ്റ്റ് കണ്ടാല്‍ തോന്നുക.
വസ്‌തുതാ പരിശോധന
5000 രൂപ ക്യാഷ്‌ബാക്ക് ഓഫര്‍ ചെയ്തുകൊണ്ടുള്ള ഫേസ്‌ബുക്ക് പോസ്റ്റില്‍ ഒരു ലിങ്ക് കാണാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്‌തപ്പോള്‍ അവ്യക്തമായ ഒരു വെബ്‌സൈറ്റിലേക്കാണ് എത്തിയത്. https://securepg.xyz/Mala/ എന്ന് നല്‍കിയിരിക്കുന്ന ഈ യുആര്‍എല്‍ തന്നെ സംശയാസ്‌പദമായി തോന്നി. ഫോണ്‍പേയുമായി യാതൊരു ബന്ധവുമില്ലാത്ത വെബ് വിലാസം ആണിത്. ഫേസ്‌ബുക്ക് പോസ്റ്റില്‍ കാണുന്ന വിവരങ്ങള്‍ വ്യാജമാണ് എന്ന് ഇതോടെ വ്യക്തമായി.
മാത്രമല്ല, ഇത്തരത്തിലൊരു ക്യാഷ്‌ബാക്ക് ഫോണ്‍പേ നല്‍കുന്നുണ്ടോ എന്നറിയാന്‍ ഫോണ്‍പേയുടെ എക്‌സ് (പഴയ ട്വിറ്റര്‍) അക്കൗണ്ടും വെബ്‌സൈറ്റും പരിശോധിച്ചുവെങ്കിലും വിവരങ്ങളൊന്നും കാണാനായില്ല. അതേസമയം ആപ്പിന്‍റെ പേരില്‍ നടക്കുന്ന സൈബര്‍ തട്ടിപ്പുകളെ കുറിച്ച് ഫോണ്‍പേ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതായും മനസിലാക്കാനായി. ഇപ്പോള്‍ ഫേസ്‌ബുക്ക് പോസ്റ്റ് വഴി നടക്കുന്ന ക്യാഷ്‌ബാക്ക് പ്രചാരണം സൈബര്‍ തട്ടിപ്പാണ് എന്ന് ഇതില്‍ നിന്ന് മനസിലാക്കാം.
നിഗമനം
ഫോണ്‍പേ 5000 രൂപ ക്യാഷ്‌ബാക്ക് നല്‍കുന്നതായുള്ള ഫേസ്‌ബുക്ക് ലിങ്കിലെ വിവരങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ലിങ്കിലുള്ള വെബ്‌സൈറ്റ് വ്യാജമാണ്. ഫോണ്‍പേ ഇങ്ങനെയൊരു ക്യാഷ്‌ബാക്ക് ഓഫര്‍ നല്‍കുന്നില്ല എന്ന് ഉറപ്പിക്കാം.
Read more: ഹമ്മോ, പടുകൂറ്റന്‍ ടണലുകളും പാലങ്ങളും; കശ്‌മീരില്‍ നിര്‍മാണത്തിലുള്ള റോഡോ ഇത്? Fact Check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം