മണിയുടെ കുടുംബം കാണില്ല ചാലക്കുടിക്കാരന്‍ ചങ്ങാതി
മണിച്ചേട്ടന്‍റെ ജീവിതം സംബന്ധിച്ച ചലച്ചിത്രം മികച്ച പ്രതികരണം ഉണ്ടാക്കുന്നു എന്ന് തന്നെയാണ് കേള്‍ക്കുന്നത്. ഞാനോ കുടുംബത്തിലെ മറ്റുള്ളവരോ ആ ചിത്രം കാണാന്‍ ഇതുവരെ ശ്രമിച്ചിട്ടില്ല
ചാലക്കുടി: കലാഭവന്‍ മണിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി വിനയന്‍ സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതി മികച്ച പ്രതികരണമാണ് തീയറ്ററില്‍ ഉണ്ടാക്കുന്നത്. എന്നാല്‍ ചിത്രം ഇതുവരെ കണ്ടിട്ടില്ലെന്നാണ് മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ പറയുന്നത്. ചാലക്കുടിക്കാരന്‍ ചങ്ങാതി സംബന്ധിച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞത് ഇങ്ങനെ.
മണിച്ചേട്ടന്‍റെ ജീവിതം സംബന്ധിച്ച ചലച്ചിത്രം മികച്ച പ്രതികരണം ഉണ്ടാക്കുന്നു എന്ന് തന്നെയാണ് കേള്‍ക്കുന്നത്. ഞാനോ കുടുംബത്തിലെ മറ്റുള്ളവരോ ആ ചിത്രം കാണാന്‍ ഇതുവരെ ശ്രമിച്ചിട്ടില്ല. മാനസിക പ്രയാസം തന്നെയാണ് അതിന് കാരണം. മണിചേട്ടന്‍റെ മരണവുമായി ബന്ധപ്പെട്ട ദുരന്തനാളുകളിലേക്ക് ഒരിക്കല്‍ കൂടി ഓര്‍മ്മ പായിക്കാന്‍ അനുവദിക്കുന്നില്ല. ഇന്നും ചേട്ടന്‍ മടങ്ങിവരും എന്നാണ് ഞങ്ങളുടെയെല്ലാം പ്രതീക്ഷ. എവിടെയോ ഷൂട്ടിംഗിന് പോയി എന്നാണ് കരുതുന്നത്.
കണ്ട സുഹൃത്തുക്കള്‍ നല്ല അഭിപ്രായം പറയുമ്പോഴും ഞങ്ങള്‍ അടുത്ത് നിന്നുകണ്ട മണിചേട്ടന്‍റെ ജീവിതം സ്ക്രീനില്‍ കാണുവാന്‍ മനസ് പാകപ്പെട്ടിട്ടില്ല. മണിചേട്ടന്‍റെ ഭാര്യയോ, മകളോ ഇതുവരെ ചിത്രം കണ്ടിട്ടില്ല എന്നതാണ് അറിഞ്ഞത്. ഈ ചിത്രം വിനയന്‍ സാറിന്‍റെ ചിത്രമാണ്, ഞങ്ങളുടെ കഷ്ടപ്പാടും, പോരാട്ടവും ഒരു കുടുംബത്തിലെ വ്യക്തിയെന്ന പോലെ അറിയുന്ന അദ്ദേഹത്തിന്‍റെ ചിത്രം മണിചേട്ടനോട് നീതി പുലര്‍ത്തുന്നതായിരിക്കും.
അതിന് എല്ലാം അപ്പുറം മണിചേട്ടന്‍റെ മരണം സംബന്ധിച്ച് ഞങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ചിത്രവും ഉയര്‍ത്തുന്നുണ്ട്. ഇത് സിബിഐ അന്വേഷണവും മറ്റും നടക്കുന്ന കാലത്ത് നല്ലൊരു കാര്യമായി ഞാന്‍ കാണുന്നു. വാര്‍ത്തകളിലും മറ്റും പല കാര്യങ്ങളും വന്നിട്ടുണ്ടെങ്കിലും സിനിമ എന്ന മാധ്യമത്തില്‍ കൂടുതല്‍ വ്യക്തത ഞങ്ങള്‍ പറയുന്ന കാര്യങ്ങള്‍ക്ക് സിനിമ നല്‍കുന്നു എന്നാണ് ഞാന്‍ അറിഞ്ഞത്.
ഇതേ സമയം തന്നെ വിനയന്‍ സാറിന്‍റെ ചിത്രത്തിന്‍റെ തിരക്കഥയിലോ, അതിന്‍റെ ഏതെങ്കിലും ഘട്ടത്തിലോ ഒരു ഇടപെടലും ഞങ്ങള്‍ നടത്തിയിട്ടില്ല. ഒരു ദിവസം ചിത്രത്തിന്‍റെ സെറ്റില്‍ പോയിരുന്നു. എന്നാല്‍ അപ്പോള്‍ തന്നെ മടങ്ങി. ചിത്രത്തിലെ ചാലക്കുടി ചന്തയ്ക്ക് പോകുമ്പോള്‍ എന്ന ഗാനം ഞാന്‍ ആലപിച്ചിരുന്നു, പിന്നീട് മേലേ പടിഞ്ഞാറ് സൂര്യന്‍ എന്ന ഗാനം ആലപിക്കാന്‍ പോയെങ്കിലും അന്ന് പൊട്ടിക്കരഞ്ഞ് പോയി. പിന്നീട് മറ്റൊരു വ്യക്തി ആത് പാടി. ചിത്രത്തിലെ മണിയുടെ അനിയനായി വേഷം ചെയ്യാന്‍ വിനയന്‍ സാര്‍ പറഞ്ഞിരുന്നെങ്കിലും അത് സാധിക്കുമായിരുന്നില്ല. അതിനാല്‍ തന്നെ അത് നിഷേധിച്ചു.