രണ്ടാം ശനിയാഴ്ച കളക്ഷനിലും മുന്നേറി 'റോഷാക്ക്'; സമീപകാല ഹിറ്റുകളെയെല്ലാം മറികടന്ന് മമ്മൂട്ടി ചിത്രം
ഈ വാരം കൂടുതല്‍ വിദേശ മാര്‍ക്കറ്റുകളിലും പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട് ചിത്രം
സമീപകാല മലയാള സിനിമയില്‍ മികച്ച ബോക്സ് ഓഫീസ് വിജയം നേടിയ സിനിമകളുടെ കൂട്ടത്തില്‍ ഇരിപ്പുറപ്പിക്കുകയാണ് മമ്മൂട്ടി ചിത്രം റോഷാക്ക്. സൈക്കോളജിക്കല്‍ റിവെഞ്ച് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് നിസാം ബഷീര്‍ ആണ്. ഒക്ടോബര്‍ 7 ന് ഇന്ത്യയിലും സൌദി അറേബ്യ ഒഴികെയുള്ള ജിസിസി രാജ്യങ്ങളിലും റിലീസ് ചെയ്യപ്പെട്ട റോഷാക്ക് ആദ്യ വാരാന്ത്യത്തില്‍ കേരളത്തില്‍ നിന്നു മാത്രം നേടിയത് 9.75 കോടി ആയിരുന്നു. ഇതേ കാലയളവില്‍ നേടിയ ആഗോള ഗ്രോസ് 20 കോടിയും ആയിരുന്നു. ഇപ്പോഴിതാ റിലീസിനു ശേഷമുള്ള രണ്ടാം വാരത്തിലും കളക്ഷനില്‍ വലിയ ഇടിവ് തട്ടാതെ തിയറ്ററുകളിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കുകയാണ് ചിത്രം.
റിലീസിനു ശേഷമുള്ള രണ്ടാം ശനിയാഴ്ചയിലെ കളക്ഷനില്‍ ചിത്രം കേരളത്തിലെ സമീപകാല ഹിറ്റുകളില്‍ പലതിനെയും മറികടന്നുവെന്നാണ് ബോക്സ് ഓഫീസ് ട്രാക്കരമാരില്‍ പലരും പറയുന്നത്. ഫോറം കേരളത്തിന്‍റെ കണക്ക് പ്രകാരം ചിത്രം ഇന്നലെ കേരളത്തില്‍ നിന്ന് മാത്രം നേടിയ കളക്ഷന്‍ 92 ലക്ഷം ആണ്. സമീപകാലത്ത് തരംഗം തീര്‍ത്ത മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍ 86.77 ലക്ഷവും തല്ലുമാല 80.5 ലക്ഷവുമാണ് റിലീസിന് ശേഷമുള്ള രണ്ടാം ശനിയാഴ്ച കേരളത്തില്‍ നിന്ന് നേടിയതെന്നും അവര്‍ പറയുന്നു. പാപ്പന്‍, കടുവ, ന്നാ താന്‍ കേസ് കൊട് തുടങ്ങിയ സമീപകാല ഹിറ്റുകളുടെ രണ്ടാം ശനിയാഴ്ച കളക്ഷനെയും റോഷാക്ക് മറികടന്നുവെന്നും ഫോറം കേരളം അറിയിക്കുന്നു. ഡാര്‍ക് ത്രില്ലര്‍ പശ്ചാത്തലമുള്ള ഒരു ചിത്രം രണ്ടാം വാരത്തിലും ഇത്തരത്തിലുള്ള പ്രേക്ഷക പ്രതികരണം നേടുന്നത് അപൂര്‍വ്വതയാണെന്നാണ് ട്രാക്കര്‍മാരുടെ വിലയിരുത്തല്‍.
ALSO READ : 'വരദരാജ മന്നാര്‍'; പ്രഭാസിനൊപ്പം ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ പൃഥ്വിരാജ്
അതേസമയം ചിത്രം ഈ വാരം കൂടുതല്‍ വിദേശ മാര്‍ക്കറ്റുകളിലും പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്. സൌദി അറേബ്യയ്ക്കൊപ്പം യൂറോപ്പിലും ചിത്രം കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിനെത്തി. യൂറോപ്പില്‍ യുകെ, അയര്‍ലന്‍ഡ്, ജര്‍മനി, ഇറ്റലി, നെതര്‍ലാന്‍ഡ്സ്, മാള്‍ട്ട, മോള്‍ഡോവ, ജോര്‍ജിയ, ലക്സംബര്‍ഗ്, പോളണ്ട്, ബെല്‍ജിയം, ഓസ്ട്രിയ എന്നിവിടങ്ങളിലാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. കൂടുതല്‍ വിദേശ മാര്‍ക്കറ്റുകളിലേക്കും എത്തിയതോടെ ചിത്രത്തിന്‍റെ ആകെ ഗ്രോസ് കളക്ഷനെ ഇത് കാര്യമായി സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍.