മികച്ച അഭിപ്രായം, പക്ഷേ കാണാന്‍ ആളില്ല; അഭിഷേക് ബച്ചന്‍ ചിത്രം 3 ദിവസത്തില്‍ നേടിയത്
ഷൂജിത് സര്‍ക്കാര്‍ സംവിധാനം ചെയ്ത ചിത്രം
മികച്ച ഉള്ളടക്കമുള്ള ചിത്രങ്ങള്‍ വിജയിപ്പിക്കുന്ന പ്രേക്ഷകരെന്ന് മലയാളികളെക്കുറിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരൂപകരും ട്രാക്കര്‍മാരുമൊക്കെ പറയാറുമുണ്ട്. അത് ശരിയുമാണ്. സൂപ്പര്‍താര സാന്നിധ്യമോ വലിയ ബജറ്റോ ഒന്നുമില്ലാത്ത ചിത്രങ്ങള്‍ ഉള്ളടക്കത്തിന്‍റെ ബലം കൊണ്ട് വിജയിക്കുന്നത് മോളിവുഡിലേത് പോലെ മറ്റെങ്ങും സംഭവിക്കുന്നില്ല. ഇപ്പോഴിതാ മികച്ച ചിത്രമെന്ന് പേര് നേടിയിട്ടും കാണാന്‍ ആളില്ലാത്ത അവസ്ഥയാണ് ഒരു ബോളിവുഡ് ചിത്രത്തിന്. അഭിഷേക് ബച്ചനെ നായകനാക്കി ഷൂജിത് സര്‍ക്കാര്‍ സംവിധാനം ചെയ്ത ഐ വാണ്ട് ടു ടോക്ക് ആണ് ആ ചിത്രം.
വിക്കി ഡോണറും പികുവും ഒക്ടോബറുമൊക്കെ ചെയ്ത ഷൂജിത് സര്‍ക്കാര്‍ അഭിഷേക് ബച്ചനുമായി ഒന്നിക്കുന്നത് സിനിമാപ്രേമികളെ സംബന്ധിച്ച് കൗതുകം പകരുന്ന ഒന്നായിരുന്നു. തന്‍റെ സുഹൃത്തായ ഒരു കാന്‍സര്‍ സര്‍വൈവര്‍ സുഹൃത്തിന്‍റെ യഥാര്‍ഥ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഷൂജിത് സിനിമ ഒരുക്കിയിരിക്കുന്നത്. 22 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. എന്നാല്‍ ബോക്സ് ഓഫീസില്‍ നിന്ന് നിരാശപ്പെടുത്തുന്ന സംഖ്യകളാണ് ആദ്യദിനം മുതല്‍.
റിലീസ് ദിനത്തില്‍ വെറും 25 ലക്ഷമാണ് ചിത്രത്തിന് ലഭിച്ച കളക്ഷന്‍. രണ്ടാം ദിനം 55 ലക്ഷവും മൂന്നാം ദിനം 50 ലക്ഷവുമാണ് നേടിയത്. അങ്ങനെ ആദ്യ 3 ദിവസത്തെ കളക്ഷന്‍ 1.30 കോടി മാത്രം. ബോളിവുഡിനെ നിരാശപ്പെടുത്തുന്ന കണക്കുകളാണ് ഇത്. റൈസിംഗ് സണ്‍ ഫിലിംസും കിനോ വര്‍ക്സും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് റിതേഷ് ഷാ ആണ്. അഹില്യ ബംറൂ, ജോണി ലിവര്‍, പേള്‍ ഡേ, ജയന്ത് കൃപ്‍ലാനി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ALSO READ : മെജോ ജോസഫിന്‍റെ സംഗീതം; 'ഓശാന'യിലെ വീഡിയോ ഗാനം എത്തി