Minnal Murali: 'ചിലപ്പോൾ പ്രണയം എന്നത് ഒരു സൂപ്പർപവർ ആകാം'; മിന്നൽ 'ഷിബു'വിന്റെ ജീവിതവുമായി ടൊവിനോ
2021ല്‍ ഏറ്റവുമധികം റേറ്റിംഗ് ലഭിച്ച ആക്ഷന്‍, അഡ്വഞ്ചര്‍ ചിത്രങ്ങളുടെ ലിസ്റ്റിലും മിന്നല്‍ മുരളി ഇടംനേടി. പത്ത് ചിത്രങ്ങളുടെ ലിസ്റ്റില്‍ ഒന്‍പതാം സ്ഥാനത്താണ് ചിത്രം.
ടൊവിനോ- ബേസിൽ ജോസഫ്(Tovino-Basil joseph) കൂട്ടുക്കെട്ടിൽ മിന്നൽ മുരളി(Minnal Murali) എന്ന ചിത്രം പുറത്തിറങ്ങിയപ്പോൾ ഏറെ ചർച്ച ചെയ്യപ്പെട്ടത് അതിലെ വില്ലനെ കുറിച്ചായിരുന്നു. അയാളുടെ കണ്ണീരില്‍ നനഞ്ഞ ചിരി ഓരോ പ്രേക്ഷകന്റെയും ഉള്ളുലച്ചു. സിനിമയിലുടനീളം വില്ലന്‍ മാസായപ്പോള്‍ വളരെ കുറച്ചു രംഗങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെട്ട വില്ലന്‍റെ നായികയും കാഴ്ചക്കാരെ കയ്യിലെടുത്തിരുന്നു. ഷിബു എന്ന വില്ലനായി ഗുരു സോമസുന്ദരം(Guru Somasundaran) ആണ് എത്തിയത്.
ഇപ്പോഴിതാ ഷിബുവിന്റെ ജീവിതം കാണിക്കുന്ന വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. നെറ്റ്ഫ്ലിക്സിന്റെ പേജിലൂടെയാണ് വീഡിയോ റിലീസ് ചെയ്തത്. ടൊവിനോ തോമസും ബേസിലും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. 'ചിലപ്പോൾ പ്രണയം എന്നത് ഒരു സൂപ്പർപവർ ആകാം. ഒരു വില്ലന് ജന്മം കൊടുക്കാന്‍ സധിക്കുന്ന ഒന്ന്. ഷിബുവിനോട് ഹലോ പറയൂ. നിങ്ങള്‍ക്ക് വെറുക്കാന്‍ സാധിക്കാത്ത സൂപ്പര്‍ വില്ലന്‍', എന്നാണ് ടൊവിനോ വീഡിയോടൊപ്പം കുറിച്ചത്.
'ഗോദ' എന്ന സിനിമയ്ക്ക് ശേഷം ടൊവിനോ തോമസും സംവിധായകൻ ബേസിൽ ജോസഫും ഒന്നിക്കുന്ന സിനിമയാണ് മിന്നൽ മുരളി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. നെറ്റ്ഫ്ലിക്സിന്‍റെ ആഗോള ലിസ്റ്റിലെ ആദ്യ പത്തില്‍ തുടര്‍ച്ചയായ മൂന്ന് വാരങ്ങള്‍ പിന്നിട്ടു കഴിഞ്ഞു ചിത്രം.
2021ല്‍ ഏറ്റവുമധികം റേറ്റിംഗ് ലഭിച്ച ആക്ഷന്‍, അഡ്വഞ്ചര്‍ ചിത്രങ്ങളുടെ ലിസ്റ്റിലും മിന്നല്‍ മുരളി ഇടംനേടി. പത്ത് ചിത്രങ്ങളുടെ ലിസ്റ്റില്‍ ഒന്‍പതാം സ്ഥാനത്താണ് മുരളി. സ്പൈഡര്‍മാന്‍: നോ വേ ഹോം ആണ് ഒന്നാം സ്ഥാനത്ത്. രണ്ടാംസ്ഥാനത്ത് ഡ്യൂണ്‍, മൂന്നാമത് തമിഴ് ചിത്രം സര്‍പട്ട പരമ്പരൈ, നാലാമത് ദ് ലാസ്റ്റ് ഡ്യുവല്‍, അഞ്ചാമത് ദ് ഗ്രീന്‍ നൈറ്റ്, ആറാമത് ഷാങ് ചി, ഏഴാമത് ഫ്രീക്ക്സ് ഔട്ട്, എട്ടാമത് സുയിസൈഡ് സ്ക്വാഡ്, ഒന്‍പതാമത് മിന്നല്‍ മുരളി, പത്താമത് ഓള്‍ഡ് ഹെന്‍റി എന്നിങ്ങനെയാണ് ലിസ്റ്റ്.