ക്രിസ്റ്റഫറിന് ശേഷം മമ്മൂട്ടി-ഷൈൻ കോമ്പോ ? ഡിനോ ഡെന്നിസ് ചിത്രം ഏപ്രിലിൽ
റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ ക്രിസ്റ്റഫർ എന്ന ചിത്രത്തിന് ശേഷം ഷൈൻ ടോം ചാക്കോയും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്.
മലയാളികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളിൽ ഒന്ന് കലൂർ ഡെന്നിസിന്റെ മകൻ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന സിനിമയാണ്. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾക്ക് പ്രേക്ഷകരും ഏറെയാണ്. ചിത്രത്തിൽ അഭിനയിക്കുന്നവരെ സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സിനിമയിൽ മമ്മൂട്ടിക്കൊപ്പം ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിൽ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ഫ്രൈഡേ മാറ്റിനിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ ക്രിസ്റ്റഫർ എന്ന ചിത്രത്തിന് ശേഷം ഷൈൻ ടോം ചാക്കോയും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്. അതേസമയം സിനിമയുടെ ഷൂട്ടിംഗ് ഏപ്രിൽ ആദ്യവാരത്തോടെ ആരംഭിക്കുമെന്നും ഫ്രൈഡേ മാറ്റിനി ട്വീറ്റ് ചെയ്യുന്നു. ജയറാം, ആസിഫ് അലി, ആന്റണി വര്‍ഗീസ് എന്നിവര്‍ ചിത്രത്തിന്റെ ഭാഗമാകുമെന്ന റിപ്പോർട്ടുകളും ഉണ്ട്.
നിമിഷ് രവിയാകും ചിത്രത്തിന്റെ ഛായാഗ്രാഹണം. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒരു ചിത്രമായിരിക്കും ഇതെന്നും 'റോഷാക്ക്' ഒക്കെ പോലെ പുതിയ രീതിയിലുള്ള ഒരു സിനിമയായിരിക്കും ഇതെന്നും ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ജിനു എബ്രഹാം പറഞ്ഞിരുന്നു.
'പോസ്റ്ററുകൾ കീറിയിട്ടും സിനിമ ഓടുന്നെങ്കിൽ അത് വിജയം, അരുവി പതിയെ പുഴയായി മാറുന്നു'; രാമസിംഹൻ
അതേസമയം, 'കണ്ണൂര്‍ സ്‍ക്വാഡ്' എന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുക. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ അദ്ദേഹം തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണവും. നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ എന്നിവയ്ക്കു ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണ് ഇത്. മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് സുഷിൻ ശ്യാമും എഡിറ്റിംഗ് പ്രവീൺ പ്രഭാകറുമാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.