4 കെ, അറ്റ്‍മോസില്‍ 'സൂര്യ'യും 'ദേവരാജും'; കേരളത്തിലടക്കം 'ദളപതി'യുടെ ബുക്കിംഗ് തുടങ്ങി

മണി രത്നത്തിന്‍റെ സംവിധാനത്തില്‍ 1991 ല്‍ പുറത്തെത്തിയ ചിത്രം

Thalapathi re release from tomorrow rajinikanth mammootty mani ratnam santosh sivan

ഇന്ത്യന്‍ സിനിമയില്‍, വിശേഷിച്ച് തെന്നിന്ത്യന്‍ സിനിമയില്‍ റീ റിലീസുകള്‍ ട്രെന്‍ഡ് ആയിട്ട് കുറച്ചു കാലമായി. അതില്‍ത്തന്നെ രജനികാന്ത് ചിത്രങ്ങളാണ് തെന്നിന്ത്യയില്‍ നിന്ന് ഒരുപക്ഷേ ഏറ്റവുമധികം തവണ സമീപ വര്‍ഷങ്ങളില്‍ റീ റിലീസ് ചെയ്യപ്പെട്ടത്. ഇപ്പോഴിതാ മറ്റൊരു രജനി ചിത്രം കൂടി തിയറ്ററുകളിലേക്ക് വീണ്ടും എത്തുകയാണ്. രജനികാന്തിനൊപ്പം മമ്മൂട്ടിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്, മണി രത്നം രചനയും സംവിധാനവും നിര്‍വ്വഹിച്ച് 1991 ല്‍ പുറത്തെത്തിയ ദളപതി എന്ന ചിത്രമാണ് തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നത്.

രജനികാന്തിന്‍റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്‍റെ റീ റിലീസ്. ഡിസംബര്‍ 12 (വ്യാഴാഴ്ച) ആണ് രജനിയുടെ പിറന്നാള്‍. ഈ ദിവസം തമിഴ്നാട്, കര്‍ണാടകം, കേരളം എന്നീ സംസ്ഥാനങ്ങളില്‍ ചിത്രം തിയറ്ററുകളിലെത്തും. 4കെ, ഡോള്‍ബി അറ്റ്മോസ് ദൃശ്യ, ശബ്ദ വിന്യാസങ്ങളിലേക്ക് മാറ്റം വരുത്തിയുള്ള പതിപ്പാണ് പ്രേക്ഷകരെ തേടി എത്തുന്നത്. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ചിത്രത്തിന്‍റെ ഓണ്‍ലൈന്‍ ബുക്കിംഗും ആരംഭിച്ചുകഴിഞ്ഞു.

മഹാഭാരതത്തിലെ കര്‍ണന്‍, ദുര്യോധനന്‍ എന്നീ കഥാപാത്രങ്ങളെ മുന്‍നിര്‍ത്തിയാണ് മണി രത്നം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. സൂര്യ എന്ന കഥാപാത്രമായി രജനികാന്ത് എത്തുമ്പോള്‍ ദേവരാജ് ആയാണ് മമ്മൂട്ടി എത്തുന്നത്. ജി വി ഫിലിംസിന്‍റെ ബാനറില്‍ ജി വെങ്കടേശ്വരന്‍ നിര്‍മ്മിച്ച ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചത് സന്തോഷ് ശിവന്‍ ആയിരുന്നു. സംഗീതം ഇളയരാജയും. ഗൗതം രാജുവും സുരേഷ് യുആര്‍എസും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിച്ചത്. 1991 നവംബര്‍ 5 നായിരുന്നു ചിത്രത്തിന്‍റെ റിലീസ്. ചിത്രം തിയറ്ററുകളില്‍ കാണാത്ത വലിയൊരു തലമുറ പിന്നീട് ടെലിവിഷനിലൂടെയും ഒടിടിയിലൂടെയും മറ്റും ചിത്രം കണ്ടിട്ടുണ്ട്. എന്നാല്‍ ദൃശ്യപരമായ കഥപറച്ചിലിന്, അതും ഭംഗിയോടെ പറയുന്ന മണി രത്നത്തിന്‍റെ കള്‍ട്ട് ചിത്രം വീണ്ടും ബിഗ് സ്ക്രീനില്‍ കാണാന്‍ കാണികള്‍ എത്തുമെന്നാണ് വിതരണക്കാരുടെ പ്രതീക്ഷ. 

ALSO READ : തോപ്പിൽ ഭാസി, പി ഭാസ്‌കരൻ, പാറപ്പുറത്ത് എന്നിവരുടെ നൂറാം ജന്മവാർഷിക അനുസ്മരണം ഐഎഫ്എഫ്‍കെയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios