'ധനുഷിനെതിരായ ആരോപണം ഡോക്യുമെന്‍ററിക്കുള്ള പിആര്‍ ആയിരുന്നില്ലേ'? വിമർശനങ്ങളോട് ആദ്യമായി പ്രതികരിച്ച് നയൻതാര

ധനുഷിന്‍റെ മാനേജരെ താന്‍ വിളിച്ചിരുന്നെന്ന് നയന്‍താര

nayanthara reveals for the first time the reason behind allegations against dhanush before nayanthara beyond the fairy tale release

നയന്‍താരയ്ക്കെതിരായ ധനുഷിന്‍റെ വക്കീല്‍ നോട്ടീസും ധനുഷിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയുള്ള നയന്‍താരയുടെ കുറിപ്പുമൊക്കെ വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. തന്‍റെ ജീവിതത്തെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ഡോക്യുമെന്‍ററി നയന്‍താര: ബിയോണ്ട് ദി ഫെയറിടെയിലിന്‍റെ റിലീസിന് മുന്‍പാണ് ധനുഷിനെതിരായ ആരോപണങ്ങളുമായി നയന്‍താര എത്തിയത്. നിരവധിപേര്‍ അവരെ പിന്തുണച്ച് എത്തിയപ്പോള്‍ അതിലേറെപ്പേര്‍ വിമര്‍ശനവുമായും എത്തി. ഡോക്യുമെന്‍ററിക്ക് പബ്ലിസിറ്റി എന്ന നിലയിലാണ് ഈ സമയത്ത് ധനുഷിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് എന്നതായിരുന്നു വിമര്‍ശകരുടെ പ്രധാന ആരോപണം. ഇപ്പോഴിതാ ഈ വിവാദത്തില്‍ ആദ്യ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നയന്‍താര. ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നയന്‍താര പ്രതികരിക്കുന്നത്. 

"യഥാര്‍ഥത്തില്‍ നടന്നത് എന്താണെന്ന് ഞാന്‍ പറയാം. അത് ഒരു വിവാദമാക്കണമെന്ന് ഒരിക്കലും ഉദ്ദേശിച്ചിരുന്നതല്ല. ഞങ്ങളുടെ ഡോക്യുമെന്‍ററി ഇറങ്ങുന്നതിന് തൊട്ടുമുന്‍പ് അത്തരമൊരു കുറിപ്പ് ഇറക്കണമെന്നും ഉദ്ദേശിച്ചിരുന്നതല്ല. ആ ടൈമിംഗ് യാദൃശ്ചികമായി സംഭവിച്ചതാണ്. വക്കീല്‍ നോട്ടീസ് ലഭിച്ച് രണ്ട് മൂന്ന് ദിവസം അത് മനസിലാക്കാന്‍ ഞങ്ങള്‍ക്ക് വേണ്ടിവന്നു. പ്രതികരണം വേണമോ വേണ്ടയോ എന്ന് ആലോചിച്ചു. ശരിയെന്ന് എനിക്ക് തോന്നുന്ന ഒരു കാര്യത്തില്‍ പ്രതികരിക്കാന്‍ എന്തിനാണ് ഞാന്‍ ഭയക്കുന്നത് എന്ന് ചിന്തിച്ചു. എന്‍റെ ഭാഗത്ത് തെറ്റുണ്ടെങ്കിലല്ലേ ഞാന്‍ ഭയക്കേണ്ടതുള്ളൂ", നയന്‍താര പറയുന്നു

"പബ്ലിസിറ്റിക്ക് വേണ്ടി ഒരാളുടെ പ്രതിച്ഛായയ്ക്ക് കരി വാരിത്തേക്കുന്ന ആളല്ല ഞാന്‍. ഞങ്ങളെ പിന്തുണച്ച പലരും ധനുഷിന്‍റെ ആരാധകരും ആയിരുന്നു. ഞങ്ങളുടെ ഡോക്യുമെന്‍ററിക്കുള്ള പിആര്‍ ആയിരുന്നു ഞങ്ങളുടെ കുറിപ്പെന്ന് പലരും ആരോപിച്ചു. പക്ഷേ അതല്ല ശരി. അത് ഒരിക്കലും ഞങ്ങളുടെ മനസിലൂടെ പോയിട്ടില്ല. ഇതൊരു സിനിമയല്ലല്ലോ, ഡോക്യുമെന്‍ററിയല്ലേ. ഹിറ്റോ ഫ്ലോപ്പോ ആവുന്ന ഒന്ന് അല്ലല്ലോ അത്", നയന്‍താര ചോദിക്കുന്നു.

"കുറിപ്പിന് മുന്‍പ് ധനുഷിനെ ബന്ധപ്പെടാന്‍ ആത്മാര്‍ഥമായി ശ്രമിച്ചിരുന്നു. എന്താണ് പ്രശ്നം എന്ന ചോദ്യത്തിന് നേരിട്ട് ഒരു ഉത്തരം ലഭിച്ചേനെ അപ്പോള്‍. അദ്ദേഹത്തിന്‍റെ മാനേജരെ വിഘ്നേഷ് പല തവണ വിളിച്ചു. ഞങ്ങളുടെ പൊതുസുഹൃത്തുക്കള്‍ വഴി ശ്രമിച്ചു. ഫലം ഉണ്ടായില്ല. ചിത്രത്തിലെ ക്ലിപ്സ് ഉപയോഗിക്കേണ്ട എന്ന് തീരുമാനിച്ചു. അത് അദ്ദേഹത്തിന്‍റെ സിനിമയല്ലേ, എന്‍ഒസി നല്‍കയോ വേണ്ടയോ എന്ന് അദ്ദേഹത്തിന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ. പക്ഷേ ചിത്രത്തില്‍ വിഘ്നേഷ് എഴുതിയ നാല് വരികള്‍ ഞങ്ങള്‍ക്ക് ഡോക്യുമെന്‍ററിയില്‍ ഉപയോഗിക്കണമെന്ന് ശരിക്കും ആഗ്രഹം ഉണ്ടായിരുന്നു. കാരണം ഞങ്ങളുടെ ജീവിതത്തിന്‍റെ സാരാംശമായിരുന്നു അത്. ധനുഷ് ഒരു നല്ല സുഹൃത്തായിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തില്‍ കാര്യങ്ങള്‍ എങ്ങനെ മാറിയെന്ന് അറിയില്ല. ഞങ്ങള്‍ രണ്ട് പേര്‍ക്കും അവരവരുടേതായ കാരണങ്ങള്‍ ഉണ്ടാവും. അവസാനം ധനുഷിന്‍റെ മാനേജരെ ഞാന്‍ വിളിച്ചു. ആ നാല് വരികള്‍ ഉപയോഗിക്കാനും എന്‍ഒസി തന്നില്ലെങ്കിലും വേണ്ട, ധനുഷുമായി ഒന്ന് കോള്‍ കണക്റ്റ് ചെയ്യാനാണ് ഞാന്‍ മാനേജരോട് ആവശ്യപ്പെട്ടത്. പ്രശ്നം എന്താണെന്ന് മനസിലാക്കണമെന്നുണ്ടായിരുന്നു എനിക്ക്. ഞങ്ങളോട് എന്താണ് ഇത്ര ദേഷ്യമെന്നും. ആശയക്കുഴപ്പമാണെങ്കില്‍ പരിഹരിക്കണമെന്ന് ഉണ്ടായിരുന്നു. പക്ഷേ ആ ഫോണ്‍ കോളും യാഥാര്‍ഥ്യമായില്ല. അപ്പോഴും എനിക്ക് ദേഷ്യം ഉണ്ടായിരുന്നില്ല. ഡോക്യുമെന്‍ററിക്ക് വേണ്ടി വിഘ്നേഷ് പുതിയൊരു ഗാനം എഴുതി."

"ഞങ്ങളുടെ ഫോണുകളില്‍ ചിത്രീകരിച്ച ബിടിഎസ് ആണ് അവസാനം ഡോക്യുമെന്‍ററിയില്‍ ഉപയോഗിച്ചത്. അത്തരം ഫുട്ടേജുകള്‍ കരാറിന്‍റെ ഭാഗമായത് ഇപ്പോഴാണ്. പത്ത് വര്‍ഷം മുന്‍പ് അങ്ങനെ ഇല്ലായിരുന്നു. എനിക്ക് തികച്ചും അനീതിയെന്ന് തോന്നിയ ഒരു കാര്യത്തില്‍ എനിക്ക് പ്രതികരിക്കേണ്ടിവന്നു", നയന്‍താര പറഞ്ഞവസാനിപ്പിക്കുന്നു.

ALSO READ : തോപ്പിൽ ഭാസി, പി ഭാസ്‌കരൻ, പാറപ്പുറത്ത് എന്നിവരുടെ നൂറാം ജന്മവാർഷിക അനുസ്മരണം ഐഎഫ്എഫ്‍കെയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios