Meena roundup 2021 : ഹിറ്റായ 2021, റൗണ്ടപ്പ് വീഡിയോയുമായി നടി മീന
'രണ്ടായിരത്തി ഇരുപത്തിയൊന്ന്' റൗണ്ടപ്പ് വീഡിയോയുമായി നടി മീന.
ഓരോ വര്‍ഷാന്ത്യവും എല്ലാവരും കണക്കെടുപ്പുകള്‍ നടത്താറുണ്ട്. പോകുന്ന വര്‍ഷം എന്തൊക്കെ ചെയ്‍തു എന്തൊക്കെ കഴിഞ്ഞില്ല എന്നതിലേക്കുള്ള തിരിഞ്ഞുനോട്ടം. നേട്ടത്തിന്റെയും നഷ്‍ടത്തിന്റെയും കണക്കുകളാണ് ഓരോരുത്തരും വര്‍ഷാവസാനം നടത്താറുള്ളത്. ഇവിടെ ഇതാ മീന (Meena) തന്റെ കഴിഞ്ഞ വര്‍ഷത്തെ ഓരോ മാസത്തെയും പോസ്റ്റുകള്‍ റീലാക്കി പങ്കുവെച്ചിരിക്കുകയാണ്.
നടി മീനയ്‍ക്കും സംഭവബഹുലമായ ഒരു വര്‍ഷമായിരുന്നു 2021. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായ 'ദൃശ്യ'ത്തിന്റെ രണ്ടാം ഭാഗം മീന നായികയായി 2021ല്‍ റിലീസ് ചെയ്‍തു. മോഹൻലാലിന്റെ നായികയായ മീന അഭിനയിച്ച 'ദൃശ്യം 2'വും ആദ്യ ഭാഗം പോലെ വൻ ഹിറ്റായി മാറി. സിരുത്തൈ ശിവയുടെ സംവിധാനത്തിലുള്ള ചിത്രമായ 'അണ്ണാത്തെ'യില്‍ രജനികാന്തിനൊപ്പം വേഷമിട്ടു.
രജനികാന്ത് നായകനായ ഒട്ടേറെ ചിത്രങ്ങളില്‍ നായികയായ താരമാണ് മീന. ഇത്തവണ രജനികാന്തിന്റെ ജോഡിയായിട്ടല്ല ചിത്രത്തില്‍ മീന അഭിനയിച്ചതെങ്കിലും ഇൻട്രോ സീനടക്കം മികച്ചതായിരുന്നു. രജനികാന്തും മീനയും സ്‍ക്രീനില്‍ ഒന്നിച്ച് എത്തിയത് പഴയകാല ഹിറ്റുകളുടെ ഓര്‍മ പുതുക്കലുമായി. തമിഴകത്ത് ഒരിടവേളയ്‍ക്ക് ശേഷം ഹിറ്റ് സിനിമയുടെ ഭാഗമാകുകായിരുന്നു മീന.
'ദൃശ്യം രണ്ട്' തെലുങ്ക് സിനിമയിലും നായിക മീന തന്നെയായിരുന്നു. 2021ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ജീത്തു ജോസഫായിരുന്നു സംവിധാനം ചെയ്‍തത്. വെങ്കടേഷ് ആണ് 'ദൃശ്യം' ചിത്രത്തില്‍ മീനയുടെ നായകനായത്. 'നെഞ്ചങ്കള്‍' എന്ന തെലുങ്ക് ചിത്രത്തിലൂടെ ബാലതാരമായി 1982ല്‍ എത്തിയ മീന 'നവയുഗ'ത്തിലൂടെയായിരുന്നു ആദ്യമായി നായികയായത്.