'ലക്കി ഭാസ്കറി'നെ പോലെ പണമുണ്ടാക്കണം, കാറും വീടും വാങ്ങണം; ഹോസ്റ്റലിൽ നിന്ന് ഒളിച്ചോടി വിദ്യാർത്ഥികൾ
വിദ്യാർത്ഥികൾ ഹോസ്റ്റലിന്റെ മതിൽ ചാടുന്ന സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ദുൽഖർ സൽമാൻ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം ‘ലക്കി ഭാസ്കർ’ കണ്ട് പണം സമ്പാദിക്കാൻ ഹോസ്റ്റലിൽ നിന്ന് ഒളിച്ചോടി വിദ്യാർത്ഥികൾ. വിശാഖപ്പട്ടണത്തെ സെന്റ്. ആൻസ് ഹൈസ്കൂൾ വിദ്യാർത്ഥകളാണ് ഒളിച്ചോടിയത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ കിരൺ കുമാർ, കാർത്തിക്, ചരൺ തേജ, രഘു എന്നിവരാണ് ഒളിച്ചോടിയത്. ഇവർക്കുള്ള അന്വേഷണത്തിലാണ് പൊലീസ് ഇപ്പോൾ.
വിദ്യാർത്ഥികൾ ഹോസ്റ്റലിന്റെ മതിൽ ചാടുന്ന സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ലക്കി ഭാസ്കറിൽ ദുൽഖർ സൽമാന്റെ കഥാപാത്രത്തെ പോലെ നിറയെ പണം സമ്പാദിക്കണമെന്നും വീടും കാറുമെല്ലാം വാങ്ങാൻ സാധിക്കുന്ന അവസ്ഥയിലെത്തിയാലെ മടങ്ങി വരൂ എന്നുമാണ് ഈ നാല് വിദ്യാർത്ഥികളും സുഹൃത്തുക്കളോട് പറഞ്ഞതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ഒക്ടോബർ 31ന് റിലീസ് ചെയ്ത ചിത്രമാണ് ലക്കി ഭാസ്കർ. വെങ്കി അറ്റ്ലൂരി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ ഭാസ്കർ എന്ന ബാങ്ക് ജീവനക്കാരന്റെ കഥയാണ് പറയുന്നത്. മീനാക്ഷി ചൗധരി നായിക. ജി.വി. പ്രകാശ് കുമാറാണ് സംഗീതം ഒരുക്കിയത്. ആയിഷ ഖാൻ, ഹൈപ്പർ ആദി, പി. സായ് കുമാർ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്നിരുന്നു.
തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിൽ റിലീസ് ചെയ്ത ചിത്രം നിലവിൽ ഒടിടിയിൽ റിലീസ് ചെയ്തിട്ടുണ്ട്. നെറ്റ്ഫ്ലിക്സിനാണ് സ്ട്രീമിംഗ് അവകാശം. എന്നിരുന്നാലും ഇപ്പോഴും പല തിയറ്ററുകളിലും ലക്കി ഭാസ്കർ പ്രദർശിപ്പിക്കുന്നുണ്ട്. പതിനാല് മാസത്തിന് ശേഷം ദുല്‍ഖറിന്‍റേതായി റിലീസ് ചെയ്ത ചിത്രം കൂടിയായിരുന്നു ലക്കി ഭാസ്കര്‍. കിംഗ് ഓഫ് കൊത്തയാണ് മലയാളത്തില്‍ ദുല്‍ഖറിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. അഭിലാഷ് ജോഷി ആയിരുന്നു സംവിധാനം.
ഇത് പ്രണയസാഫല്യം; നടൻ രാജേഷ് മാധവനും ദീപ്തിയും വിവാഹിതരായി
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..