റൂട്ടും ഹെഡും ജയ്സ്വാളുമൊന്നുമല്ല, ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്ററെ തെരഞ്ഞെടുത്ത് റിക്കി പോണ്ടിംഗ്
ന്യൂസിലന്‍ഡിനെതിരായ ആദ്യ രണ്ട് ടെസ്റ്റിലും സെഞ്ചുറി നേടിയതോടെയാണ് ബ്രൂക്ക് ടെസ്റ്റ് റാങ്കിംഗില്‍ ജോ റൂട്ടിനെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് കയറിയത്.
ബ്രിസ്ബേന്‍: ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്‍റെ ജോ റൂട്ടും ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡും ഇന്ത്യയുടെ യുവതാരം യശസ്വി ജയ്സ്വാളുമെല്ലാം മിന്നുന്ന പ്രകടനങ്ങള്‍ പുറത്തെടുക്കുന്നുണ്ടെങ്കിലും സമകാലീന ക്രിക്കറ്റിലെ മികച്ച താരം ഇവരാരുമല്ലെന്ന് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്. ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്നലെ ഒന്നാം സ്ഥാനത്തെത്തി ഇംഗ്ലണ്ട് യുവതാരം ഹാരി ബ്രൂക്ക് ആണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മികച്ച താരമെന്ന് പോണ്ടിംഗ് പറഞ്ഞു.
ന്യൂസിലന്‍ഡിനെതിരായ ആദ്യ രണ്ട് ടെസ്റ്റിലും സെഞ്ചുറി നേടിയതോടെയാണ് ബ്രൂക്ക് ടെസ്റ്റ് റാങ്കിംഗില്‍ ജോ റൂട്ടിനെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് കയറിയത്. ഐസിസി ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനം ബ്രൂക്ക് അര്‍ഹിക്കുന്നതാണെന്നും ഐസിസി പ്രതിമാസ അവലോകനത്തില്‍ പോണ്ടിംഗ് പറഞ്ഞു.
ഹാരി ബ്രൂക്ക് നേടിയ എട്ട് ടെസ്റ്റ് സെഞ്ചുറികളില്‍ ഏഴും വിദേശത്തായിരുന്നുവെന്നതാണ് മറ്റ് താരങ്ങളില്‍ നിന്ന് ബ്രൂക്കിനെ തലമുറയുടെ താരമാക്കുന്നത്. അതുകൊണ്ട് തന്നെ നിലവിലെ ഏറ്റവും മികച്ച താരം അവനല്ലാതെ മറ്റാരുമല്ല. അവന്‍ നേടിയ എട്ടോ ഒമ്പതോ സെഞ്ചുറികള്‍ ഏഴും വിദേശത്താണ്.അതുപോലെ അവന്‍ അതിവേഗം റണ്‍സ് നേടുന്ന രീതിയും ആ ക്ലാസുമെല്ലാം അവനെ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നു. അവന്‍റെ കളി കാണാന്‍ ഞാനേറെ ഇഷ്ടപ്പെടുന്നു.
അവന്‍ തലമുറയുടെ താരമാണ്. അതുകൊണ്ടാണ് കഴിഞ്ഞ ഐപിഎല്ലില്‍ ഞാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിലായിരുന്നപ്പോള്‍ അവനെ ടീമിലെടുത്തത്. ഇപ്പോഴവന്‍ ടെസ്റ്റ് ക്രിക്കറ്റിലാണ് തിളങ്ങുന്നതെങ്കിലും വൈകാതെ മൂന്ന് ഫോര്‍മാറ്റിലും അവന്‍ മികവ് കാട്ടുമെന്ന് തനിനിക്കുറപ്പാണെന്നും പോണ്ടിംഗ് പറഞ്ഞു.
2023ലെ ഐപിഎല്ലില്‍ സണ്‍റൈസേഴ്സിനായി കളിച്ചെങ്കിലും നിരാശപ്പെടുത്തി ബ്രൂക്കിനെ കഴിഞ്ഞ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നാലു കോടി നല്‍കി ടീമിലെടുത്തെങ്കിലും വ്യക്തിപരമായ കാരണം ചൂണ്ടിക്കാട്ടി ടൂര്‍ണമെന്‍റിന് മുമ്പ് ബ്രൂക്ക് പിന്‍മാറി. എന്നാല്‍ കഴിഞ്ഞ മാസം നടന്ന ഐപിഎല്‍ മെഗാ താരലേത്തില്‍ ബ്രൂക്കിന് 6.25 കോടിക്ക് ഡല്‍ഹി വീണ്ടും ടീമിലെത്തിച്ചിരുന്നു.
കരിയറില്‍ ഇതുവരെ 23 ടെസ്റ്റുകളില്‍ കളിച്ച 25കാരനായ ബ്രൂക്ക് 61.62 ശരാശരിയില്‍ എട്ട് സെഞ്ചുറികളും 10 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടെ 2280 റണ്‍സ് നേടിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക