'മഹാലക്ഷ്മിയെ എന്തിന് കൊലപ്പെടുത്തി, എങ്ങനെ കൊലപ്പെടുത്തി'; എല്ലാം വെളിപ്പെടുത്തി കാമുകന്റെ കുറിപ്പ്
വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ ഇവർ ഭർത്താവുമായി വേർപിരിഞ്ഞാണ് താമസം. അന്വേഷണത്തിൽ, റോയിക്ക് മഹാലക്ഷ്മിയുമായി അടുപ്പമുണ്ടെന്നും ഇടയ്ക്കിടെ വിളിക്കാറുണ്ടെന്നും പൊലീസ് കണ്ടെത്തി.
ബെംഗളൂരു: ബെംഗളൂരുവിൽ 26കാരിയായ മഹാലക്ഷ്മി കൊല്ലപ്പെട്ട സംഭവത്തിൽ കാമുകന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പൊലീസ്. മഹാലക്ഷ്മിയുടെ പെരുമാറ്റത്തിൽ മടുത്താണ് ക്രൂരകൃത്യം ചെയ്തതെന്ന് കാമുകൻ മുക്തിരഞ്ജൻ റോയ് ആത്മഹത്യാ കുറിപ്പിൽ കുറിച്ചു. കഴിഞ്ഞ ദിവസമാണ് ഇയാളെ ഒഡിഷയിലെ ഗ്രാമത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അവളുടെ പെരുമാറ്റത്തിൽ എനിക്ക് മടുത്തു. വ്യക്തിപരമായ കാര്യങ്ങളിൽ വഴക്കിട്ടു. വഴക്കിനിടെ മഹാലക്ഷ്മി എന്നെ ആക്രമിച്ചു. രോഷാകുലയായ ഞാൻ അവളെ കൊന്നു- ഡയറിയിൽ ഇയാൾ വ്യക്തമാക്കി.
സെപ്തംബർ മൂന്നിനാണ് കൊല നടത്തിയതെന്നും പ്രതി തൻ്റെ ഡയറിയിൽ എഴുതിയിരുന്നു. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹം കുളിമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ആക്‌സൽ ബ്ലേഡ് ഉപയോഗിച്ച് ശരീരം 59 കഷ്ണങ്ങളാക്കി. തെളിവുകൾ ഇല്ലാതാക്കാൻ ശരീരഭാഗങ്ങൾ സൂക്ഷിക്കുകയും ബാത്ത്റൂം ആസിഡ് ഉപയോഗിച്ച് വൃത്തിയാക്കുകയും ചെയ്തു.
ആർക്കും പെട്ടെന്ന് സംശയം തോന്നാതിരിക്കാൻ വീട് വൃത്തിയാക്കുകയും ചെയ്തുവെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഒഡീഷയിലെ ഭദ്രക് ജില്ലയിലെ ഗ്രാമത്തിലാണ് റോയിയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ചയാണ് ഇയാൾ സ്വന്തം ഗ്രാമത്തിലെത്തിയത്. സെപ്തംബർ ഒന്നിനാണ് മഹാലക്ഷ്മി സ്ഥാപനത്തിൽ അവസാനമായി ജോലിക്കെത്തിയത്. അന്ന് മുതൽ ഇയാളും അവധിയിലായിരുന്നു. മഹാലക്ഷ്മിയുടെ വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് കണ്ട് അയൽവാസികളും വീട്ടുടുമായും ബന്ധുക്കളെ വിവരമറിയിച്ചതിനെ തുടർന്നാണ് സെപ്തംബർ 21ന് കൊലപാതകം പുറത്തറിഞ്ഞത്.
Read More.... ഓണത്തിന് പിരിവ് നൽകാത്തതിൽ തുടങ്ങിയ തർക്കം, ക്രൂരമർദ്ദനത്തിനിരയായി എഞ്ചിനീയറിങ് വിദ്യാർത്ഥി; പരാതിയിൽ അന്വേഷണം
മഹാലക്ഷ്മി അയൽക്കാരുമായി അധികം ഇടപഴകിയിരുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. കുറച്ചു ദിവസം അവളുടെ സഹോദരൻ അവളുടെ കൂടെ താമസിച്ചിരുന്നു. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ ഇവർ ഭർത്താവുമായി വേർപിരിഞ്ഞാണ് താമസം. അന്വേഷണത്തിൽ, റോയിക്ക് മഹാലക്ഷ്മിയുമായി അടുപ്പമുണ്ടെന്നും ഇടയ്ക്കിടെ വിളിക്കാറുണ്ടെന്നും പൊലീസ് കണ്ടെത്തി.