ആറ് സിക്‌സ് മറന്നു, ഓര്‍ത്തത് 600 വിക്കറ്റ് നേട്ടം മാത്രം; ബ്രോഡിന് ഗംഭീര അഭിനന്ദനവുമായി യുവ്‌രാജ് സിംഗ്
യുവിയുടെ ആറ് സിക്‌സില്‍ അന്ന് അവസാനിക്കേണ്ടിയിരുന്ന തന്‍റെ കരിയറിനെ പിന്നീട് ബ്രോഡ് അടയാളപ്പെടുത്തിയത് റെഡ് ബോള്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാളെന്ന വിശേഷണത്തോടെയാണ്
ഓവല്‍: 2007 സെപ്റ്റംബര്‍ 19, വേദി പ്രഥമ പുരുഷ ട്വന്‍റി 20 ലോകകപ്പ്. ഇംഗ്ലണ്ടിന്‍റെ സ്റ്റുവര്‍ട്ട് ബ്രോഡ് എന്ന 21കാരന്‍ യുവ പേസര്‍ ഒരിക്കലും ഓര്‍മ്മിക്കാന്‍ ആഗ്രഹിക്കാത്ത ദിനം. ബ്രോഡിന്‍റെ ഒരോവറിലെ ആറ് പന്തുകളും ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവ്‌രാജ് സിംഗ് സിക്‌സര്‍ പറത്തുന്നു. യുവിയുടെ ആര്‍ക്കിലേക്ക് മാത്രമല്ല, ഓഫ്സ്റ്റംപിന് പുറത്ത് വൈഡ് ലൈനില്‍ എറിഞ്ഞ പന്ത് പോലും ബൗണ്ടറിക്ക് മുകളിലൂടെ അവിശ്വസനീയമായി പാഞ്ഞു. അന്ന് അവസാനിക്കേണ്ടിയിരുന്ന തന്‍റെ കരിയറിനെ പിന്നീട് ബ്രോഡ് അടയാളപ്പെടുത്തിയത് റെഡ് ബോള്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാളെന്ന വിശേഷണത്തോടെയാണ്. ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിനൊടുവില്‍ രാജ്യാന്തര ക്രിക്കറ്റിനോട് ബ്രോഡ് ബൈ പറയുമ്പോള്‍ ഇതിഹാസമായി മാറിയ 2007ലെ തല്ലുവാങ്ങി പേസര്‍ക്ക് മനോഹരമായ ആശംസ കൈമാറിയിരിക്കുകയാണ് അന്ന് തല്ലിച്ചതച്ച സാക്ഷാല്‍ യുവി.
'സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ അവിസ്‌മരണീയ കരിയറിന് അഭിനന്ദനങ്ങള്‍ നേരുന്നു. റെഡ് ബോളിലെ ഏറ്റവും മികച്ചതും അപകടകാരിയുമായ ബൗളര്‍മാരില്‍ ഒരാളാണ് ബ്രോഡ്. ഒരു യഥാര്‍ഥ ഇതിഹാസം. നിങ്ങളുടെ ക്രിക്കറ്റ് യാത്രയും നിശ്ചയദാര്‍ഢ്യവും ഏറെ പ്രചോദിപ്പിക്കുന്നതാണ്. ജീവിതത്തിലെ അടുത്തപാദത്തിന് ആശംസകള്‍ നേരുന്നു' എന്നുമാണ് യുവിയുടെ മനോഹര ട്വീറ്റ്. ഇതിനകം യുവിയുടെയും ബ്രോഡിന്‍റേയും ആരാധകര്‍ ഈ ട്വീറ്റ് ഏറ്റെടുത്ത് കഴിഞ്ഞു. 2007ലെ ട്വന്‍റി 20 ലോകകപ്പില്‍ യുവിയോട് ഒരോവറില്‍ 36 റണ്‍സ് വഴങ്ങിയ സ്റ്റുവര്‍ട്ട് ബ്രോഡ് നാല് ഓവറില്‍ 60 റണ്‍സാണ് ആകെ വിട്ടുകൊടുത്തത്. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 19-ാം ഓവറിലായിരുന്നു ബ്രോഡിനെതിരെ യുവിയുടെ ആറ് സിക്‌സര്‍ ഷോ. ഇതോടെ 12 പന്തില്‍ യുവ്‌രാജ് സിംഗ് അര്‍ധസെഞ്ചുറി തികയ്‌ക്കുകയും ചെയ്തു.
എന്നാല്‍ യുവിയോട് ഒരോവറില്‍ ആറ് സിക്‌സുകള്‍ വാങ്ങിയ പേസറില്‍ നിന്ന് ടെസ്റ്റില്‍ 600 വിക്കറ്റ് ക്ലബിലെത്തുന്ന താരമായി സ്റ്റുവര്‍ട്ട് ബ്രോഡ് വളരുന്നതാണ് പിന്നീട് ക്രിക്കറ്റ് ലോകം കണ്ടത്. 167 ടെസ്റ്റില്‍ നിന്ന് 602 വിക്കറ്റുമായി എക്കാലത്തെയും മികച്ച റെഡ് ബോള്‍ പേസര്‍മാരില്‍ ഒരാളെന്ന വിശേഷണം സ്റ്റുവര്‍ട്ട് ബ്രോഡ് എത്തിപ്പിടിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ രണ്ടാമത്തെ പേസറാണ്. 690 വിക്കറ്റുള്ള ജിമ്മി ആന്‍ഡേഴ്‌സണ്‍ മാത്രമാണ് പേസര്‍മാരില്‍ മുന്നിലുള്ളത്. 2007 ഡിസംബറില്‍ ശ്രീലങ്കയ്‌ക്കെതിരെ ആയിരുന്നു ബ്രോഡിന്‍റെ ടെസ്റ്റ് അരങ്ങേറ്റം. 2015ല്‍ ഓസ്‌ട്രേലിയക്കെതിരെ ട്രെന്റ് ബ്രിഡ്ജില്‍ 15 റണ്‍സിന് എട്ട് വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം. 2011ല്‍ ഇന്ത്യക്കെതിരെ 5.1 ഓവറില്‍ 5 റണ്‍സിന് 5 വിക്കറ്റ് വീഴ്ത്തിയതും ശ്രദ്ധേയം. 121 ഏകദിനങ്ങളും(178 വിക്കറ്റ്), 56 ട്വന്‍റി 20കളും(65 വിക്കറ്റ്) കളിച്ച താരം നേരത്തെ തന്നെ വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ഇരു ഫോര്‍മാറ്റുകളില്‍ നിന്നും മാറിനിന്നിരുന്നു.
Read more: രോമാഞ്ചം, ഐതിഹാസികം! ഓവലില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങി സ്റ്റുവര്‍ട്ട് ബ്രോഡ്- വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം