ഷമിക്ക് ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരാം, പക്ഷേ! രണ്ട് നിബന്ധനകള്‍ മുന്നില്‍ വച്ച് ബിസിസിഐ

രണ്ട് കടമ്പകളും മറികടന്നാല്‍ ഷമിക്ക് ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരാം.

mohammed shami set to join with indian team for bgt series

മുംബൈ: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കുള്ള 18 അംഗ ടീമില്‍ ഇടം നേടിയില്ലെങ്കിലും സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്താന്‍ സാധ്യത. ഒരു വര്‍ഷത്തിന് ശേഷം പ്രൊഫഷണല്‍ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ഷമി രഞ്ജി ട്രോ ഫിയില്‍ പശ്ചിമ ബംഗാളിന് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇന്‍ഡോര്‍ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ മധ്യപ്രേദശിനെതിരായ മത്സരത്തില്‍ 19 ഓവര്‍ എറിഞ്ഞ അദ്ദേഹം നാല് മെയ്ഡനുകള്‍ ഉള്‍പ്പെടെ 54 റണ്‍സ് വിട്ടുകൊടുത്താണ് നാല് വിക്കറ്റുകള്‍ നേടിയത്.

2023 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിന് ശേഷം ഒരു ഫോര്‍മാറ്റിലും ഷമി ഇന്ത്യക്കായി കളിച്ചിട്ടില്ല. എന്നാലിപ്പോള്‍ ഷമിയെ ഓസീസിനെതിരെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് ഇന്ത്യ. എന്നാല്‍ രണ്ട് നിബന്ധനകള്‍ ബിസിസിഐ മുന്നില്‍ വച്ചിട്ടുണ്ട്. പിടിഐ റിപ്പോര്‍ട്ട് അനുസരിച്ച്, രണ്ടാം ഇന്നിംഗ്സിനെ ആശ്രയിച്ചിരിക്കും ഷമിയെ ഉള്‍പ്പെടുത്തണോ വേണ്ടയോ എന്നുള്ള കാര്യം തീരുമാനിക്കുക. രണ്ടാം ഇന്നിംഗ്‌സിന് ശേഷം അദ്ദേഹത്തിന്റെ ശരീരം എങ്ങനെ പ്രതികരിക്കുമെന്നാണ് ആദ്യ പരിശോധിക്കുക. 

മറ്റൊന്ന് മത്സരത്തിനൊടുവില്‍ ശരീരത്തില്‍ വേദനയോ വീക്കമോ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണ് ഷമിക്ക് മുന്നില്‍ വച്ചിരിക്കുന്ന മറ്റൊരു നിബന്ധന. ഈ രണ്ട് കടമ്പകളും മറികടന്നാല്‍ ഷമിക്ക് ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരാം. ഡിസംബര്‍ ആറിന് അഡ്ലെയ്ഡില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഷമിക്ക് ടീമില്‍ ചേരാന്‍ കഴിയുമെന്നും അതേ റിപ്പോര്‍ട്ട് പറയുന്നു. പിങ്ക് പന്തിലാണ് ആ ടെസ്റ്റ് നടക്കുക. ഒന്നും രണ്ടും ടെസ്റ്റുകള്‍ക്കിടയില്‍ ഇന്ത്യയും പ്രൈംമിനിസ്റ്റര്‍ ഇലവനും തമ്മില്‍ ദ്വിദിന സന്നാഹമത്സരം നടക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.

നിലവിലെ ടീമില്‍ ബുംറയ്ക്കൊപ്പം മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, ഹര്‍ഷിത് റാണ എന്നിവര്‍ അഞ്ച് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരാണ്. മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ്, നവദീപ് സൈനി എന്നിവരും റിസര്‍വ് ബൗളര്‍മാരായി ടീമിനൊപ്പമുണ്ട്.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുമ്ര (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ , ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍.

Latest Videos
Follow Us:
Download App:
  • android
  • ios