IPL 2022 : 'രോഷാകുലനായി മുത്തയ്യ'; ഇങ്ങനെ അദ്ദേഹത്തെ കണ്ടിട്ടില്ലെന്ന് ക്രിക്കറ്റ് ആരാധകര്‍- വീഡിയോ കാണാം
ജാന്‍സനിന്റെ കൃത്യതയില്ലാത്ത അവസാന ഓവറാണ് ഹൈദരാബാദിനെ ചതിച്ചത്. ആദ്യ പന്തില്‍ തന്നെ സിക്‌സ് നേടിയ തെവാട്ടിയക്ക് രണ്ടാം പന്തില്‍ സിംഗിളെടുക്കാനാണ് സാധിച്ചത്. മൂന്നാം പന്ത് റാഷിദും സിക്‌സ് നേടി.
മുംബൈ: കഴിഞ്ഞ ദിവസം ഐപിഎഎല്ലില്‍ (IPL 2022) സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ജയിച്ചെന്നുകരുതിയ മത്സരമാണ് ഗുജറാത്ത് ടൈറ്റന്‍സ് (Gujarat Titans) തട്ടിയെടുത്തത്. മാര്‍കോ ജാന്‍സന്‍ എറിഞ്ഞ അവസാന ഓവറില്‍ 21 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ അവസാന ഓവറില്‍ നാല് സിക്‌സുകള്‍ പായിച്ച് റാഷിദ് ഖാന്‍- രാഹുല്‍ തെവാട്ടിയ സംഘം ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഇതില്‍ മൂന്ന് സിക്‌സുകളും നേടിയത് റാഷിദ് ഖാനായിരുന്നു (Rashid Khan).
ജാന്‍സനിന്റെ കൃത്യതയില്ലാത്ത അവസാന ഓവറാണ് ഹൈദരാബാദിനെ ചതിച്ചത്. ആദ്യ പന്തില്‍ തന്നെ സിക്‌സ് നേടിയ തെവാട്ടിയക്ക് രണ്ടാം പന്തില്‍ സിംഗിളെടുക്കാനാണ് സാധിച്ചത്. മൂന്നാം പന്ത് റാഷിദും സിക്‌സ് നേടി. എന്നാല്‍ നാലാം പന്തില്‍ റണ്‍സൊന്നും നേടാന്‍ സാധിച്ചില്ല. അവസാന രണ്ട് പന്തുകളില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് ഒമ്പത് റണ്‍സാണ്. രണ്ട് പന്തിലും സിക്‌സ് നേടി റാഷിദ് ഖാന്‍ ഗുജറാത്തിന് വിജയം സമ്മാനിച്ചു.
ജാന്‍സനിന്റെ ഓവറിനിടെ ഹൈദരാബാദ് ആരാധകര്‍ക്കൊന്നും തൃപ്തി ഉണ്ടായിരുന്നില്ല. പ്രത്യേകിച്ച് അവരുടെ ബൗളിംഗ് പരിശീലകനും ശ്രീലങ്കയുടെ മഹാനായ താരവുമായിരുന്ന മുത്തയ്യ മുരളീധരന്. അദ്ദേഹം ഡഗ്ഗൗട്ടില്‍ തന്റെ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. പൊതുവെ ശാന്ത പ്രകൃതക്കാരനായ മുരളീധരന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു റിയാക്ഷന്‍ ഉണ്ടാകുമെന്ന് ആരും കരുതിയില്ല. അതുകൊണ്ടുതന്നെ ആ വീഡിയോ വൈറലാവുകയും ചെയ്തു.
ജാന്‍സന്‍ എറിഞ്ഞ ഒരു ഫുള്‍ ലെങ്ത് ഡെലിവറിയാണ് മുരളീധരനെ ചൊടിപ്പിച്ചത്. സകല നിയന്ത്രണവും കൈവിവിട്ട മുരളി ഡഗൗട്ടില്‍ ചാടിയെഴുന്നേറ്റ് രോഷാകുലനാവുകയായിരുന്നു. എന്തിനാണ് ഫുള്‍ ഡെലവറി എറിഞ്ഞതെന്ന ചോദ്യം അദ്ദേഹത്തിന്റെ മുഖത്ത് നിന്ന് വായിച്ചെടുക്കാമായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയിട്ടും 195 റണ്‍സ് നേടാന്‍ ഹൈദരാബാദിനായിരുന്നു. അഭിഷേക് ശര്‍മ (65), എയ്ഡന്‍ മര്‍ക്രാം (56) എന്നിവരുടെ ഫിഫ്റ്റികളും ശശാങ്ക് സിംഗിന്റെ (ആറു ബോളില്‍ 25*) തകര്‍പ്പന്‍ ഫിനിഷിങുമാണ് ഹൈദരാബാദിനെ 200നടുത്ത് അടിച്ചെടുക്കാന്‍ സഹായിച്ചത്. മറുപടി ബാറ്റിംഗില്‍ 68 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹ തിളങ്ങി. ഉമ്രാന്‍ മാലിക്കിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തില്‍ ഗുജറാത്ത് പ്രതിരോധത്തിലായെങ്കിലും റാഷിദ് (11 പന്തില്‍ 31), തെവാട്ടിയ (21 പന്തില്‍ 40) വിജയത്തിലേക്ക് നയിക്കുകയായിരുന്നു.