ഹൃദയം തകര്‍ന്ന കിംഗ് കോലി, ഇത്ര സങ്കടത്തില്‍ ആരും മുമ്പ് കണ്ടിട്ടില്ല; സ്റ്റംപ് തട്ടിത്തെറിപ്പിക്കുന്ന വീഡിയോ
ക്രിക്കറ്റ് ട്വീറ്റുകള്‍ക്ക് പ്രസിദ്ധമായ മുഫാദ്ദല്‍ വോഹ്റയാണ് ഏകദിന ലോകകപ്പ് 2023ന് ശേഷമുള്ള വിരാട് കോലിയുടെ നിരാശ ആരാധകര്‍ക്കായി പങ്കുവെച്ചത്
ദില്ലി: വീണ്ടുമൊരിക്കല്‍ക്കൂടി ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം ലോക കിരീടമില്ലാതെ വര്‍ഷം അവസാനിപ്പിക്കുന്ന കാഴ്‌ചയാണ് 2023ല്‍ കണ്ടത്. ഇന്ത്യ വേദിയായ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ടീം ഇന്ത്യ ഫൈനലില്‍ ഓസ്ട്രേലിയയോട് തോല്‍വി സമ്മതിക്കുകയായിരുന്നു. 2013ന് ശേഷമൊരു ഐസിസി കിരീടമില്ലാത്ത ഇന്ത്യന്‍ ദൈന്യത ഇതോടെ മറ്റൊരു വര്‍ഷത്തിലേക്ക് കൂടി നീണ്ടു. ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന റണ്‍മെഷീന്‍ വിരാട് കോലിക്ക് ലോകകപ്പ് തോല്‍വി കനത്ത ആഘാതമാണ് നല്‍കിയത്. ഒന്നര പതിറ്റാണ്ട് ഇന്ത്യന്‍ റണ്‍കൊയ്ത്തിന് നേതൃത്വം നല്‍കിയ കോലിക്ക് അതിനാല്‍ ഈ തോല്‍വി അവിശ്വസനീയമായി. ഓസ്ട്രേലിയക്കെതിരായ ഫൈനലിലെ തോല്‍വിക്ക് ശേഷം മൈതാനത്തുള്ള കോലിയുടെ പ്രതികരണം ഇപ്പോള്‍ ആരാധകരെയും കരയിക്കുകയാണ്.
ക്രിക്കറ്റ് ട്വീറ്റുകള്‍ക്ക് പ്രസിദ്ധമായ മുഫാദ്ദല്‍ വോഹ്റയാണ് ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023ന് ശേഷമുള്ള വിരാട് കോലിയുടെ നിരാശ ആരാധകര്‍ക്കായി പങ്കുവെച്ചത്. ആറാം ലോക കിരീടത്തില്‍ മുത്തമിട്ട് ഓസീസ് താരങ്ങള്‍ മൈതാനത്ത് ആനന്ദനൃത്തമാടുമ്പോള്‍ എല്ലാ നിരാശയും കോലി കോലിയുടെ ശരീരഭാഷയിലുണ്ടായിരുന്നു. സഹതാരങ്ങള്‍ക്ക് അരികിലേക്ക് നടന്നടുക്കവെ തന്‍റെ തൊപ്പി കൊണ്ട് ബെയ്ല്‍സ് തട്ടിത്തെറിപ്പിക്കുകയാണ് കോലി ചെയ്തത്. ലോകകപ്പ് ഫൈനല്‍ കഴിഞ്ഞ് ഒന്നര മാസത്തിനിപ്പുറം മുഫാദ്ദല്‍ വോഹ്റ എക്‌സില്‍ പങ്കുവെച്ച വീഡിയോ പതിനായിരക്കണക്കിന് ക്രിക്കറ്റ് ആരാധകരാണ് ഹൃദയവേദനയോടെ ഇതിനകം കണ്ടത്. ഇതേ വീഡിയോ 2023 നവംബറിലെ ഫൈനലിന് ശേഷവും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിരുന്നു.
ലോകകപ്പില്‍ അപരാജിത കുതിപ്പുമായി ഫൈനല്‍ വരെ എത്തിയ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന് കലാശപ്പോരില്‍ ഓസ്ട്രേലിയയോട് കാലിടറുകയായിരുന്നു. ടൂര്‍ണമെന്‍റില്‍ 765 റണ്‍സുമായി വിരാട് കോലി ഇന്ത്യന്‍ ബാറ്റിംഗ് നയിച്ചിട്ടും കങ്കാരുക്കളോട് ടീമിന് ഫൈനലില്‍ അടിയറവ് പറയേണ്ടിവന്നു. ആറ് വിക്കറ്റിനായിരുന്നു ഓസീസിന്‍റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ 240 റണ്‍സില്‍ ഓള്‍ഔട്ടായപ്പോള്‍ ഓസീസ് നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 42 പന്ത് ബാക്കിനില്‍ക്കേ ജയത്തിലെത്തി. 120 പന്തില്‍ 137 റണ്‍സെടുത്ത ഓപ്പണര്‍ ട്രാവിസ് ഹെഡാണ് ഓസീസിനെ കിരീടത്തില്‍ മുത്തമിടീച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം