അണ്ടര്‍ 19 ഏഷ്യാ കപ്പ്: ക്യാപ്റ്റന്‍ മുഹമ്മദ് അമാന് സെഞ്ചുറി, ജപ്പാനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോര്‍

ക്യാപ്റ്റൻ മുഹമ്മദ് അമാന്‍റെ സെഞ്ചുറിയുടെയും ആയുഷ് മാത്രെ, കെ പി കാര്‍ത്തികേയ എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും കരുത്തിലാണ് മികച്ച സ്കോര്‍ കുറിച്ചത്.

ACC U19 Asia Cup, 2024 India U19 vs Japan U19 Live Updates, India sets 340 runs target for Japan

ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ ജപ്പാന് 340 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റൻ മുഹമ്മദ് അമാന്‍റെ അപരാജിത സെഞ്ചുറിയുടെയും ആയുഷ് മാത്രെ, കെ പി കാര്‍ത്തികേയ എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും കരുത്തിലാണ് മികച്ച സ്കോര്‍ കുറിച്ചത്. 118 പന്തില്‍ 122 റണ്‍സുമായി പുറത്താകാതെ നിന്ന മുഹമ്മദ് അമാനാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ജപ്പാനുവേണ്ടി ഹ്യൂഗോ കെല്ലിയും കീഫര്‍ യമമോട്ടോ ലേക്കും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ ആയുഷ് മാത്രെയും വൈഭവ് സൂര്യവന്‍ശിയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കി. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 7.2 ഓവറില്‍ 65 റണ്‍സെടുത്തശേഷമാണ് വേര്‍പിരിഞ്ഞത്. 23 പന്തില്‍ 23 റണ്‍സെടുത്ത പതിമൂന്നുകാരന്‍ വൈഭവ് സൂര്യവന്‍ശിക്ക് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വലിയ സ്കോര്‍ നേടാനായില്ല.

സര്‍ഫറാസിന്‍റെ പുറത്താകല്‍ കണ്ട് രോഹിത് പൊട്ടിക്കരഞ്ഞോ?; വീഡിയോ കണ്ട് ആശയക്കുഴപ്പത്തില്‍ ആരാധകരും

മൂന്ന് ഫോറും ഒരു സിക്സും പറത്തിയാണ് വൈഭവ് 23 റണ്‍സെടുത്തത്. പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ വൈഭവ് ഒരു റണ്‍സ് മാത്രമെടുത്ത് പുറത്തായിരുന്നു. വൈഭവ് പുറത്തായതിന് പിന്നാലെ 29 പന്തില്‍ 54 റണ്‍സടിച്ച ആയുഷ് മാത്രെയും മടങ്ങി. ആറ് ഫോറും നാല് സിക്സും പറത്തിയാണ് ആയുഷ് മാത്രെ 54 റണ്‍സടിച്ചത്.

നാലാമനായി ഇറങ്ങിയ ക്യാപ്റ്റൻ മുഹമ്മദ് അമാനും ആന്ദ്രെ സിദ്ധാര്‍ത്ഥും ചേര്‍ന്ന് ഇന്ത്യയെ 100 കടത്തി. 47 പന്തില്‍ 35 റണ്‍സെടുത്ത ആന്ദ്രെ സിദ്ധാര്‍ത്ഥിനെ മടക്കിയ ഹ്യൂഗോ കെല്ലിയാണ് കൂട്ടുകെട്ട് പൊളിച്ചത്. എന്നാല്‍ കെ പി കാര്‍ത്തികേയക്കൊപ്പം 122 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയ മുഹമ്മദ് അമാന്‍ ഇന്ത്യയെ 250 കടത്തി. 50 പന്തില്‍ 57 റണ്‍സെടുത്ത കാര്‍ത്തികേയ പുറത്തായതിന് പിന്നാലെ നിഖില്‍ കുമാറിന്‍റെയും(12), ഹര്‍വന്‍ശ് സിങിന്‍റെയും(1) വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായെങ്കിലും ഹാര്‍ദ്ദിക് രാജിനെ കൂട്ടുപിടിച്ച് അവസാന ഓവറുകളില്‍ അമാന്‍ തകര്‍ത്തടിച്ചതോടെ ഇന്ത്യ 300 കടന്നു. ഹാര്‍ദ്ദിക് രാജ് 12 പന്തില്‍ 25 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ മുഹമ്മദ് അമാന്‍ 118 പന്തില്‍ ഏഴ് ബൗണ്ടറികള്‍ സഹിതമാണ് 122 റണ്‍സെടുത്തത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ ഇനി ഇഞ്ചോടിഞ്ച് പോരാട്ടം; ഇന്ത്യയുടെ ഫൈനൽ സാധ്യതകൾ

ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് തോറ്റ ഇന്ത്യൻ യുവനിരക്ക് ജപ്പാനെതിരായ മത്സരം നിര്‍ണായകമാണ്. പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ കളിച്ച മലയാളി താരം മുഹമ്മദ് ഇനാൻ ഇന്ന് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios