ആമിറുമായുള്ള വാക്‌പോര്; ഇത്തരക്കാര്‍ക്ക് സ്‌കൂള്‍ തുടങ്ങാന്‍ പാക് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് ഹര്‍ഭജന്‍

 പാകിസ്ഥാന്റെ വിജയത്തിന് പിന്നാലെ ആമിര്‍ പ്രകോപനപരമായ ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നു. തോല്‍വിക്ക് പിന്നാലെ ഹര്‍ഭജന്‍ വീട്ടിലെ തോല്‍വി തല്ലിപ്പൊട്ടിച്ചോ എന്നായിരുന്നു ആമിറിന്റെ ചോദ്യം. 

T20 World Cup Harbhajan Singh sends a message for Imran Khan after Twitter spat with Mohammad Amir

ദില്ലി: ടി20 ലോകകപ്പില്‍ (T20 World Cup) ഇന്ത്യ, പാകിസ്ഥാനോട് (INDvPAK) തോറ്റതിന് പിന്നാലെ ഹര്‍ഭജിന്‍ സിംഗും (Harbhajan Singh) മുന്‍ പാക് പേസര്‍ മുഹമ്മദ് ആമിറും (Mohammad Amir) ട്വിറ്ററില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. പാകിസ്ഥാന്റെ വിജയത്തിന് പിന്നാലെ ആമിര്‍ പ്രകോപനപരമായ ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നു. തോല്‍വിക്ക് പിന്നാലെ ഹര്‍ഭജന്‍ വീട്ടിലെ തോല്‍വി തല്ലിപ്പൊട്ടിച്ചോ എന്നായിരുന്നു ആമിറിന്റെ ചോദ്യം. 

ഇതിന് മറുപടിയായി മുമ്പ് നടന്ന ഒരു മത്സരത്തില്‍ ആമിറിന്റെ പന്തില്‍ താന്‍ സിക്സര്‍ അടിക്കുന്ന ഒരു വീഡിയോ ഭാജി പങ്കുവച്ചു. ഈ പന്ത് താങ്കളുടെ വീട്ടിലെ ടിവിയിലാണോ പതിച്ചതെന്നും വീഡിയോയ്‌ക്കൊപ്പം ഹര്‍ഭജന്‍ ചോദിക്കുന്നു. ഇതിനും ആമിറിന്റെ മറുപടിയെത്തി. പാകിസ്ഥാനെതിരെ ടെസ്റ്റില്‍ ഹര്‍ഭജനെതിരെ ഷഹീദ് അഫ്രീദി മൂന്ന് സിക്‌സുകള്‍ നേടുന്ന വീഡിയോ ആയിരുന്നത്.

ഇതിന് മറുപടിയായി ഹര്‍ഭജന്‍ 2010ല്‍ ഇംഗ്ലണ്ട്- പാക് ലോര്‍ഡ്‌സ് ടെസ്റ്റിലെ വിവാദ നോബോളിന്റെ ചിത്രം നല്‍കി. ക്രിക്കറ്റിനെ അപമാനിച്ചതിന് നിങ്ങളേയും നിങ്ങളെ പിന്തുണയ്ക്കുന്നവരേയും ഓര്‍ത്ത് ലജ്ജിക്കുന്നുവെന്ന് ഹര്‍ഭജന്‍ മറുപടി നല്‍കി. ഹര്‍ഭജന് മറുപടി നല്‍കുന്നതിന് പകരം ഒരു മോശം വാക്കാണ് ആമിര്‍ ഉപയോഗിച്ചത്. ഒടുവില്‍ ആമിറിനെ സിക്‌സടിക്കുന്ന വീഡിയോ ഒരിക്കല്‍കൂടി പങ്കുവച്ച് ഹര്‍ഭജന്‍ ട്വിറ്റര്‍ ചര്‍ച്ച അവസാനിപ്പിച്ചു. 

എന്നാല്‍ ഹര്‍ഭജന്റെ രോഷം തീര്‍ന്നില്ല. ടെലിവിഷന്‍ ചര്‍ച്ചയിലും അദ്ദേഹം ആമിറിനെതിരെ ആഞ്ഞടിച്ചു. ആമിറിനെ പോലെയുള്ളവരെ പഠിപ്പിക്കാന്‍ സ്‌കൂള്‍ തുറക്കണമെന്നാണ് ഹര്‍ഭജന്‍ പാക് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ഹര്‍ഭജന്‍ പറയുന്നതിങ്ങനെ... ''മുതിര്‍ന്ന ആള്‍ക്കാരോട് എങ്ങനെ സംസാരിക്കണമെന്ന് ആമിര്‍ പഠിക്കേണ്ടതുണ്ട്. ഇപ്പോഴും വസീം അക്രമിനെ പോലെയുള്ള ക്രിക്കറ്റ് താരങ്ങളോടെ വളരെ ബഹുമാനത്തോടെയാണ് ഇന്ത്യക്കാര്‍ സംസാരിക്കുന്നത്. എന്നാല്‍ ആമിറിനെ പോലെയുള്ള ആളുകളില്‍ നിന്ന് അത് പ്രതീക്ഷിക്കുന്നില്ല. ഇതുപോലെ പക്വതയില്ലാതെ പെരുമാറുന്ന കുട്ടികള്‍ക്ക് സ്‌കൂള്‍ തുറക്കണമെന്ന് ഞാന്‍ പാക് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയാണ്.

ഞാനും ഷൊയ്ബ് അക്തറും തമ്മിലുള്ള സംസാരം പോലെയല്ല ഇത്. ഞങ്ങള്‍ തമ്മില്‍ പരസ്പരം അറിയാം. ഒരുമിച്ച് ധാരാളം കളിച്ചിട്ടുണ്ട്. പക്ഷേ, ആമിര്‍ ആരാണ്? ലോര്‍ഡ്സില്‍ ഒത്തുകളിക്ക് ശിക്ഷിക്കപ്പെട്ടതല്ലേ അവന്‍. എങ്ങനെയാണ് വിശ്വസിക്കുക. വളരെ കുറച്ച് മത്സരവും കളിച്ചിട്ട് പണത്തിന് വേണ്ടി രാജ്യത്തെ ഒറ്റുകൊടുത്തു. സ്വന്തം രാജ്യത്തെ വിറ്റ് ക്രിക്കറ്റ് താരത്തോട് ഞാന്‍ സംസാരിക്കാന്‍ പാടില്ലായിരുന്നു. ആരോടാണ് സംസാരിക്കുന്നതെന്ന് ആമിറിനെ പോലെയുള്ളവര്‍ക്ക് അറിയില്ല.'' ഹര്‍ഭജന്‍ പറഞ്ഞു.

നിലവില്‍ പാക് ടീമില്‍ നിന്ന് പുറത്താണ് ആമിര്‍. 2020 ഡിസംബറില്‍ ആമിര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അടുത്തിടെ അദ്ദേഹം ടീമില്‍ തിരിച്ചുവരാന്‍ ഒരുക്കമാണെന്ന് അറിയിച്ചു. എന്നാല്‍ താരത്തെ ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചില്ല.

Latest Videos
Follow Us:
Download App:
  • android
  • ios