IPL 2022 : 'അവനില്‍ വിശ്വാസമുണ്ടായിരുന്നു'; റിയാന്‍ പരാഗിനെ പുകഴ്ത്തി സഞ്ജു സാംസണ്‍
താരമത്യേന ചെറിയ സ്‌കോര്‍ ആയിരുന്നിട്ടും ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ സഞ്ജുവിനായിരുന്നു. ഫീല്‍ഡ് പ്ലേസിംഗും ബൗളിംഗ് മാറ്റങ്ങളുമെല്ലാം ഫലം കണ്ടു. 29 റണ്‍സിന്റെ ജയമാണ് രാജസ്ഥാന്‍ (Rajasthan Royals) സ്വന്തമാക്കിയത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനും രാജസ്ഥാനായി.
പൂനെ: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ (RCB) വിജയത്തിന് ശേഷം രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്റെ (Sanju Samson) ക്യാപ്റ്റന്‍സി വാഴ്ത്തപ്പെട്ടിരുന്നു. താരമത്യേന ചെറിയ സ്‌കോര്‍ ആയിരുന്നിട്ടും ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ സഞ്ജുവിനായിരുന്നു. ഫീല്‍ഡ് പ്ലേസിംഗും ബൗളിംഗ് മാറ്റങ്ങളുമെല്ലാം ഫലം കണ്ടു. 29 റണ്‍സിന്റെ ജയമാണ് രാജസ്ഥാന്‍ (Rajasthan Royals) സ്വന്തമാക്കിയത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനും രാജസ്ഥാനായി. എട്ട് മത്സരങ്ങളില്‍ ആറിലും ജയിച്ച രാജസ്ഥാന്‍ 12 പോയിന്റോടെ ഒന്നാമതാണ്.
വിജയത്തില്‍ സഞ്ജു സന്തോഷവാനാണ്. ഇക്കാര്യം മത്സരശേഷം സഞ്ജു പ്രകടിപ്പിക്കുകയും ചെയ്തു. സഞ്ജു വിശദീകരിക്കുന്നതിങ്ങനെ... ''ഞങ്ങളെ സംബന്ധിച്ചിടത്തോളം മഹത്തായ വിജയമാണിത്. റിയാന്‍ പരാഗില്‍ ടീമിന് വിശ്വാസമുണ്ടായിരുന്നു. അവസാന മൂന്നോ, നാലോ വര്‍ഷമായി രാജസ്ഥാന്‍ റോയല്‍സ് അവനെ പിന്തുണയ്ക്കുന്നുണ്ട്. ഇന്ന് പരാഗിന്റെ ദിവസമായിരുന്നു. 10-15 റണ്‍സ് കുറവായിരുന്നുവെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ഈര്‍പ്പം ഉണ്ടായിരുന്നില്ല. മാത്രമല്ല, സ്പിന്നര്‍മാരേയും പേസര്‍മാരേയും മാറിമാറി സഹായിച്ചു.
ഇതുവരെ ടീമിലെ എല്ലാവരും മാച്ച് വിന്നിംഗ്് ഇന്നിംഗ്‌സുകള്‍ പുറത്തെടുത്തുകഴിഞ്ഞു. ബൗളര്‍മാരുടെ കാര്യവും അങ്ങനെ തന്നെ. ബാറ്റ്‌സ്മാനെ സമ്മര്‍ദ്ദത്തിലാക്കുകയെന്നത് മാത്രമായിരുന്നു ഞങ്ങളുട തന്ത്രം. അത് വിജയിക്കുകയും ചെയ്തു. ഡ്രസിംഗ് റൂം അന്തരീക്ഷം വളരെയേറെ പ്രധാനപ്പെട്ടതാണ്. പിച്ചിന്റെ സ്വഭാവത്തിന് അനുസരിച്ചാണ് ഇന്ന് രണ്ട് മാറ്റങ്ങള്‍ വരുത്തിയത്.
കരുണ്‍ നായരെ ഇന്ന് പുറത്തിരുത്തിയതിന്റെ കാരണം അവന് മനസിലാവും. ഡാരില്‍ മിച്ചലിന്റെ ഒരു ഓവര്‍ ടീമിന് അനിവാര്യമായിരുന്നു. ഇക്കാര്യം കരുണിന് അറിയാം. കരുണ്‍ വൈകാതെ ടീമിലെത്തുകയും ചെയ്യും.'' സഞ്ജു പറഞ്ഞു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ 19.3 ഓവറില്‍ 115ന് എല്ലാവരും പുറത്തായി.
നാല് വിക്കറ്റ് നേടിയ കുല്‍ദീപ് സെന്‍, മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിന്‍ എന്നിവരാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ബാറ്റിംഗില്‍ 31 പന്തില്‍ പുറത്താവാതെ 56 റണ്‍സെടുത്ത റിയാന്‍ പരാഗാണ് പ്ലയര്‍ ഓഫ് ദ മാച്ച്.