ഗുജറാത്ത് ടൈറ്റൻസില്‍ മുഹമ്മദ് ഷമിയുടെ പകരക്കാരനായി എത്തുന്നത് മലയാളി പേസര്‍
ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യൻസ് താരമായിരുന്ന സന്ദീപിനെ ഇത്തവണ മിനി താരലേലത്തില്‍ ആരും ടീമിലെടുത്തിരുന്നില്ല.
അഹമ്മദാബാദ്: ഐപിഎല്‍ ആവേശത്തിന് കൊടി ഉയരാനിരിക്കെ പരിക്കുമൂലം പുറത്തായ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയുടെ പകരക്കാരനെ പ്രഖ്യാപിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. മലയാളി പേസര്‍ സന്ദീപ് വാര്യരെയാണ് ഷമിയുടെ പകരക്കാരനായി ഗുജറാത്ത് ടീമിലെടുത്തത്. ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്നാടിനുവേണ്ടിയാണ് സന്ദീപ് ഇപ്പോള്‍ കളിക്കുന്നത്.
ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യൻസ് താരമായിരുന്ന സന്ദീപിനെ ഇത്തവണ മിനി താരലേലത്തില്‍ ആരും ടീമിലെടുത്തിരുന്നില്ല. ലോകകപ്പിന് പിന്നാലെ മുഹമ്മദ് ഷമി പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായി പുറത്തായതോടെ ടീമില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ കുറവ് വന്നതോടെയാണ് ഗുജറാത്ത് ഐപിഎല്ലില്‍ പരിചയസമ്പന്നനായ ബൗളറായ സന്ദീപിനെ ടീമിലെത്തിച്ചത്. 50 ലക്ഷം രൂപക്കാണ് സന്ദീപിനെ ഗുജറാത്ത് ടീമിലെത്തിച്ചത്.
ഐപിഎല്ലില്‍ മുമ്പ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍,കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകളിലും 32കാരനായ സന്ദീപ് കളിച്ചിട്ടുണ്ട്. 2013-2015 സീസണുകളിലാണ് സന്ദീപ് ആര്‍സിബിക്കായി കളിച്ചത്. 2019-2021 സീസണുകളില്‍ കൊല്‍ക്കത്തക്കായും കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യൻസിനായും കളിച്ചു. 2021 ജൂലൈയിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യൻ കുപ്പായത്തിലും സന്ദീപ് അരങ്ങേറിയിരുന്നു. ഇതുവരെ അഞ്ച് ഐപിഎല്‍ മത്സരങ്ങളില്‍ പന്തെറിഞ്ഞിട്ടുള്ള സന്ദീപിന് 7.88 ഇക്കോണമിയില്‍ രണ്ട് വിക്കറ്റുകള്‍ മാത്രമാണ് വീഴ്ത്താനായത്.
🚨 Announcement 🚨
— Gujarat Titans (@gujarat_titans) March 21, 2024
Sandeep Warrier replaces Mohammad Shami in our squad for the #TATAIPL2024#AavaDe | #GTKarshe pic.twitter.com/U4kAAwjwVl
ഞാറാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരെ ആണ് ഐപിഎല്ലില്‍ ഗുജറാത്തിന്‍റെ ആദ്യ മത്സരം. ആദ്യ സീസണില്‍ തന്നെ കിരീടം നേടി ഞെട്ടിച്ച ഗുജറാത്ത് ടൈറ്റന്‍സ് കഴിഞ്ഞ സീസണില്‍ ഫൈനലിലുമെത്തിയിരുന്നു. ഹാര്‍ദ്ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സ് നായകനായി പോയതിനാല്‍ യുവതാരം ശുഭ്മാന്‍ ഗില്ലാണ് ഇത്തവണ കൊല്‍ക്കത്തയെ നയിക്കുന്നത്.
ഗുജറാത്ത് ടൈറ്റന്‍സ് സ്ക്വാഡ്: ശുഭ്മാന്‍ ഗിൽ (ക്യാപ്റ്റൻ), ഡേവിഡ് മില്ലർ, മാത്യു വെയ്ഡ്, വൃദ്ധിമാൻ സാഹ, കെയ്ൻ വില്യംസൺ, അഭിനവ് മനോഹർ, ബി. സായ് സുദർശൻ, ദർശൻ നൽകണ്ടെ, വിജയ് ശങ്കർ, ജയന്ത് യാദവ്, രാഹുൽ തെവാട്ടിയ, നൂർ അഹമ്മദ്, സായ് കിഷോർ, റാഷിദ് ഖാൻ, ജോഷ് ലിറ്റിൽ, മോഹിത് ശർമ, അസ്മത്തുള്ള ഒമർസായി, ഉമേഷ് യാദവ്, ഷാരൂഖ് ഖാൻ, സുശാന്ത് മിശ്ര, കാർത്തിക് ത്യാഗി, മാനവ് സുത്താർ, സ്പെൻസർ ജോൺസൺ, സന്ദീപ് വാര്യര്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക