Asianet News MalayalamAsianet News Malayalam

റൂട്ട് ഡബിളും ബ്രൂക്ക് ട്രിപ്പിളുമടിച്ചപ്പോൾ 'സെഞ്ചുറി'അടിച്ചത് 6 ബൗളർമാർ; നാണക്കേടിന്‍റെ പടുകുഴിയിൽ പാകിസ്ഥാൻ

 ഇംഗ്ലണ്ട് ഇന്നിംഗ്സിലാകെ പാകിസ്ഥാൻ ബൗളര്‍മാര്‍ എറിഞ്ഞത് ഒരേയൊരു മെയ്ഡിൻ ഓവറായിരുന്നു. ഷഹീന്‍ അഫ്രീദിയായിരുന്നു അതെറിഞ്ഞത്.

Pak Bowlers registers unwanted record, 6 bowlers concedes more than 100 runs vs England
Author
First Published Oct 11, 2024, 2:53 PM IST | Last Updated Oct 11, 2024, 2:53 PM IST

മുള്‍ട്ടാനില്‍: ആദ്യ ഇന്നിംഗ്സില്‍ 556 റണ്‍സടിച്ചിട്ടും ഇംന്നിംഗ്സ് തോല്‍വി വഴങ്ങി നാണംകെട്ട പാകിസ്ഥാന് മറ്റൊരു നാണക്കേട് കൂടി. ഹാരി ബ്രൂക്കിന്‍റെയും ജോ റൂട്ടിന്‍റെയും കടന്നാക്രമണത്തില്‍ ആറ് പാക് ബൗളര്‍മാരാണ് മത്സരത്തില്‍ 'സെഞ്ചുറി' അടിച്ചത്. ഏഴ് ബൗളര്‍മാര്‍ പാകിസ്ഥാനായി പന്തെറിഞ്ഞതില്‍ ആറ് ബൗളര്‍മാരും 100ലേറെ റണ്‍സ് വഴങ്ങി 'സെഞ്ചുറി' അടിച്ചു. രണ്ടോവര്‍ മാത്രം എറിഞ്ഞ സൗദ് ഷക്കീല്‍ മാത്രമാണ് പന്തെടുത്തവരില്‍ സെഞ്ചുറി അടിക്കാതിരുന്ന ഒരേയൊരു പാക് ബൗളര്‍.

പാകിസ്ഥാന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 553 റണ്‍സിന് മറുപടിയായി ഇംഗ്ലണ്ട് നാലാം ദിനം 150 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 823 റണ്‍സടിച്ച് ഡിക്ലയര്‍ ചെയ്തത്. ഇംഗ്ലണ്ട് ഇന്നിംഗ്സിലാകെ പാകിസ്ഥാൻ ബൗളര്‍മാര്‍ എറിഞ്ഞത് ഒരേയൊരു മെയ്ഡിൻ ഓവറായിരുന്നു. ഷഹീന്‍ അഫ്രീദിയായിരുന്നു അതെറിഞ്ഞത്. മത്സരത്തില്‍ ഓവറില്‍ അഞ്ചില്‍ താഴെ റണ്‍സ് വഴങ്ങിയ ഒരേയൊരു പാക് ബൗളറും ഷഹീന്‍ അഫ്രീദിയാണ്. 26 ഓവര്‍ എറിഞ്ഞ അഫ്രീദി ഒരു മെയ്ഡിന്‍ അടക്കം 120 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തപ്പോള്‍ നസീം ഷാ 31 ഓവറില്‍ 157 റണ്‍സ് വഴങ്ങിയാണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്.

അബ്രാര്‍ അഹമ്മദ് 35 ഓവറില്‍ 174 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും വീഴ്ത്താനായില്ല. ആമിര്‍ ജമാല്‍ 24 ഓവറില്‍ 126 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആഗ സല്‍മാന്‍ 18 ഓവറില്‍ 118 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും സയ്യിം അയൂബ് 14 ഓവറില്‍ 101 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും വീഴ്ത്തി. രണ്ടോവര്‍ മാത്രമെറിഞ്ഞ സൗദ് ഷക്കീല്‍ 14 റണ്‍സ് വഴങ്ങി.

ആദ്യ ഇന്നിംഗ്സില്‍ പാകിസ്ഥാന്‍ 556  റണ്‍സടിച്ചെങ്കിലും ബൗളര്‍മാരില്‍ രണ്ട് പേര്‍ മാത്രമെ 100 റണ്‍സിലേറെ വഴങ്ങിയുള്ളു. 160 റണ്‍സ് വഴങ്ങിയ ജാക്ക് ലീച്ചും 124 റണ്‍സ് വഴങ്ങിയ ഷൊയ്ബ് ബഷീറും. ബാറ്റിംഗിന് അനുകൂലമായി പിച്ചായിരുന്നിട്ടും ഒരു ഇംഗ്ലണ്ട് ബൗളര്‍ പോലും മത്സരത്തില്‍ അഞ്ച് റണ്‍സിലേറെ വഴങ്ങിയതുമില്ല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios