പ്രതിസന്ധികളെ അതിജീവിക്കുമോ മഹീന്ദ്രന്‍?: രസകരമായ സീരിസ് ജയ് മഹേന്ദ്രന്‍ -റിവ്യൂ
സോണി ലിവില്‍ സ്ട്രീമിംഗ് ആരംഭിച്ച ആദ്യ മലയാളം വെബ് സീരിസായ 'ജയ് മഹേന്ദ്രന്‍', പലാഴിക്കുളം താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ മഹീന്ദ്രന്‍റെ കഥ പറയുന്നു.
സോണി ലിവില്‍ സ്ട്രീമിംഗ് ആരംഭിച്ച ആദ്യത്തെ മലയാളം വെബ് സീരിസാണ് 'ജയ് മഹേന്ദ്രന്‍'. വളരെ രസകരവും ഒപ്പം മികച്ച കഥാ മുഹൂര്‍ത്തങ്ങളും നിറഞ്ഞ സീരിസ് ശരിക്കും അസ്വാദകര്‍ക്ക് ഒരു ചെറുചിരിയോടെ അസ്വദിക്കാന്‍ കഴിയുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
തലസ്ഥാനത്തെ പലാഴിക്കുളം താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസില്‍ദാറാണ് മഹീന്ദ്രന്‍. ഭരണകക്ഷിയുടെ സര്‍വീസ് സംഘടനയുടെ നേതൃത്വത്തില്‍ ആ ഓഫീസ് ഭരിക്കുന്നത് അയാളാണെന്ന് പറയാം. ഒപ്പം ബാലു എന്ന കീഴ് ഉദ്യോഗസ്ഥനും ഉണ്ട്. സാധാരണ ഒരു സര്‍ക്കാര്‍ ഓഫീസിന്‍റെ പ്രശ്നങ്ങളും സങ്കീര്‍ണ്ണതകളും എല്ലാം ഈ ഓഫീസിലും കാണാം.
ഗര്‍ഭിണിയായ ഭാര്യയുമായി താമസിക്കുന്ന മഹീന്ദ്രന് ഓഫീസിലും പുറത്തും ശത്രുക്കള്‍ ഉണ്ട്. എന്നാല്‍ ഒരു രാഷ്ട്രീയക്കാരന്‍റെ കൗശലവുമായി തനിക്ക് പ്രതിസന്ധി ഉണ്ടാക്കുന്ന സന്ദര്‍ഭങ്ങളില്‍ മഹീന്ദ്രന്‍ വളരെ തന്ത്രപൂര്‍വ്വം രക്ഷപ്പെടുന്നുണ്ട്. ആ ഇടയ്ക്കാണ് മഹീന്ദ്രന്‍റെ പ്രതീക്ഷകള്‍ എല്ലാം തെറ്റിച്ച് പുതിയ തഹസില്‍ദാര്‍ ചാര്‍ജ് എടുക്കുന്നത്.
അതോടെ മഹീന്ദ്രന്‍ കൂടുതല്‍ കുരുക്കിലാകുന്നു. ഓഫീസില്‍ പഴയ ഭരണം നടക്കുന്നില്ല. കാര്യങ്ങള്‍ അയാള്‍ വിചാരിച്ചത് പോലെ പോകുന്നില്ല. പക്ഷെ അതിനിടയില്‍ ഇടിത്തീപോലെ തന്‍റെ ജോലി തന്നെ അപകടത്തിലാകുന്ന കുരുക്കില്‍ മഹീന്ദ്രന്‍ അകപ്പെടുന്നു. ഇതില്‍ നിന്നും മഹീന്ദ്രന്‍ രക്ഷപ്പെടുമോ, ഈ പ്രതിസന്ധിയെ ഏത് തരത്തില്‍ അയാള്‍ മറികടക്കും എന്നതാണ് രസകരമായ രീതിയില്‍ ഈ സീരിസ് പറയുന്നുത്.
വളരെ സമകാലിക പ്രസക്തമായ രീതിയില്‍ സീരിസ് ഒരുക്കിയിട്ടുണ്ട് ഇതിന്‍റെ അണിയറക്കാര്‍. ഒരു സാധാരണ റവന്യൂ ഓഫീസില്‍ ചെന്നാല്‍ ഒരു സാധാരണക്കാരന്‍ നേരിടുന്ന പ്രയാസങ്ങളെ ഹാസ്യ രൂപത്തിലും അല്ലാത്ത രീതിയിലും ഗംഭീരമായി തന്നെ സീരിസ് കാണിച്ചു തരുന്നു. ഒപ്പം മറ്റൊരു തരത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും പലപ്പോഴും സീരിസ് അതിന്‍റെ കാഴ്ചകള്‍ കാണിക്കുന്നുണ്ട്.
ദേശീയ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയ രാഹുല്‍ റിജി നായരാണ് സീരിസിന്‍റെ രചനയും ക്രിയേഷനും നിര്‍മ്മാണവും. രചനയിലും സീരിസിന്‍റെ മൊത്തത്തിലുള്ള കെട്ടുറപ്പിലും തന്‍റെ സിനിമ പരിചയം ഷോ ക്രിയേറ്റര്‍ ഗംഭീരമായി തന്നെ ഉപയോഗിച്ചിട്ടുണ്ട്. ഒപ്പം തന്നെ മികച്ചൊരു കാസ്റ്റ് തന്നെയാണ് ഈ സീരിസില്‍ അണിനിരക്കുന്നത്. ടൈറ്റില്‍ റോളില്‍ എത്തിയ സൈജു കുറുപ്പ് വളരെ മനോഹരമായി സീരിസില്‍ ഉടനീളം മഹീന്ദ്രനായി നിറഞ്ഞു നില്‍ക്കുന്നുണ്ട്.
സുഹാസിനി മണിരത്നം, മിയ, സുരേഷ് കൃഷ്ണ, ബാലചന്ദ്രൻ ചുള്ളിക്കാട്, വിഷ്ണു ഗോവിന്ദൻ, സിദ്ധാർഥ ശിവ, മണിയന്‍പിള്ള രാജു, ജോണി ആന്‍റണി ഇങ്ങനെ വലുതും ചെറുതുമായി വന്നുപോകുന്ന ഒരോ താരത്തിനും കൃത്യമായ സ്ക്രീന്‍ ഇടം നല്‍കിയാണ് സീരിസ് മുന്നോട്ട് പോകുന്നത്.
മുപ്പത് മിനുട്ട് നീളമുള്ള ആറോളം എപ്പിസോഡുകളിലാണ് സോണി ലിവില്‍ 'ജയ് മഹേന്ദ്രന്‍' സ്ട്രീം ചെയ്യുന്നത്. ഒരു രസകരമായ സിനിമ ആസ്വദിക്കാന്‍ കഴിയുന്ന രീതിയില്‍ ഒരു ബിംഗ് വാച്ചിലൂടെ മഹീന്ദ്രന്‍റെ ലോകത്തിലൂടെ അയാളുടെ ചുറ്റുമുള്ള ലോകത്തിലൂടെ നമ്മുക്ക് യാത്ര ചെയ്യാന്‍ സാധിക്കും. ഒപ്പം വളരെ കാലിക പ്രസക്തമായ കഥയും അസ്വദിക്കാം.
ഒടിടിയില്‍ വീണ്ടും തരംഗം തീര്‍ക്കാന്‍ സൈജു കുറുപ്പ്; 'ജയ് മഹേന്ദ്രന്‍' സ്ട്രീമിംഗ് ആരംഭിച്ചു
'വാഗ്ദാനങ്ങളില്‍ വീഴാത്ത മനുഷ്യരുണ്ടോ ?'; സൈജു കുറിപ്പിന്‍റെ 'ജയ് മഹേന്ദ്രന്‍റെ' ട്രെയിലര്‍