നഷ്ടമാക്കിയ അവസരങ്ങളെക്കുറിച്ചോര്‍ത്ത് സഞ്ജുവിനും അഭിഷേകിനും ഭാവിയില്‍ ദു:ഖിക്കേണ്ടിവരും; ആകാശ് ചോപ്ര
ബംഗ്ലാദേശിനെതിരെ ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത അഭിഷേക് ശര്‍മയും സഞ്ജു സാംസണും മികച്ച പ്രകടനം പുറത്തെടുക്കാതിരുന്നതിനെതിരെ മുന്‍ താരം ആകാശ് ചോപ്ര.
ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഓപ്പണര്‍മാരായി ഇറങ്ങാന്‍ അവസരം കിട്ടിയിട്ടും വലിയ സ്കോര്‍ നേടാനാവാതിരുന്ന മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശര്‍മക്കും ഭാവിയില്‍ ദു:ഖിക്കേണ്ടിവരുമെന്ന് മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര. രണ്ടുപേര്‍ക്കും ആദ്യ രണ്ട് മത്സരങ്ങളിലും നല്ല തുടക്കം ലഭിച്ചെങ്കിലും വലിയ സ്കോര്‍ നേടാനായിരുന്നില്ല. അഭിഷേക് ആദ്യ മത്സരത്തില്‍ സഞ്ജുവുമായുള്ള ധാരണപ്പിശകില്‍ 7 പന്തില്‍ 16 റണ്‍സെടുത്ത് റണ്ണൗട്ടായപ്പോള്‍ സഞ്ജു 19 പന്തില്‍ 29 റണ്‍സെടുത്ത് പുറത്തായി.
രണ്ടാം മത്സരത്തിലാകട്ടെ ആദ്യ ഓവറില്‍ രണ്ട് ബൗണ്ടറി അടിച്ച് തുടങ്ങിയ സഞ്ജു 7 പന്തില്‍ 10 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ അഭിഷേക് 11 പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായിരുന്നു. ദില്ലിയില്‍ തുടക്കത്തില്‍ ബാറ്റിംഗ് ദുഷ്കരമായിരുന്നെങ്കിലും പിടിച്ചു നിന്നാല്‍ റണ്ണടിക്കാന്‍ പറ്റുമെന്ന് നിതീഷ് റെഡ്ഡിയും റിങ്കുവും തെളിയിച്ചതാണെന്ന് ആകാശ് ചോപ്ര യുട്യൂബ് വീഡിയോയില്‍ പറഞ്ഞു.
നല്ല തുടക്കം ലഭിച്ചിട്ടും വിക്കറ്റ് വെറുതെ വലിച്ചെറിയുന്നത് അത്ര നല്ല ശീലമല്ല. നല്ലതുടക്കങ്ങള്‍ വലിയ സ്കോറാക്കി മാറ്റാനാണ് ശ്രമിക്കേണ്ടത്. ബംഗ്ലാദേശിനെതിരായ പരമ്പര കഴിഞ്ഞാല്‍ ഇന്ത്യ അടുത്ത മാസം ദക്ഷിണാഫ്രിക്കക്കെതിരെ നാലു മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ കളിക്കുന്നുണ്ട്. ഈ പരമ്പരയില്‍ യശസ്വി ജയ്സ്വാളും റുതുരുാജ് ഗെയ്ക്‌വാദും ശുഭ്മാന്‍ ഗില്ലുമെല്ലാം തിരിച്ചെത്തില്ലെന്ന് ആര് കണ്ടു. ഇവര്‍ക്ക് പുറമെ ഇഷാന്‍ കിഷനും വൈകാതെ സെലക്ടര്‍മാരുടെ വാതിലില്‍ മുട്ടി തുടങ്ങും. ഇതോടെ ഓപ്പണര്‍മാരായി അഞ്ച് പേരാകും ടീമില്‍.
ഈ സാഹചര്യത്തില്‍ സഞ്ജുവിനെയും അഭിഷേകിനെയും വീണ്ടും പരിഗണിക്കണമെങ്കില്‍ ബംഗ്ലാദേശിനെതിരെ കിട്ടിയ അവസരത്തില്‍ വലിയൊരു സ്കോര്‍ നേടണമായിരുന്നു. രണ്ട് മത്സരങ്ങള്‍ കഴിഞ്ഞുപോയി. ഇനിയൊരവസരം മാത്രമാണ് ബാക്കിയുള്ളത്. ആദ്യ രണ്ട് കളിയിലും നിങ്ങള്‍ക്ക് ടീമിനായി കാര്യമായി ഒന്നും ചെയ്യാനായിട്ടില്ല. ക്രീസിലെത്തുമ്പോള്‍ 20 ഓവര്‍ നിങ്ങൾക്ക് മുന്നിലുണ്ട്. അത് പരമാവധി ഉപയോഗിക്കാനാണ് ശ്രമിക്കേണ്ടത്. ഇല്ലെങ്കില്‍ ഭാവിയില്‍ നഷ്ടമാക്കിയ അവസരങ്ങളെക്കുറിച്ചോര്‍ത്ത് നിങ്ങള്‍ക്ക് ദു:ഖിക്കേണ്ടിവരുമെന്നും ആകാശ് ചോപ്ര പറഞ്ഞു.
ഇന്ത്യ-ബംഗ്ലാദേശ് ടി20 പരമ്പരയിലെ മൂന്നാം ടി20 നാളെ ഹൈദരാബാദില്‍ നടക്കാനിരിക്കെയാണ് ആകാശ് ചോപ്ര ഇരുവര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക