Asianet News MalayalamAsianet News Malayalam

കേരളത്തിലിതാദ്യം, മൂന്ന് കോടി രൂപ വരെ സാമ്പത്തിക സഹായം, ഉയരുന്നത് 30 സ്വകാര്യ വ്യവസായ പാർക്കുകൾ

14 ജില്ലകളിലും സ്വകാര്യ വ്യവസായ പാർക്കുകളുടെ പ്രവർത്തനം ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പി രാജീവ്

first time in kerala 30 private industrial parks construction on progress financial assistance from govt up to 3 crore
Author
First Published Oct 11, 2024, 2:34 PM IST | Last Updated Oct 11, 2024, 2:34 PM IST

തിരുവനന്തപുരം: 30 സ്വകാര്യ വ്യവസായ പാർക്കുകളുടെ നിർമ്മാണം കേരളത്തിൽ ആരംഭിച്ചു കഴിഞ്ഞെന്ന് മന്ത്രി പി രാജീവ്. പുതുതായി സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കുന്നവർക്ക് 3 കോടി രൂപ വരെ സാമ്പത്തിക സഹായവും നൽകുമെന്ന് മന്ത്രി അറിയിച്ചു.

സ്വകാര്യ വ്യവസായ പാർക്കുകൾ എന്ന സങ്കൽപം കേരളത്തിൽ ആദ്യമായി അവതരിപ്പിക്കുന്നതും നടപ്പിലാക്കുന്നതും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരാണ്. കഴിഞ്ഞ സർക്കാരിന്‍റെ കാലത്തുതന്നെ ഇത്തരമൊരു നയം ആവിഷ്കരിച്ചിരുന്നുവെങ്കിലും സാങ്കേതികമായ ചില പ്രശ്നങ്ങൾ കാരണം പാർക്കുകൾ ആരംഭിക്കാൻ സാധിച്ചില്ല. രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറി ഒരു വർഷത്തിനുള്ളിൽ തന്നെ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെന്ന് മന്ത്രി പറയുന്നു. 

30 സ്വകാര്യ വ്യവസായ പാർക്കുകളുടെ നിർമ്മാണം കേരളത്തിൽ ആരംഭിച്ചെന്നും അഞ്ചോളം സ്വകാര്യ വ്യവസായ പാർക്കുകൾ പ്രവർത്തനം തുടങ്ങിയെന്നും മന്ത്രി പറഞ്ഞു. വളരെ പെട്ടെന്നുതന്നെ പാർക്കുകളുടെ നിർമ്മാണം പൂർത്തിയാകുന്നത് ചെറുതും വലുതുമായ നിരവധി നിക്ഷേപങ്ങൾ ഈ പാർക്കുകളിലേക്ക് കടന്നുവരുന്നതിന് സഹായകമാകും. ഈ സർക്കാരിന്‍റെ കാലത്തു തന്നെ 14 ജില്ലകളിലും സ്വകാര്യ വ്യവസായ പാർക്കുകളുടെ പ്രവർത്തനം ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സ്കീം - 2022 പദ്ധതിക്ക് കീഴിൽ സ്വകാര്യ വ്യവസായ പാർക്ക് സ്ഥാപിക്കാനുള്ള അനുമതി ലഭ്യമായാൽ അടിസ്ഥാന സൗകര്യ വികസനത്തിനായി സ്വകാര്യ വ്യവസായ എസ്റ്റേറ്റ് ഡെവലപ്പർക്ക് സർക്കാർ സഹായം ലഭിക്കും. അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നതിനായി ഒരു ഏക്കറിന് 30 ലക്ഷം രൂപ എന്ന നിരക്കിൽ പരമാവധി 3 കോടി രൂപ വരെ സർക്കാർ നൽകും. സ്വകാര്യ മേഖലയിലും വ്യവസായ പാർക്കുകൾ സ്ഥാപിച്ചുകൊണ്ട് സംസ്ഥാനത്തിന്‍റെ സമ്പദ് വ്യവസ്ഥക്ക് പുത്തൻ ഉണർവ്വ് നൽകുക എന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിലെ മറ്റൊരു വാഗ്ദാനമാണ് ഈ പദ്ധതിയിലൂടെ സാക്ഷാത്കരിക്കപ്പെടുന്നതെന്ന് മന്ത്രി പറഞ്ഞു.


പൊലീസിനോടും എംവിഡിയോടും മന്ത്രി ഗണേഷ് കുമാർ; വഴിയിൽ തടഞ്ഞ് കൂളിങ് ഫിലിം വലിച്ചുകീറരുത്, അപമാനിക്കലാണത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios