വില്യംസണ് സെഞ്ചുറി! ഇംഗ്ലണ്ടിനെതിരെ ഹാമില്‍ട്ടണ്‍ ടെസ്റ്റില്‍ ന്യൂസിലന്‍ഡ് കൂറ്റന്‍ വിജയത്തിലേക്ക്
വില്യംസണിന്റെ 33-ാം സെഞ്ചുറിയാണ് കിവീസ് ഇന്നിംഗ്‌സിലെ സവിശേഷത. 204 പന്തുകള്‍ നേരിട്ട വില്യംസണ്‍ ഒരു സിക്‌സും 20 ഫോറും നേടി.
ഹാമില്‍ട്ടണ്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ന്യൂസിലന്‍ഡ് കൂറ്റന്‍ വിജയയത്തിലേക്ക്. ഹാമില്‍ട്ടണില്‍ 658 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് രണ്ടാം ഇന്നിംഗ്‌സില്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. 18 റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡിലുള്ളത്. ജേക്കബ് ബേതല്‍ (9), ജോ റൂട്ട് (0) എന്നിവരാണ് ക്രീസില്‍. നേരത്തെ, കെയ്ന്‍ വില്യംസണിന്റെ (156) സെഞ്ചുറി കരുത്തില്‍ 453 റണ്‍സാണ് കിവീസ് രണ്ടാം ഇന്നിംഗ്‌സല്‍ നേടിയത്. ബേതല്‍ മൂന്ന് വിക്കറ്റെടുത്തു. കിവീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 347നെതിരെ, ഇംഗ്ലണ്ട് 143ന് എല്ലാവരും പുറത്തായിരുന്നു.
വില്യംസണിന്റെ 33-ാം സെഞ്ചുറിയാണ് കിവീസ് ഇന്നിംഗ്‌സിലെ സവിശേഷത. 204 പന്തുകള്‍ നേരിട്ട വില്യംസണ്‍ ഒരു സിക്‌സും 20 ഫോറും നേടി. തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ ടോം ലാഥത്തിന്റെ (19) വിക്കറ്റ് കിവീസിന് നഷ്ടമായിരുന്നു. പിന്നീട് വില്യംസണ്‍ - വില്‍ യംഗ് (60) സഖ്യം 89 റണ്‍സ് കൂട്ടിചേര്‍ത്തു. യംഗിന് ശേഷം ക്രീസിലെത്തിയ നൈറ്റ് വാച്ച്മാന്‍ വില്യം ഒറൗര്‍ക്കെയ്ക്ക് (0) തിളങ്ങാനായില്ല. തുര്‍ന്ന് രചിന്‍ രവീന്ദ്ര (44) - വില്യംസണൊപ്പം 97 റണ്‍സും കൂട്ടിചേര്‍ത്തു. എന്നാല്‍ രചിനെ, മാത്യു പോട്ട്‌സ് പുറത്താക്കി.
ഗില്ലിനെ പറന്നുപിടിച്ച് മിച്ചല്‍ മാര്‍ഷ്! അവിശ്വസനീയമായ ക്യാച്ച്; വൈറല്‍ വീഡിയോ കാണാം
പകരമെത്തിയ ഡാരില്‍ മിച്ചല്‍ (60) നിര്‍ണായക പ്രകടനം പുറത്തെടുത്തു. ഇരുവരും ചേര്‍ന്ന് 92 റണ്‍സാണ് കൂട്ടിചേര്‍ത്തത്. വില്യംസണെ പുറത്താക്കി ഷൊയ്ബ് ബഷീറാണ് കൂട്ടുകെട്ട് പൊളിച്ചത്. വൈകാതെ മിച്ചലും മടങ്ങി. പിന്നീട് ടോം ബ്ലണ്ടല്‍ (44), മികച്ചല്‍ സാന്റ്‌നര്‍ (49) എന്നിവര്‍ എന്നിവര്‍ സ്‌കോര്‍ 450 കടത്താന്‍ സഹായിച്ചു. ഗ്ലെന്‍ ഫിലിപ്‌സ് (3), ടിം സൗത്തി (2), മാറ്റ് ഹെന്റി (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ബ്ലണ്ടല്‍ പുറത്താവാതെ നിന്നു. നേരത്തെ നാല് വിക്കറ്റ് നേടിയ ഹെന്റിയാണ് ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിംഗ്‌സില്‍ തകര്‍ത്തത്. ഒറൗര്‍ക്കെ, സാന്റ്‌നര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 32 റണ്‍സ് നേടിയ ജോ റൂട്ടാണ് ടോപ് സ്‌കോറര്‍.
204 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് കിവീസിനുണ്ടായത്. ഒന്നാം ഇന്നിംഗ്‌സില്‍ കിവീസിന്റെ സ്‌കോര്‍ 347ന് അവസാനിച്ചിരുന്നു. 76 റണ്‍സ് നേടിയ മിച്ചല്‍ സാന്റ്‌നറാണ് ടോപ് സ്‌കോറര്‍. ലാഥം (63), യംഗ് (42), വില്യംസണ്‍ (44) എന്നിവരും തിളങ്ങി.