ആറ് വിക്കറ്റിന് പിന്നാലെ റെക്കോര്‍ഡിട്ട് ജസ്പ്രിത് ബുമ്ര! സഹീര്‍ ഖാനും കപില്‍ ദേവുമൊക്കെ പിറകില്‍

ഈ രാജ്യങ്ങളില്‍ എട്ടാം തവണയാണ് ബുമ്ര അഞ്ചോ അതില്‍ കൂടുതലോ വിക്കറ്റ് വീഴ്ത്തുന്നത്.

jasprit bumrah creates huge record in test cricket after fifer against australia

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ആറ് വിക്കറ്റുകളാണ് ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുമ്ര വീഴ്ത്തിയത്. ഉസ്മാന്‍ ഖവാജ (21), നതാന്‍ മക്‌സ്വീനി (9), സ്റ്റീവന്‍ സ്മിത്ത് (101), ട്രാവിസ് ഹെഡ് (152), മിച്ചല്‍ മാര്‍ഷ് (5), മിച്ചല്‍ സ്റ്റാര്‍ക്ക് (18) എന്നിവരെയാണ് ബുമ്ര പുറത്താക്കിയത്. ടെസ്റ്റിലെ വിക്കറ്റ് വേട്ടയോടെ കരിയറില്‍ മറ്റൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് താരം. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ അഞ്ചുവിക്കറ്റ് സ്വന്തമാക്കിയ ഇന്ത്യന്‍ ബൗളര്‍ എന്ന നേട്ടമാണ് ബുമ്ര സ്വന്തമാക്കിയത്.

ഈ രാജ്യങ്ങളില്‍ എട്ടാം തവണയാണ് ബുമ്ര അഞ്ചോ അതില്‍ കൂടുതലോ വിക്കറ്റ് വീഴ്ത്തുന്നത്. ഏഴുതവണ അഞ്ചുവിക്കറ്റ് വീഴ്ത്തിയ കപില്‍ ദേവിനെയാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ മറികടന്നത്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ ബൗളര്‍മാരില്‍ ബുമ്ര രണ്ടാം സ്ഥാനത്തുമെത്തി. 11 തവണ അഞ്ചുവിക്കറ്റ് വീഴ്ത്തിയ സഹീര്‍ ഖാനെയാണ് ബുമ്ര മറികടന്നത്. ഒന്നാം സ്ഥാനത്തുള്ള കപില്‍ദേവ് 23 തവണ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ഏഷ്യക്ക് പുറത്ത് 10-ാം തവണയാണ് ബുമ്ര അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്നത്. ഇതോടെ ഏഷ്യക്ക് പുറത്ത് ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരവും ബുമ്ര ആയി. കപില്‍ ദേവിനെ (9)യാണ് ബുമ്ര മറികടന്നത്.

2024 കലണ്ടര്‍ വര്‍ഷം ബുംറയെ സംബന്ധിച്ചിടത്തോളം അസാധാരണമായ ഒന്നായിരുന്നു. 20 മത്സരങ്ങളില്‍ നിന്ന് 13.78 ശരാശരിയില്‍ 73 പേരെ ബുമ്ര പുറത്താക്കി. ഈ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതുണ്ട് അദ്ദേഹം. ഇതില്‍ 12 ടെസ്റ്റുകളില്‍ നിന്ന് 58 വിക്കറ്റുകളും ഉള്‍പ്പെടും. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ മൂന്നാമത്തെ താരവും ബുമ്ര തന്നെ. ഒമ്പതാം തവണയാണ് ബുമ്ര അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്നത്. ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും ഒപ്പമുണ്ട്. ഓസീസ് സ്പിന്നര്‍ നതാന്‍ ലിയോണ്‍ (10), രവിചന്ദ്രന്‍ അശ്വിന്‍ (11) എന്നിവര്‍ മാത്രമാണ് മുന്നില്‍.

അതേസമയം, ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ ഓസീസ് വിജയ പ്രതീക്ഷയിലാണ്. ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോര്‍ 445നെതിരെ മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ മൂന്നാം കളി നിര്‍ത്തുമ്പോല്‍ നാലിന് 51 എന്ന നിലയിലാണ്. രണ്ട് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ തകര്‍ത്ത്. കെ എല്‍ രാഹുല്‍ (33), രോഹിത് ശര്‍മ (0) എന്നിവരാണ് ക്രീസില്‍. വിരാട് കോലി (3) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. ഇന്ന് മഴയെ തുടര്‍ന്ന് പലപ്പോഴായി മത്സരം തടസപ്പെട്ടിരുന്നു. രണ്ട് ദിവസം കൂടി ശേഷിക്കെ ഇന്ത്യയെ പെട്ടന്ന് പുറത്താക്കിയാല്‍ ഓസീസീന് വിജയപ്രതീക്ഷയുണ്ടാകും. എന്നാല്‍ വരും ദിവസങ്ങളില്‍ മഴയുണ്ടാകുമെന്നുള്ള പ്രപചനമുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios