സിറിയയിൽ ഉഗ്ര സ്ഫോടനങ്ങൾ നടത്തി ഇസ്രായേൽ; റിക്ടർ സ്കെയിലിൽ 3.0 തീവ്രതയുള്ള ഭൂകമ്പത്തിന് സമാനമെന്ന് റിപ്പോർട്ട്

820 കിലോ മീറ്റർ അകലെയുള്ള തുർക്കിയിലെ ഇസ്‌നിക്കിൽ പോലും സ്ഫോടനത്തിന്റെ പ്രകമ്പനം കാരണം സിഗ്നലുകൾ ലഭിച്ചതായാണ് റിപ്പോർട്ട്. 

Israel carried out heavy explosions in Syria reported to be similar to an earthquake measuring 3.0 on the Richter scale

ദമാസ്കസ്: സിറിയയിൽ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേൽ. സിറിയയുടെ തീരദേശ മേഖലയ്ക്ക് സമീപമായിരുന്നു വ്യോമാക്രമണം. ഇസ്രയേലിന്റെ ജെറ്റ് വിമാനങ്ങൾ ടാർട്ടസിലെ സൈനിക സൈറ്റുകളിൽ സ്ഫോടനങ്ങൾ നടത്തി. റിക്ടർ സ്കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് സമാനമായിരുന്നു ഇസ്രായേൽ നടത്തിയ സ്ഫോടനങ്ങളെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

സർഫേസ്-ടു-സർഫേസ് മിസൈൽ സ്റ്റോറുകളും വ്യോമ പ്രതിരോധ സംവിധാനങ്ങളും ലക്ഷ്യമിട്ടായിരുന്നു ഇസ്രായേലിന്റെ ആക്രമണമെന്ന് സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിന് പിന്നാലെ തുടർച്ചയായി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. വലിയ തോതിലുള്ള വെടിമരുന്ന് ഡിപ്പോകൾ പൊട്ടിത്തെറിച്ചതായി റിപ്പോർട്ടുകളുണ്ട്. 820 കിലോ മീറ്റർ അകലെയുള്ള തുർക്കിയിലെ ഇസ്‌നിക്കിൽ പോലും സ്ഫോടനത്തിന്റെ പ്രകമ്പനം കാരണം സിഗ്നലുകൾ ലഭിച്ചു. സാധാരണ ഭൂകമ്പ തരംഗങ്ങളേക്കാൾ ഇരട്ടി വേഗത്തിൽ സ്ഫോടന സിഗ്നൽ നീങ്ങിയതാണ് ഇതിന് കാരണമെന്നും വലിയ ആയുധശേഖരങ്ങൾ നശിപ്പിച്ചതാകാം സ്‌ഫോടനങ്ങളുടെ വ്യാപ്തി കൂട്ടിയതെന്നും ഗവേഷകനായ റിച്ചാർഡ് കോർഡാരോ പറഞ്ഞു. 

ഹയാത്ത് തഹ്‌രീർ അൽ-ഷാം സഖ്യം രാജ്യതലസ്ഥാനമായ ദമാസ്കസ് പിടിച്ചെടുക്കുകയും പ്രസിഡന്‍റ് ബഷർ അൽ അസദ് രാജ്യം വിടുകയും ചെയ്തതോടെ സിറിയയുടെ ഭരണം അനിശ്ചിതാവസ്ഥയിലാണ്. ഈ സാഹചര്യം മുതലെടുത്താണ് ഇസ്രയേൽ സിറിയയിൽ ആക്രമണം കടുപ്പിച്ചത്. സിറിയയിലെ റഷ്യയുടെ രണ്ട് സൈനിക താവളങ്ങളിൽ ഒന്ന് ടാർട്ടസിലാണുള്ളത്. ഈ മേഖലയിലാണ് ഇസ്രായേലിന്റെ വ്യോമാക്രമണം നടന്നത്. വിമതർ ഭരണം പിടിച്ചതോടെ സിറിയയിലെ റഷ്യൻ സൈനിക യൂണിറ്റുകളുടെയും മറ്റും ഭാവി എന്തായിരിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ, ഡിസംബർ 8-ന് അസദ് സർക്കാർ വീണതിന് ശേഷം റഷ്യ ടാർട്ടസിലെ നാവിക കേന്ദ്രം ഉപേക്ഷിച്ചതായി വ്യക്തമാക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തുവന്നിരുന്നു. 

READ MORE: 'പലസ്തീന്‍' ബാഗുമായി പ്രിയങ്കാ ഗാന്ധി പാര്‍ലിമെന്റില്‍ ; ഇതൊക്കെ വാര്‍ത്തകളുണ്ടാക്കാനെന്ന് ബിജെപി എംപി

Latest Videos
Follow Us:
Download App:
  • android
  • ios