ഷമിയെ നെഞ്ചോട് ചേര്‍ത്ത് പ്രധാനമന്ത്രി! ഡ്രസിംഗ് റൂമിലെത്തി പ്രചോദിപ്പിച്ചതിന് കടപ്പെട്ടിരിക്കുന്നുവെന്ന് താരം
ഇന്ത്യന്‍ താരങ്ങളുമായി സമയം പങ്കിട്ട അദ്ദേഹം മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവരെ ആശ്വസിപ്പിക്കുന്നതും കാണാം. ഇരുതാരങ്ങളും മോദിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു.
അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ താരങ്ങളെ ആശ്വസിപ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഓസ്‌ട്രേലിയക്കെതിരെ ആറ് വിക്കറ്റ് തോല്‍വിക്ക് പിന്നാലെ അദ്ദേഹം ഡ്രസിംഗ് റൂമിലെത്തി. ഇന്ത്യന്‍ താരങ്ങളുമായി സമയം പങ്കിട്ട അദ്ദേഹം മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവരെ ആശ്വസിപ്പിക്കുന്നതും കാണാം. ഇരുതാരങ്ങളും മോദിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു.
ഷമി പിന്നീട് പോസ്റ്റ് ഇടുകയും ചെയ്തു. താരത്തെ മോദി കെട്ടിപിടിച്ച് ആശ്വസിപ്പിക്കുന്ന ചിത്രമാണ് ഷമി പങ്കുവച്ചത്. ഷമി പറഞ്ഞതിങ്ങനെ... ''നിര്‍ഭാഗ്യവശാല്‍ ഇന്നലെ ഞങ്ങളുടെ ദിവസമായിരുന്നില്ല. ഞങ്ങളെ പിന്തുണച്ച എല്ലാവരോടും നന്ദി പറയുന്നു. ഡ്രസിംഗ് റൂമിലെത്തി താരങ്ങളെ പ്രചോദിപ്പിച്ച പ്രധാനമന്ത്രി മോദിയോടും കടപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ തിരിച്ചുവരും.'' ഷമി കുറിച്ചിട്ടു. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയത് ഷമിയായിരുന്നു. 24 വിക്കറ്റുകളുമായിട്ടാണ് ഷമി ഒന്നാമനായത്.
ജഡേജ കുറിച്ചിട്ടതിങ്ങനെ... ''ടീമിനെ സംബന്ധിച്ചിടത്തോളം മികച്ച ടൂര്‍ണമെന്റായിരുന്നു. എന്നാല്‍ അവസാനത്തെ ഫലം ഹൃദയഭേദകമായിരുന്നു. ഇതിനിടെ ഡ്രസിംഗ് റൂമില്‍ മോദിയെത്തിയത് മാനസികമായി കരുത്തേകി.'' രവീന്ദ്ര ജഡേജ എക്‌സില്‍ (മുമ്പ് ട്വിറ്റര്‍) വ്യക്തമാക്കി.
ആറ് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യക്കുണ്ടായത്. 10 മത്സരങ്ങളില്‍ തോല്‍ക്കാതെ ഫൈനലിനെത്തിയിട്ടും അവസാനം ഇന്ത്യക്ക് കാലിടറി. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ 240ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഓസീസ് 43 ഓവറില്‍ ലക്ഷ്യം മറികടന്നു. 120 പന്തില്‍ 137 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ഓസീസിന് ആറാം കിരീടം സമ്മാനിച്ചത്. മര്‍നസ് ലബുഷെയ്ന്‍ (58) നിര്‍ണായക പിന്തുണ നല്‍കി.
തോല്‍വി സഹിക്കാവുന്നതിലും അപ്പുറം! അമ്മയെ കെട്ടിപ്പിടിച്ച് വിതുമ്പി പിഞ്ചുകുഞ്ഞ്; വീഡിയോ