സൂര്യയും ശ്രേയസും രഹാനെയും മടങ്ങി! പിന്നീട് ഷെഡ്ജെയുടെ വെടിക്കെട്ട്, മുംബൈക്ക് സയ്യിദ് മുഷ്താഖ് അലി ട്രോഫി
മോശം തുടക്കമായിരുന്നു മുംബൈക്ക്. സ്കോര്‍ബോര്‍ഡില്‍ 15 റണ്‍സുള്ളപ്പോല്‍ പൃഥ്വി ഷായുടെ (10) വിക്കറ്റ് നഷ്ടമായി.
ബെംഗളൂരു: സയ്യിദ് മുഷ്താഖ് അലി ട്രോഫി മുംബൈക്ക്. മധ്യ പ്രദേശിനിനെതിരെ അഞ്ച് വിക്കറ്റിനായിരുന്നു മുംബൈയുടെ ജയം. ബെംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 175 റണ്‍സ് വിജയലക്ഷ്യം മുംബൈ 17.5 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സൂര്യകുമാര്‍ യാദവ് (48), അജിന്‍ക്യ രഹാനെ (37) എന്നിവരുടെ ഇന്നിംഗ്സുകളാണ് മുംബൈയുടെ വിജയത്തില്‍ അടിത്തറയിട്ടത്. എന്നാല്‍ സൂര്യന്‍ഷ് ഷെഡ്ജെ (15 പന്തില്‍ പുറത്താവാതെ 36) നടത്തിയ വെടിക്കെട്ടാണ് മുംബൈ വിജയത്തിലെത്താന്‍ സഹായിച്ചത്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മധ്യപ്രദേശിന് ക്യാപ്റ്റന്‍ രജത് പടിധാറിന്റെ (40 പന്തില്‍ പുറത്താവാതെ 81) ഇന്നിംഗ്സാണ് മധ്യപ്രദേശിന് മികച്ച സ്കോര്‍ സമ്മാനിച്ചത്.
മോശം തുടക്കമായിരുന്നു മുംബൈക്ക്. സ്കോര്‍ബോര്‍ഡില്‍ 15 റണ്‍സുള്ളപ്പോല്‍ പൃഥ്വി ഷായുടെ (10) വിക്കറ്റ് നഷ്ടമായി. പിന്നാലെ ശ്രയേസ് അയ്യരും (16) മടങ്ങി. തുടര്‍ന്ന് രഹാനെ - സൂര്യ സഖ്യം 52 കൂട്ടിചേര്‍ത്തു. ഇതുതന്നെയാണ് വിജയത്തിലേക്കുള്ള വഴി തുറന്നത്. 99 റണ്‍സായിരിക്കെ രഹാനെ മടങ്ങി. തുടര്‍ന്നെത്തിയ ശിവം ദുബെയ്ക്ക് (9) തിളങ്ങാനായില്ല. ഇതിനിടെ സൂര്യയും പവലിയനില്‍ തിരിച്ചെത്തി. ഇതോ അഞ്ചിന് 129 എന്ന നിലയിലായി ടീം. പിന്നീടാണ് ഷെഡ്ജെ കണ്ണടച്ചുതുറക്കും മുമ്പ് മുംബൈയെ വിജയത്തിലേക്ക് നയിച്ചത്. 15 പന്തുകള്‍ മാത്രം നേരിട്ട താരം മൂന്ന് വീതം സിക്സും ഫോറും നേടി. അഥര്‍വ അങ്കോളേക്കരപല് (6 പന്തില്‍ 16) ഷെഡ്ജെയ്ക്കൊപ്പം പുറത്താവാതെ നിന്നു.
വാശിയോടെ മുഹമ്മദ് ഷമി, ലക്ഷ്യം ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി കളിക്കുക; വീണ്ടും ബംഗാള്‍ ടീമില്‍
നേരത്തെ, മോശം തുടക്കമായിരുന്നു മധ്യ പ്രേദശിന്. 12.1 ഓവറില്‍ 86 റണ്‍സിനിടെ അവര്‍ക്ക് ആറ് വിക്കറ്റ് നഷ്ടമായിരുന്നു. ഓപ്പണര്‍മാരായ അര്‍പ്പിത് ഗൗത് (3), ഹര്‍ഷ് ഗവാലി (2) എന്നിവരുടെ വിക്കറ്റുകള്‍ രണ്ടാം ഓവറില്‍ തന്നെ നഷ്ടമായി. ഷാര്‍ദുല്‍ ഠാക്കൂറാണ് ഇരുവരേയും മടക്കിയയച്ചത്. എട്ടാം ഓവറില്‍ ഹര്‍പ്രീത് സിംഗ് ഭാട്ടിയ (15) അഥര്‍വ അങ്കോളേക്കറുടെ പന്തിലും മടങ്ങി. പിന്നീടെത്തിയ വെങ്കടേഷ് അയ്യര്‍ക്ക് (17) ഒമ്പത് പന്തായിരുന്നു ആയുസ്. താരത്തെ സൂര്യന്‍ഷ് ഷെഡ്ജെ മടക്കുകയായിരുന്നു. രാഹുല്‍ ബാതം (19), ത്രിപുരേഷ് സിംഗ് (0), ശിവം ശുക്ല (1) എന്നിവര്‍ പെട്ടന്ന് മടങ്ങിയതോടെ എട്ടിന് 157 എന്ന നിലയിലായി മധ്യ പ്രദേശ്.
ഇതിനിടെ പടിധാര്‍ പിടിച്ചുനിന്നത് മാത്രമാണ് മധ്യപ്രദേശിന് ഗുണം ചെയ്തത്. ആറ് സിക്സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു പടിധാറിന്റെ ഇന്നിംഗ്സ്.ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ താരമായ പടിധാര്‍ ചിന്നസ്വാമിയിലെ പരിചിതമായ സഹാചര്യം ശരിക്കും മുതലാക്കുകയായിരുന്നു. മുംബൈക്ക് വേണ്ടി ഷാര്‍ദുല്‍ ഠാക്കൂര്‍, റോയ്സറ്റണ്‍ ഡയസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.