അബൂബക്കറും രോഹനും അഭിജിത്തും തിളങ്ങി! കേരളത്തിന് 162 റണ്‍സിന്റെ കൂറ്റന്‍ ജയം, മണിപ്പൂരിനെ തകര്‍ത്തു
രണ്ടാം വിക്കറ്റില്‍ ഒമര്‍ അബൂബക്കറും കാമില്‍ അബൂബക്കറും ചേര്‍ന്ന് നേടിയ 66 റണ്‍സാണ് കേരള ഇന്നിങ്‌സിന് അടിത്തറയിട്ടത്.
റാഞ്ചി: പുരുഷ അണ്ടര്‍ 23 സ്റ്റേറ്റ് ട്രോഫിയില്‍ മണിപ്പൂരിനെതിരെ അനായാസ വിജയവുമായി കേരളം. 162 റണ്‍സിനായിരുന്നു കേരളത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മണിപ്പൂര്‍ 47ആം ഓവറില്‍ 116 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് നാല് റണ്‍സെടുത്ത ഓപ്പണര്‍ ഗോവിന്ദ് ദേവ് പൈയുടെ വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായി.
രണ്ടാം വിക്കറ്റില്‍ ഒമര്‍ അബൂബക്കറും കാമില്‍ അബൂബക്കറും ചേര്‍ന്ന് നേടിയ 66 റണ്‍സാണ് കേരള ഇന്നിങ്‌സിന് അടിത്തറയിട്ടത്. ഒമര്‍ (51 പന്തുകളില്‍ നിന്ന് 60), കാമില്‍ (26) റണ്‍സെടുത്തു. ഇരുവര്‍ക്കുമൊപ്പം പവന്‍ ശ്രീധറിന്റെ വിക്കറ്റും അടുത്തടുത്ത ഇടവേളകളില്‍ നഷ്ടമായതോടെ, ഒരു ഘട്ടത്തില്‍ നാല് വിക്കറ്റിന് 97 റണ്‍സെന്ന നിലയിലായിരുന്നു കേരളം. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ക്യാപ്റ്റന്‍ രോഹന്‍ നായരും അഭിജിത് പ്രവീണും ചേര്‍ന്ന് നേടിയ 105 റണ്‍സ് കേരളത്തിന് കരുത്തായി.
പടിധാറിനെ ചിന്നസ്വാമി കൈവിട്ടില്ല! മുഷ്താഖ് അലി ഫൈനലില്‍ മുംബൈക്കെതിരെ മധ്യപ്രദേശിന് മികച്ച സ്‌കോര്‍
രോഹന്‍ നായര്‍ (65 പന്തില്‍ 54), അഭിജിത് പ്രവീണ്‍ (74 പന്തില്‍ 55) റണ്‍സെടുത്തു. അവസാന ഓവറുകളില്‍ അതിവേഗം സ്‌കോര്‍ ഉയര്‍ത്തിയ അക്ഷയ് ടി കെയുടെ പ്രകടനമാണ് കേരളത്തിന്റെ സ്‌കോര്‍ 278ല്‍ എത്തിച്ചത്. അക്ഷയ് 34 പന്തുകളില്‍ നിന്ന് 44 റണ്‍സെടുത്തു. മണിപ്പൂരിന് വേണ്ടി ഡൊമിനിക്, ദീബക് നോറെം എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മണിപ്പൂര്‍ നിരയില്‍ ആര്‍ക്കും തന്നെ ഭേദപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാനായില്ല. മൂന്ന് ബാറ്റര്‍മാര്‍ മാത്രമാണ് മണിപ്പൂര്‍ നിരയില്‍ രണ്ടക്കം കടന്നത്. 28 റണ്‍സെടുത്ത ഡൊമിനിക് ആണ് അവരുടെ ടോപ് സ്‌കോറര്‍. കേരളത്തിന് വേണ്ടി ജെറിന്‍ പി എസും അശ്വന്ത് ശങ്കറും മൂന്ന് വിക്കറ്റുകള്‍ വീതവും അഭിജിത് പ്രവീണ്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തി.