മുഹമ്മദ് ഷമി ഒരുങ്ങിതന്നെ! ബംഗാളിന് വേണ്ടി സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റ് കളിക്കാം
ഫിറ്റ്‌നെസ് തെളിയിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഷമിയോട് മുഷ്താഖ് അലി ട്രോഫിയില്‍ കളിക്കാന്‍ ടീം മാനേജ്മെന്റ് ആവശ്യപ്പെട്ടത്.
കൊല്‍ക്കത്ത: സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിക്കുള്ള പശ്ചിത ബംഗാള്‍ ടീമില്‍ മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്തി. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായി മുഷ്താഖ് അലി ടി20യില്‍ ചില മത്സരങ്ങള്‍ കളിക്കാന്‍ ടീം മാനേജ്‌മെന്റ് ഷമിയോട് ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തിയത്. രഞ്ജി ട്രോഫിയില്‍ മധ്യ പ്രദേശിനെതിരായ മത്സരത്തില്‍ ഷമി ഏഴ് വിക്കറ്റ് വീഴ്ത്തിയിരുന്നു. ബാറ്റിംഗിലും താരം നിര്‍ണായക പ്രകടനം പുറത്തെടുത്തു. ഇതോടെ ഷമിയെ ഓസീസ് പര്യടനത്തിനുള്ള ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് സൗരവ് ഗാംഗുലി ഉള്‍പ്പെടുള്ള മുന്‍ താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കാത്തിരിക്കാനാണ് ടീം മാനേജ്മെന്റ് ആവശ്യപ്പെട്ടത്.
ഫിറ്റ്‌നെസ് തെളിയിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഷമിയോട് മുഷ്താഖ് അലി ട്രോഫിയില്‍ കളിക്കാന്‍ ടീം മാനേജ്മെന്റ് ആവശ്യപ്പെട്ടത്. നേരത്തെ രണ്ട് നിബന്ധനകളാണ് ഷമിക്ക് മുന്നില്‍ ബിസിസിഐ വച്ചത്. ആദ്യത്തേത് രഞ്ജി ട്രോഫി രണ്ടാം ഇന്നിംഗ്സില്‍ ഷമിയുടെ പ്രകടനമായിരുന്നു. രണ്ടാം ഇന്നിംഗ്സിനെ ആശ്രയിച്ചിരിക്കും ഷമിയെ ഉള്‍പ്പെടുത്തണോ വേണ്ടയോ എന്നുള്ള കാര്യം തീരുമാനിക്കുക. മറ്റൊന്ന് മത്സരത്തിനൊടുവില്‍ ശരീരത്തില്‍ വേദനയോ വീക്കമോ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണ് ഷമിക്ക് മുന്നില്‍ വച്ചിരിക്കുന്ന മറ്റൊരു നിബന്ധന. ഈ രണ്ട് കടമ്പകളും വിജയകരമായി മറികടക്കാന്‍ ഷമിക്ക് സാധിച്ചിരുന്നു.
ടി20 സിക്‌സുകള്‍, സഞ്ജു തന്നെ ഒന്നാമന്‍! അതും ലോകകപ്പ് പോലും കളിക്കാതെ
സുദീപ് കെ ആര്‍ ഗരാമിക്ക് കീഴിലാണ് ഷമി ബംഗാളിനായി കളിക്കുക. ശനിയാഴ്ച രാജ്കോട്ടില്‍ പഞ്ചാബിനെതിരെയാണ് ബംഗാളിന്റെ ആദ്യ മത്സരം. ഇതില്‍ നാലോ അഞ്ചോ മത്സരങ്ങള്‍ കളിച്ചാല്‍ കൂടി ഷമിക്ക് ഡിസംബര്‍ ആറിന് അഡ്ലെയ്ഡില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് മുന്നോടിയായി ടീമിനൊപ്പം ചേരാനായേക്കും. രണ്ടാം ടെസ്റ്റിന് തൊട്ടുമുമ്പ് ഷമി ടീമിനൊപ്പമുണ്ടാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇന്ത്യയുടെ 18 അംഗ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടീമില്‍ ഷമിയെ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും, രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഷമി ഓസ്‌ട്രേലിയയില്‍ എത്തുമെന്ന് അദ്ദേഹത്തിന്റെ ബാല്യകാല പരിശീലകന്‍ മുഹമ്മദ് ബദറുദ്ദീന്‍ അഭിപ്രായപ്പെട്ടിരുന്നു.
ബംഗാള്‍ സ്‌ക്വാഡ്: സുദീപ് കുമാര്‍ ഗരാമി (ക്യാപ്റ്റന്‍), അഭിഷേക് പോറെല്‍ (വിക്കറ്റ് കീപ്പര്‍), സുദീപ് ചാറ്റര്‍ജി, ഷഹബാസ് അഹമ്മദ്, കരണ്‍ ലാല്‍, റിത്വിക് ചാറ്റര്‍ജി, റിത്വിക് റോയ് ചൗധരി, ഷാക്കിര്‍ ഹബീബ് ഗാന്ധി (വിക്കറ്റ് കീപ്പര്‍), രഞ്‌ജോത് സിംഗ് ഖൈറ, പ്രയാസ് റേ ബര്‍മാന്‍, അഗ്‌നിവ് പാന്‍, പ്രദീപ്ത പ്രമാണിക്, സാക്ഷം ചൗധരി, മുഹമ്മദ് ഷമി, ഇഷാന്‍ പോറെല്‍, മുഹമ്മദ് കൈഫ്, സൂരജ് സിന്ധു ജയ്സ്വാള്‍, സയന്‍ ഘോഷ്, കനിഷ്‌ക് സേത്ത്, സൗമ്യദീപ് മണ്ഡല്‍.