വിരമിച്ചശേഷം തിരിച്ചെത്തി ലോകകപ്പില്‍ കളിച്ചു, 32-ാം വയസില്‍ വീണ്ടും വിരമിക്കല്‍ പ്രഖ്യാപിച്ച് പാക് പേസര്‍
വിരമിക്കല്‍ തീരുമാനമെടുക്കുക എളുപ്പമായിരുന്നില്ലെങ്കിലും അനിവാര്യമായിരുന്നുവെന്ന് ആമിർ എക്സ് പോസ്റ്റില്‍ വ്യക്തമാക്കി.
കറാച്ചി: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് പാക് പേസര്‍ മുഹമ്മദ് ആമിര്‍. കരിയറിലെ ഏറ്റവും കടുപ്പമേറിയ തീരുമാനം താന്‍ എടുക്കുകയാണെന്നും അടുത്ത തലമുറക്കായി ബാറ്റണ്‍ കൈമാറാനായി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്നും 32കാരനായ മുഹമ്മദ് ആമിര്‍ എക്സ് പോസ്റ്റില്‍ വ്യക്തമാക്കി.
വിരമിക്കല്‍ തീരുമാനമെടുക്കുക എളുപ്പമായിരുന്നില്ലെങ്കിലും അനിവാര്യമായിരുന്നുവെന്ന് ആമിർ എക്സ് പോസ്റ്റില്‍ വ്യക്തമാക്കി. അടുത്ത തലമുറക്ക് ബാറ്റണ്‍ കൈമാറേണ്ട ശരിയായ സമയം ഇതാണെന്ന് എനിക്ക് തോന്നുന്നു. രാജ്യത്തെ പ്രതിനിധീകരിക്കാനായത് വലിയ ബഹുമതിയായി കാണുന്നു. കരിയറിലുടനീളം പിന്തുണച്ച പാക് ക്രിക്കറ്റ് ബോര്‍ഡിനും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും നന്ദി പറയുന്നു എന്നായിരുന്നു ആമിറിന്‍റെ എക്സ് പോസ്റ്റ്. പാക് ടീമിലെ അടുത്ത സുഹൃത്തുകൂടിയായ ഇമാദ് വാസിം വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആമിറും രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത്.
Announcement of my retirement from international cricket 🏏. pic.twitter.com/CsPfOTGY6O
— Mohammad Amir (@iamamirofficial) December 14, 2024
ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് പതിനെട്ടാം വയസില്‍ 2010-2015 കാലയളവില്‍ ക്രിക്കറ്റില്‍ നിന്ന് വിലക്കപ്പെട്ടശേഷം ആമിര്‍ പിന്നീട് പാക് ടീമില്‍ തിരിച്ചെത്തി. 2017ല്‍ ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ തോല്‍പിച്ച് പാകിസ്ഥാന്‍ കിരീടം നേടിയപ്പോള്‍ ആമിറായിരുന്നു ഹീറോ. പിന്നീട് പാക് ടീമില്‍ നിന്ന് പുറത്തായ ആമിര്‍ 2021ഡിസംബറിലാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ആദ്യം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ആഭ്യന്തര ടി20 ലീഗുകളിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ക്രിക്കറ്റ് ബോര്‍ഡിന്‍റെ നിര്‍ബന്ധത്തെത്തുടര്‍ന്ന് വീണ്ടും പാക് ടീമിനായി കളിച്ച ആമിര്‍ ഈ വര്‍ഷം നടന്ന ടി20 ലോകകപ്പിലും പാകിസ്ഥാനായി കളിച്ചു. പാകിസ്ഥാനുവേണ്ടി 36 ടെസ്റ്റിലും 61 ഏകദിനങ്ങളിലും 62 ടി20 മത്സരങ്ങളിലും ആമിര്‍ കളിച്ചു. ടെസ്റ്റില്‍ 119ഉം ഏകദിനത്തില്‍ 81ഉം ടി20 ക്രിക്കറ്റില്‍ 71ഉം വിക്കറ്റുകള്‍ നേടി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക