ഗാബയില്‍ ടോസ് കിട്ടിയിട്ടും ബൗള്‍ ചെയ്യാനുള്ള രോഹത്തിന്‍റെ തീരുമാനം പിഴച്ചു, വിമര്‍ശനവുമായി മുന്‍ താരങ്ങള്‍

പിച്ചിലെ പച്ചപ്പും മൂടിക്കെട്ടിയ അന്തരീക്ഷവും കണ്ടാണ് ടോസ് നേടിയിട്ടും ഇന്ത്യൻ നായകന്‍ രോഹിത് ശര്‍മ ബൗളിംഗ് തെരഞ്ഞെടുത്തത്.

Pat Cummins Will be happy to lose the toss': Former Players slams Rohit Sharma for decision to bowl in Brisbane Test

ബ്രിസ്ബേന്‍: ഓസ്ട്രേലിയക്കെതിരായ ബ്രിസ്ബേന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ നിര്‍ണായക ടോസ് കിട്ടിയിട്ടും ബൗളിംഗ് തെരഞ്ഞെടുക്കാനുള്ള ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തീരുമാനം പിഴച്ചുവെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോൺ. മഴമൂലം ആദ്യ സെഷനില്‍ 13.2 ഓവര്‍ മാത്രം കളി നടന്നപ്പോള്‍ ഓസീസ് വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സെന്ന നിലയിലാണ് ക്രീസ് വിട്ടത്.

പിച്ചിലെ പച്ചപ്പും മൂടിക്കെട്ടിയ അന്തരീക്ഷവും കണ്ടാണ് ടോസ് നേടിയിട്ടും ഇന്ത്യൻ നായകന്‍ രോഹിത് ശര്‍മ ബൗളിംഗ് തെരഞ്ഞെടുത്തത്. എന്നാല്‍ ആദ്യ മണിക്കൂറില്‍ പിച്ചില്‍ നിന്ന് പേസ് ബൗളര്‍മാര്‍ക്ക് യാതൊരു ആനുകൂല്യവും ലഭിച്ചില്ല. അസാധാരണ ബൗണ്‍സോ സ്വിംഗോ ലഭിക്കാതിരുന്നതോടെ പേസര്‍ ജസ്പ്രീത് ബുമ്ര എവിടെ പന്തെറിഞ്ഞാലും സ്വിംഗ് ഇല്ലെന്ന് ആത്മഗതം പറയുന്നത് സ്റ്റംപ് മൈക്ക് പിടിച്ചെടുത്തിരുന്നു.

ടോസ് നേടിയിട്ടും ബൗളിംഗ് തെരഞ്ഞെടുക്കാനുള്ള രോഹിത്തിന്‍റെ തീരുമാനത്തില്‍ ഓസീസ് നായകന്‍ പാറ്റ് കമിന്‍സാവും ഏറ്റവുമധികം സന്തോഷിക്കുന്നതെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍ ഫോക്സ് സ്പോര്‍ട്സിലെ കമ്മന്‍ററിയില്‍ പറഞ്ഞു. ടോസ് നഷ്ടമായതില്‍ കമിന്‍സ് ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാവും. കാരണം, ബ്രിസ്ബേനിലെ ചരിത്രം അതാണെന്നും മൈക്കല്‍ വോൺ വ്യക്തമാക്കി.

ബ്രിസ്ബേനില്‍ മഴയുടെ കളി, ആദ്യ സെഷനില്‍ വിക്കറ്റ് വീഴ്ത്താനാവാതെ വിയര്‍ത്ത് ഇന്ത്യ; ഓസീസിന് ഭേദപ്പെട്ട തുടക്കം

വോണിന്‍റെ അഭിപ്രായത്തോട് മുന്‍ ഓസ്ട്രേലിയന്‍ താരം ബ്രണ്ടന്‍ ജൂലിയനും യോജിച്ചു. ടോസ് തോറ്റത് കമിന്‍സിന്‍റെ ഭാഗ്യമെന്നായിരുന്നു ജൂലിയന്‍റെ അഭിപ്രായം. ഇന്നലെ പരിശീലന സമയത്തും ഇന്നു രാവിലെയുമെല്ലാം മഴ പെയ്യുന്നതുകണ്ടാണ് ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തത് എന്നാണ് ഞാന്‍ കരുതുന്നത്. പിച്ചിലെ പച്ചപ്പും അതിനൊരു കാരണമാണ്. എന്നാല്‍ ഇത് ആദ്യം ബൗള്‍ ചെയ്യേണ്ട പിച്ചാണെന്ന് തോന്നുന്നില്ലെന്നായിരുന്നു ജൂലിയന്‍റെ അഭിപ്രായം. 1985നുശേഷം ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന അവസരങ്ങളിലൊന്നും ഓസീസ് ഗാബയില്‍ തോല്‍വി അറിഞ്ഞിട്ടില്ലെന്നതാണ് ചരിത്രം.

ഒക്ടോബറില്‍ ന്യൂസിലന്‍ഡിനെതിരെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മഴയും മൂടിക്കെട്ടി അന്തരീക്ഷവുമായിരുന്നിട്ടും ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുക്കാനുള്ള രോഹിത്തിന്‍റെ തീരുമാനം ഇന്ത്യക്ക് തിരിച്ചടിയായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ 46 റണ്‍സിന് ഓള്‍ ഔട്ടായ ഇന്ത്യ ടെസ്റ്റില് 8 വിക്കറ്റ് തോല്‍വി വഴങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios