സൂപ്പർ കിങായി ചെന്നൈ, മിന്നിത്തിളങ്ങി മിന്നുമണി, സച്ചിനെ മറികടന്ന കോലി, ഒടുവിൽ ലോകകപ്പിൽ ഇന്ത്യൻ കണ്ണീർ

19 മത്സരങ്ങളിൽ നിന്നും 11 വിജയവും മൂന്ന് തോൽവിയും അഞ്ച് സമനിലയുമായി ഓസ്ട്രേലിയയും 18 മത്സരങ്ങളിൽ നിന്നും 10 വിജയവും അ‍ഞ്ച് തോൽവിയും മൂന്ന് സമനിലയുമായി ഇന്ത്യയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിൽ മുഖാമുഖം വരുമ്പോൾ പോരാട്ടം തീപാറും എന്ന് പ്രതീക്ഷിച്ചവരാണ് ആരാധകരിൽ അധികവും.

IPL World Test Championship, ODI World Cup, and Virat Kohli Shine in Cricket's Top Moments of 2023

തിരുവനന്തപുരം: സംഭവബഹുലമായ ഒരു ക്രിക്കറ്റ് വർഷമായിരുന്നു കടന്നുപോയത്. നെയിൽ ബൈറ്റിംഗ് ഫിനിഷിങിലൂടെ ഐ പി എൽ ഫൈനൽ ജയിച്ച് ചെന്നൈ സൂപ്പർ കിംഗ്സ് ഐ പി എൽ ട്രോഫികളുടെ എണ്ണത്തിൽ മുംബൈ ഇന്ത്യൻസിന് ഒപ്പമെത്തിയ വർഷം. സച്ചിൻ ടെൻഡുൽക്കറുടെ 49 ഏകദിന സെഞ്ചുറികൾ എന്ന റെക്കോർഡ് വിരാട് കോലി തിരുത്തിയെഴുതിയ വർഷം. ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഏകദിന ലോകകപ്പിലുമായി രണ്ട് ഫൈനലുകളിൽ ഇന്ത്യയ്ക്ക് കാലിടറിയ വർഷം. ദേശീയ ടീമിന്‍റെ ക്രിക്കറ്റ് ക്യാപ്റ്റനാകുന്ന ആദ്യമലയാളിയായി മലയാളത്തിന്‍റെ മിന്നുമണി മിന്നിത്തിളങ്ങിയ വർഷം. പാകിസ്ഥാനെയും ശ്രീലങ്കയെയും ആധികാരികമായി തോൽപ്പിച്ച് ഇന്ത്യ ഏഷ്യാകപ്പ് സ്വന്തമാക്കിയ വര്‍ഷം... ഇങ്ങനെ ക്രിക്കറ്റ് ഫീൽഡിൽ നിന്നും എടുത്ത് പറയാൻ ഒരുപാട് കഥകളുള്ള വർഷമാണ് 2023.

ചെന്നൈ സൂപ്പർ കിംഗ്സ്

IPL World Test Championship, ODI World Cup, and Virat Kohli Shine in Cricket's Top Moments of 2023

തുടർച്ചയായ രണ്ടാം വർഷവും ലീഗ് സ്റ്റേജിൽ ഗുജറാത്ത് ടൈറ്റൻസിന്‍റെ അപ്രമാദിത്വം കണ്ട സീസണായിരുന്നു 2023ലേത്. 14 കളികളിൽ 10ഉം ജയിച്ച് ക്വാളിഫയറിലെത്തിയ ഗുജറാത്ത് മുംബൈ ഇന്ത്യൻസിനെ ഏകപക്ഷീയമായി തോൽപ്പിച്ച് ഫൈനലിലെത്തി. പോയിന്‍റ് പട്ടികയിൽ രണ്ടാതായിരുന്ന ചെന്നൈ ലഖ്നൗ സൂപ്പർ ജയന്റ്സിനെയാണ് ക്വാളിഫയറിൽ കീഴടക്കിയത്. ആവേശം ഇരുപതാം ഓവർ വരെ നീണ്ട ഫൈനലിൽ രവീന്ദ്ര ജഡേജ അവസാന രണ്ട് പന്തുകളിൽ സിക്സും ഫോറും അടിച്ച് ചെന്നൈയെ ജയിപ്പിക്കുകയായിരുന്നു. ഗുജറാത്തിനെ 5 വിക്കറ്റിന് തോൽപ്പിച്ച ചെന്നൈ അഞ്ചാം കിരീടനേട്ടവുമായി മുംബൈയ്ക്ക് ഒപ്പമെത്തുകയും ചെയ്തു. ഡെവോൺ കോൺവേ ഫൈനലിലെ മാൻ ഓഫ് ദി മാച്ച് ആയപ്പോൾ യംഗ് സെൻസേഷൻ ശുഭ്മാൻ ഗിൽ ടൂർണമെന്‍റിന്‍റെ താരമായി. പോയ വർഷത്തെ തകർച്ചയിൽ നിന്നും ചെന്നൈയും മുംബൈയും തിരിച്ചുവന്ന സീസൺ കൂടിയായിരുന്നു 2023. സൺറൈസേഴ്സ് ഹൈദരാബാദും ക്യാപ്റ്റൻ റിഷഭ് പന്തില്ലാതെ ഇറങ്ങിയ ഡൽഹി കാപ്പിറ്റൽസും ഐ പി എല്ലിൽ അമ്പേ പരാജയങ്ങളായി.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ

IPL World Test Championship, ODI World Cup, and Virat Kohli Shine in Cricket's Top Moments of 2023

19 മത്സരങ്ങളിൽ നിന്നും 11 വിജയവും മൂന്ന് തോൽവിയും അഞ്ച് സമനിലയുമായി ഓസ്ട്രേലിയയും 18 മത്സരങ്ങളിൽ നിന്നും 10 വിജയവും അ‍ഞ്ച് തോൽവിയും മൂന്ന് സമനിലയുമായി ഇന്ത്യയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിൽ മുഖാമുഖം വരുമ്പോൾ പോരാട്ടം തീപാറും എന്ന് പ്രതീക്ഷിച്ചവരാണ് ആരാധകരിൽ അധികവും. എന്നാൽ സംഭവിച്ചതാകട്ടെ തീർത്തും ഏകപക്ഷീയമായ ഒരു കലാശപ്പോരാട്ടവും. ഓവലിൽ നടന്ന ഫൈനലിൽ ഓസ്ട്രേലിയ 209 റൺസിനാണ് ഇന്ത്യയെ തോൽപ്പിച്ചത്. 469ഉം എട്ട് വിക്കറ്റിന് 270ഉം റൺസെടുത്ത ഓസ്ട്രേലിയയ്ക്കെതിരെ രണ്ട് ഇന്നിംഗ്സിലും ഇന്ത്യയ്ക്ക് 300 കടക്കാൻ പോലും സാധിച്ചില്ല. വിരാട് കോലിയും രോഹിത് ശർമയും ചേതേശ്വർ പൂജാരയും അടങ്ങിയ പ്രമുഖർ ബാറ്റിംഗ് ഫോം കണ്ടെത്താനാകാതെ വിഷമിച്ചു. ഒന്നാം ഇന്നിംഗ്സിൽ 89ഉം രണ്ടാം ഇന്നിംഗ്സിൽ 46ഉം റൺസെടുത്ത അജിൻക്യ രഹാനെ മാത്രമാണ് ബാറ്റിംഗിൽ തിളങ്ങിയത്. ബൗളിംഗിൽ ജസ്പ്രീത് ബുമ്രയുടെ അഭാവം കൂടിയായതോടെ ഇന്ത്യ പൊരുതാൻ പോലും നിൽക്കാതെ ഓസ്ട്രേലിയയോട് കീഴടങ്ങി.

മിന്നുമണി

IPL World Test Championship, ODI World Cup, and Virat Kohli Shine in Cricket's Top Moments of 2023

കേരള ക്രിക്കറ്റിൽ 2023 ഏറെക്കുറെ മിന്നുമണിയുടെ വർഷമായിരുന്നു എന്ന് പറയാം. കേരളത്തിൽനിന്ന് ഇന്ത്യൻ സീനിയർ ടീമിലെത്തിയ ആദ്യ വനിതാ താരം എന്ന നേട്ടം മിന്നുമണി സ്വന്തമാക്കി. കേരളത്തിൽനിന്ന് വനിതാ ഐ പി എൽ കളിച്ച ആദ്യതാരവും മിന്നുമണി തന്നെ. ഇംഗ്ലണ്ട് എ ടീമിനെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ചപ്പോൾ അതിന്റെ ക്യാപ്റ്റനായും മിന്നുമണി വാർത്തകളിൽ ഇടംപിടിച്ചു. ഇതാദ്യമായിട്ടാണ് ഒരു കേരള വനിതാ താരം ദേശീയ ക്രിക്കറ്റ് ടീമിനെ നയിക്കുന്നത്. വയനാട് മാനന്തവാടി സ്വദേശിയാണ് മിന്നുമണി. ഓഫ് സ്പിൻ ബൗളിംഗാണ് മെയിൻ. ഇടംകൈ ബാറ്റിംഗും മിന്നുമണിക്ക് വഴങ്ങും. പതിനാറാം വയസ് മുതൽ കേരള ക്രിക്കറ്റിൽ സജീവമാണ് മിന്നുമണി. കഴിഞ്ഞ പത്ത് വർഷമായി വിവിധ ടീമുകളിലായി കേരളത്തിന് വേണ്ടി കളിക്കുന്നു.

വിരാട് കോലി @50

IPL World Test Championship, ODI World Cup, and Virat Kohli Shine in Cricket's Top Moments of 2023

ഏകദിനത്തിൽ സച്ചിൻ തെണ്ടുൽക്കറെക്കാളും സെഞ്ചുറികൾ - ഒരു കാലത്ത് ആരും ചിന്തിക്കാൻ പോലും ധൈര്യം കാണിക്കാത്ത റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് വിരാട് കോലി. അതും സച്ചിനെക്കാൾ 150ലധികം ഇന്നിംഗ്സുകൾ കുറച്ച് മാത്രം കളിച്ച്. ഇന്ത്യൻ ക്രിക്കറ്റിന്റെ സകല പ്രൗഡിയും പേറുന്ന മുംബൈയിലെ വാംഖഡെയിൽ സച്ചിനെ സാക്ഷി നിർത്തിയാണ് വിരാട് കോലി ന്യൂസിലൻഡിനെതിരെ തന്റെ അൻപതാം സെഞ്ചുറി കുറിച്ചത്. ഏകദിന ക്രിക്കറ്റിന്റെ 52 വർഷം നീളുന്ന ചരിത്രത്തിൽ അൻപത് ഏകദിന സെഞ്ചുറികൾ തികയ്ക്കുന്ന ആദ്യതാരമെന്ന റെക്കോർഡും വിരാടിന് സ്വന്തം. 2023 ലോകകപ്പിൽ 765 റൺസാണ് കോലി അടിച്ച് കൂട്ടിയത്.

ലോകകപ്പ് ഫൈനലിലെ തോൽവി

IPL World Test Championship, ODI World Cup, and Virat Kohli Shine in Cricket's Top Moments of 2023

12 വർഷത്തിന് ശേഷം ഇന്ത്യൻ മണ്ണിലെത്തുന്ന ലോകകപ്പ്. വിരാട് കോലിയും രോഹിത് ശർമയും ഒരുമിച്ച് ബാറ്റ് ചെയ്യുന്ന ഒരുപക്ഷേ അവസാനത്തെ ഏകദിന ലോകകപ്പ്. 2015ലെയും 2019ലെയും നോക്കൗട്ട് പരാജയങ്ങൾ ഇത്തവണ ഇന്ത്യ ആവർത്തിക്കില്ല എന്ന് കരുതിയ ആരാധകർ ഏറെ. ആരാധകരുടെ പ്രതീക്ഷയ്ക്കൊപ്പം നിന്ന ആദ്യത്തെ പത്ത് മത്സരങ്ങൾ. പത്തിൽ പത്ത് വിജയങ്ങൾ. ഓസ്ട്രേലിയ, പാകിസ്താൻ, ന്യൂസിലൻഡ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്ന് വേണ്ട മുന്നിൽ വന്ന സകല ടീമുകളോടും ആധികാരികമായിട്ടാണ് ഇന്ത്യ ജയിച്ചത്. രോഹിത് ശർമയും രാഹുൽ ദ്രാവിഡും ചേർന്ന് ലോകകപ്പ് മുന്നിൽ കണ്ട് ഒരുക്കിയ ഫോർമുല ഇന്ത്യ സകലമാന ആധികാരികതയോടും കൂടി ഗ്രൗണ്ടിൽ നടപ്പാക്കി. രോഹിതും കോലിയും രാഹുലും ഗില്ലും അയ്യരും ഷമിയും ബുംറയും ജഡേയും എന്ന് വേണ്ട ഓരോ കളിക്കാരും തങ്ങളുടെ ഭാഗം ഭംഗിയാക്കി.

ഓരോ കളിയിലും ഇന്ത്യയ്ക്ക് താരോദയങ്ങളുണ്ടായി. ഇംഗ്ലണ്ടും പാകിസ്താനും നേരത്തെ മടങ്ങിയ ലോകകപ്പിന്റെ ആവേശം ഒട്ടും ചോരാതെ നോക്കാൻ ഇന്ത്യയുടെ അപരാജിത മുന്നേറ്റവും അഫ്ഗാനിസ്ഥാന്റെ അപ്രതീക്ഷിത പ്രകടനങ്ങളും സഹായിച്ചു. രചിൻ രവീന്ദ്രയും ഡാരിൽ മിച്ചലും ഗ്ലെൻ മാക്സ്വെല്ലും ഇടയ്ക്ക് രംഗം കൊഴുപ്പിച്ചു. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഫൈനൽ കളിച്ച ഒരൊറ്റ ദിവസം ഇന്ത്യയ്ക്ക് പിഴച്ചു. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഇന്ത്യയെ ആറ് വിക്കറ്റിന് തോൽപ്പിച്ച് ഓസ്ട്രേലിയ ആറാം ലോകകപ്പുയർത്തി.

ഐപിഎൽ താരലേലം 2024

IPL World Test Championship, ODI World Cup, and Virat Kohli Shine in Cricket's Top Moments of 2023

താരത്യമേന വലിയ ചലനങ്ങളുണ്ടാക്കാതെ കടന്നുപോകാറുള്ള ഐ പി എൽ ട്രേഡ് വിൻഡോ ഇത്തവണ തലക്കെട്ടുകളിൽ നിറഞ്ഞത് ഹർദിക് പാണ്ഡ്യ കാരണമാണ്. അരങ്ങേറ്റ സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെ ക്യാപ്റ്റനാക്കിയ ഹർദിക് രണ്ടാം സീസണിൽ അവരെ ഫൈനലിലും എത്തിച്ചു. താരലേലത്തിന് മുന്നോടിയായി കളിക്കാരെ നിലനിര്‍ത്താനുള്ള സമയപരിധിയും തീര്‍ന്ന ശേഷമാണ് അതീവനാടകീയമായ നീക്കത്തിലൂടെ ഹര്‍ദിക് ഗുജറാത്ത് വിട്ട് മുംബൈ ഇന്ത്യൻസിലേക്ക് എത്തിയത്. തൊട്ടുപിന്നാലെ മുംബൈയിൽ നിന്നും കാമറൂൺ ഗ്രീൻ ബാംഗ്ലൂരിലേക്കും കൂടുമാറി. ഐ പി എല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ താരക്കൈമാറ്റങ്ങളാണ് ഇത്.

10 ടീമുകളിലുമായി 173 താരങ്ങളെ നിലനിര്‍ത്തിയിട്ടുണ്ട്. ഡിസംബര്‍ 19ന് അടുത്ത സീസണിലേക്കുള്ള താരലേലം നടക്കാനിരിക്കേ ഏതൊക്കെ താരങ്ങളെ ക്യാംപിലേക്ക് എത്തിക്കണം എന്ന അവസാനഘട്ട കണക്കുകൂട്ടലിലാണ് ഫ്രാഞ്ചൈസികൾ. ലോകകപ്പിലെ മിന്നും താരങ്ങളായ ട്രാവിസ് ഹെഡ്, രചിൻ രവീന്ദ്ര, മിച്ചൽ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിൻസ് തുടങ്ങിയവര്‍ക്കൊപ്പം നിലവിലെ ടീമുകൾ കൈവിട്ട വനിന്ദു ഹസരംഗ, ഷര്‍ദുൾ താക്കൂര്‍, ജോഷ് ഹേസൽവുഡ്, ഹാരി ബ്രൂക്ക് തുടങ്ങിയ പ്രമുഖരും ലേലത്തിനെത്തും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios