ഉദിച്ചുയരാൻ കമിൻസിന്‍റെ ഹൈദരാബാദ്, ഹാര്‍ദ്ദിക് പാണ്ഡ്യക്ക് അഗ്നിപരീക്ഷ; തോറ്റാല്‍ ആരാധകര്‍ നിർത്തി പൊരിക്കും
ടീം മാനേജ്മെന്റിന്റെ ഉറച്ച പിന്തുണയുണ്ടെങ്കിലും ഹാർദിക്കിനെ പൂർണമായി ഉൾക്കൊള്ളാൻ ടീമംഗങ്ങൾക്കും ആരാധകർക്കും കഴിഞ്ഞിട്ടില്ല.
ഹൈദരാബാദ്: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ഹൈദരാബാദിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. തോറ്റ് തുടങ്ങിയ മുംബൈയും ഹൈദരാബാദും ആദ്യ ജയത്തിനായി നേർക്കുനേർ. സൺറൈസേഴ്സ് കൊൽക്കത്തയിൽ നൈറ്റ് റൈഡേഴ്സിനോട് പൊരുതിതോറ്റപ്പോൾ,തോറ്റ് തുടങ്ങുന്ന ശീലമുള്ള മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റൻസിന് മുന്നിൽ കീഴടങ്ങി.
തോൽവിയുടെ ഭാരം മുഴുവൻ ഏറ്റെടുക്കേണ്ടിവന്ന ക്യാപ്റ്റൻ ഹാർദിക് പണ്ഡ്യ തന്നെയാവും ഇന്നും ശ്രദ്ധാകേന്ദ്രം. ടീം മാനേജ്മെന്റിന്റെ ഉറച്ച പിന്തുണയുണ്ടെങ്കിലും ഹാർദിക്കിനെ പൂർണമായി ഉൾക്കൊള്ളാൻ ടീമംഗങ്ങൾക്കും ആരാധകർക്കും കഴിഞ്ഞിട്ടില്ല. ആദ്യമത്സരത്തിൽ കളത്തിനകത്തും പുറത്തും നടന്ന സംഭവങ്ങളിൽ നിന്ന് ഇതുവ്യക്തം. ടീമിലെ അതൃപ്തി പരിഹരിക്കുകയാവും മുംബൈയുടെ ആദ്യ വെല്ലുവിളി.
രോഹിത് ശർമ്മയുടെയും ജസ്പ്രീത് ബുമ്രയുടെയും മികവിലേക്ക് ഒപ്പമുള്ളവർകൂടി എത്തിയാൽ മുംബൈയ്ക്ക് ആശങ്കവേണ്ട. പുതിയ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനും പുതിയ കോച്ച് ഡാനിയേൽ വെട്ടോറിക്കും കീഴിൽ സ്ഥിരതയില്ലായ്മയിൽ നിന്ന് കരകയറാമെന്ന പ്രതീക്ഷയിലാണ് ഹൈദരാബാദ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരായ ഹെൻറിക് ക്ലാസന്‍റെ വെടിക്കെട്ട് സൺറൈസേഴ്സിന് നൽകുന്നത് പുതിയ ഊർജം.
പേസിനെ തുണയ്ക്കുന്ന വിക്കറ്റിൽ ഭുവനേശ്വർ കുമാറിന്റെയും കമ്മിൻസിന്റെയും നടരാജന്റെയും സ്പെൽ നിർണായകമാവും. ഇന്ത്യൻ ബാറ്റർമാർകൂടി അവസരത്തിനൊത്ത് ഉയർന്നാൽ സ്വന്തം കാണികൾക്ക് മുന്നിൽ ഹൈദരാബാദിന് ഉദിച്ചുയരാം. എന്നാല്‍ ഹൈദരാബാദിനെതിരെ 202നുശേഷം അവസാനം കളിച്ച ഏഴ് കളികളില്‍ അഞ്ച് കളികളും ജയിച്ചുവെന്നതാണ് മുംബൈയുടെ ആത്മവിശ്വാസം.ഇതുവരെ പരസ്പരം ഏറ്റുമുട്ടിയ ആകെ മത്സരങ്ങളുടെ കണക്കെടുത്താല്‍ ഇരു ടീമുകളും വലിയ അന്തരമില്ല. മുംബൈ 12 മത്സരങ്ങള്‍ ജയിച്ചപ്പോള്‍ ഹൈദരാബാദ് ഒമ്പത് മത്സരങ്ങള്‍ ജയിച്ചു.ഹൈദരാബാദിലെ പിച്ച് ബാറ്റര്‍മാരെയും ബൗളര്‍മാരെയും ഒരുപോലെ പിന്തുണക്കുന്നതാണെന്നതിനാല്‍ ആവേശകരമായ മത്സരം തന്നെ പ്രതീക്ഷിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക