വേഗം കണ്ട് ക്രിക്കറ്റ് ലോകം ശരിക്കും ഞെട്ടാന്‍ പോകുന്നതേയുള്ളൂ; ലക്ഷ്യം തുറന്നുപറഞ്ഞ് ഉമ്രാന്‍ മാലിക്

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ വൃദ്ധിമാന്‍ സാഹയെ പുറത്താക്കാന്‍ 152.8 കി.മീ വേഗത്തിലാണ് ഉമ്രാന്‍ മാലിക് യോർക്കർ എറിഞ്ഞത്

IPL 2022 Sunrisers Hyderabad pace sensation Umran Malik hope to hit 155 kmph

മുംബൈ: ഐപിഎല്ലില്‍ (IPL 2022) ഗുജറാത്ത് ടൈറ്റന്‍സ് (Gujarat Titans) ബാറ്റർ വൃദ്ധിമാന്‍ സാഹയെ (Wriddhiman Saha) 152.8 കിലോമീറ്റർ വേഗമുള്ള യോർക്കറില്‍ പുറത്താക്കി അത്ഭുതപ്പെടുത്തിയിരിക്കുകയാണ് സണ്‍റൈസേഴ്‍സ് ഹൈദരാബാദ് (Sunrisers Hyderabad) പേസർ ഉമ്രാന്‍ മാലിക് (Umran Malik). ഐപിഎല്‍ പതിനഞ്ചാം സീസണിലെ വേഗമേറിയ പന്ത് കൂടിയാണിത്. എന്നാല്‍ ഇതിനും മുകളില്‍ തന്‍റെ ലക്ഷ്യം അടയാളപ്പെടുത്തിയിരിക്കുകയാണ് ഉമ്രാന്‍ മാലിക്. 

'ലെങ്ത് നിലനിർത്തിക്കൊണ്ട് വേഗത്തില്‍ പന്തെറിഞ്ഞ് വിക്കറ്റ് നേടാനാണ് ശ്രമം. ഹർദിക് പാണ്ഡ്യയെ ബൌണ്‍സർ എറിഞ്ഞ് പുറത്താക്കിയ ശേഷം വൃദ്ധിമാന്‍ സാഹയെ യോർക്കറിലാണ് വീഴ്ത്തിയത്. 155 കീലോമീറ്റർ വേഗത്തില്‍ ഒരു ദിവസം പന്തെറിയാനാകും എന്നാണ് പ്രതീക്ഷ' എന്നും ഗുജറാത്ത്-ഹൈദരാബാദ് മത്സര ശേഷം ഉമ്രാന്‍ മാലിക് പറഞ്ഞു. ഈ സീസണില്‍ തുടർച്ചയായി 150 കി.മീ വേഗത്തില്‍ പന്തെറിയുന്നുണ്ട് ഉമ്രാന്‍ മാലിക്. സീസണിലാകെ എട്ട് മത്സരങ്ങളില്‍ 15.93 ശരാശരിയില്‍ 15 വിക്കറ്റ് വീഴ്ത്തി. 

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ വൃദ്ധിമാന്‍ സാഹയെ പുറത്താക്കാന്‍ 152.8 കി.മീ വേഗത്തിലാണ് ഉമ്രാന്‍ മാലിക് യോർക്കർ എറിഞ്ഞത്. മത്സരത്തില്‍ നാല് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി ഉമ്രാന്‍ മാലിക് 5 വിക്കറ്റ് വീഴ്‍ത്തി. താരത്തിന്‍റെ അഞ്ച് വിക്കറ്റുകളില്‍ നാലും ബൗള്‍ഡായിരുന്നു. ഡേവിഡ് മില്ലര്‍, വൃദ്ധിമാന്‍ സാഹ, ശുഭ്മാന്‍ ഗില്‍, അഭിനവ് മനോഹര്‍ എന്നിവരെയാണ് ബൗള്‍ഡാക്കിയത്. അതേസമയം ഹർദിക് പാണ്ഡ്യയെ മാർക്കോ ജാന്‍സന്‍റെ കൈകളിലെത്തിച്ചു. അഞ്ച് വിക്കറ്റ് പ്രകനവുമായി ഉമ്രാന്‍ മാലിക് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 

എങ്കിലും ഉമ്രാന്‍ മാലിക്കിന്‍റെ തീയുണ്ടകള്‍ക്ക് മുന്നില്‍ മുട്ടുമടക്കാതെ പൊരുതിയ രാഹുല്‍ തെവാട്ടിയയും റാഷിദ് ഖാനും ചേര്‍ന്ന് ഗുജറാത്ത് ടൈറ്റന്‍സിന് അഞ്ച് വിക്കറ്റിന്‍റെ അവിശ്വസനീയ വിജയം സമ്മാനിച്ചു. 196 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് അവസാന പന്തിലാണ് ജയത്തിലെത്തിയത്. 25 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഉമ്രാന്‍റെ പേസിന് മുന്നില്‍ തോല്‍വി ഉറപ്പിച്ചിടത്തുനിന്നാണ് അവസാന രണ്ടോവറില്‍ 35 റണ്‍സ് അടിച്ചെടുത്ത് തെവാട്ടിയയും റാഷിദും ചേര്‍ന്ന് ഗുജറാത്തിനെ ജയത്തിലേക്ക് നയിക്കുകയായിരുന്നു. ജയത്തോടെ ഗുജറാത്ത് പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

അത്ഭുത പന്ത്, 152.8 കിലോമീറ്റർ വേഗമുള്ള യോർക്കർ! കാണാം സാഹയുടെ സ്റ്റംപ് പിഴുത ഉമ്രാന്‍ മാലിക്കിന്‍റെ വെടിയുണ്ട

Latest Videos
Follow Us:
Download App:
  • android
  • ios