IPL 2022: ബാംഗ്ലൂര്‍ നാണംകെട്ടു, ജയത്തോടെ ഹൈദരാബാദ് രണ്ടാമത്

72 പന്തുകള്‍ ബാക്കി നിര്‍ത്തി നേടിയ വമ്പന്‍ ജയത്തോടെ നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തിയ ഹൈദരാബാദ് ഏഴ് കളികളില്‍ 10 പോയന്‍റുമായി രാജസ്ഥാന്‍ റോയല്‍സിനെ മൂന്നാം സ്ഥാനത്തേക്കും ബാംഗ്ലൂരിനെ നാലാം സ്ഥാനത്തേക്കും പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് കയറി. ആദ്യ രണ്ട് കളികളും തോറ്റു തുടങ്ങിയ ഹൈദരാബാദിന്‍റെ തുടര്‍ച്ചയായ അഞ്ചാം ജയമാണിത്.

IPL 2022: Sunrisers Hyderabad beat Royal Challengers Bangalore by 9 wickets

മുംബൈ: ഐപിഎല്ലില്‍(IPL 2022) റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി വിജയക്കുതിപ്പ് തുടര്‍ന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദ്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിനെ 68 റണ്‍സിന് പുറത്താക്കിയ ഹൈദരാബാദ് ഒരു വിക്കറ്റ് നഷ്ടത്തില്‍ എട്ടോവറില്‍ ലക്ഷ്യം അടിച്ചെടുത്തു. 28 പന്തില്‍ 47 റണ്‍സെടുത്ത് വിജയത്തിനടുത്ത് പുറത്തായ ഓപ്പണര്‍ അഭിഷേക് ശര്‍മയാണ് ഹൈദരാബാദിന്‍റെ ജയം വേഗത്തിലാക്കിയത്. സ്കോര്‍ റോല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 16.1 ഓവറില്‍ 68ന് ഓള്‍ ഔട്ട്, സണ്‍റൈസേഴ്സ് ഹൈദരാബാദ് 8 ഓവറില്‍ 72-1.

72 പന്തുകള്‍ ബാക്കി നിര്‍ത്തി നേടിയ വമ്പന്‍ ജയത്തോടെ നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തിയ ഹൈദരാബാദ് ഏഴ് കളികളില്‍ 10 പോയന്‍റുമായി രാജസ്ഥാന്‍ റോയല്‍സിനെ മൂന്നാം സ്ഥാനത്തേക്കും ബാംഗ്ലൂരിനെ നാലാം സ്ഥാനത്തേക്കും പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് കയറി. ആദ്യ രണ്ട് കളികളും തോറ്റു തുടങ്ങിയ ഹൈദരാബാദിന്‍റെ തുടര്‍ച്ചയായ അഞ്ചാം ജയമാണിത്.

അതിവേഗം ലക്ഷ്യത്തിലേക്ക്

അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമെ ബാംഗ്ലൂരിന് ഹൈദരാബാദിനെ തടയാനാവുമായിരുന്നുള്ളു. എന്നാല്‍ അതിനുള്ള കോപ്പൊന്നും ബാഗ്ലൂരിന്‍റെ പക്കലുലുണ്ടായില്ല. പവര്‍ പ്ലേയിലെ ആദ്യ രണ്ടോവറില്‍ 10 റണ്‍സ് മാത്രമെടുത്ത് കരുതലോടെ തുടങ്ങിയ ഹൈദരാബാദ് സിറാജിന്‍റെ മൂന്നാം ഓവറില്‍ 13 റണ്‍സ് നേടി അതിവേഗം ലക്ഷ്യത്തിലേക്ക് കുതിച്ചു. ഹേസല്‍വുഡ് എറിഞ്ഞ നാലാം ഓവറില്‍ 10ഉം ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ ഒമ്പതും റണ്‍സെടുത്ത ഹൈദരാബാദ് പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ഹേസല്‍വുഡിനെതിരെ 14 റണ്‍സടിച്ച് പവര്‍ പ്ലേ കളറാക്കി.

ലക്ഷ്യത്തിനടുത്ത് അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കാതെ അഭിഷേക് ശര്‍മ(47) മടങ്ങിയത് മാത്രമാണ് ഹൈദരാബാദിന്‍റെ ഏക നിരാശ. ഹര്‍ഷല്‍ പട്ടേലിനെ സിക്സിന് പറത്തി രാഹുല്‍ ത്രിപാഠി(7) ഹൈദരാബാദിന്‍റെ വിദജയറണ്‍ നേടുമ്പോള്‍ 16 റണ്‍സുമായി ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണായിരുന്നു കൂട്ട്.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ബാഗ്ലൂര്‍ മാര്‍ക്കോ ജാന്‍സന്‍റെയും ടി നടരാജന്‍റെയും പേസിന് മുന്നിലാണ് മുട്ടുമടക്കിയത്.15 റണ്‍സെടുത്ത സുയാഷ് പ്രഭുദേശായ് ആണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറര്‍. ഗ്ലെന്‍ മാക്സ്‌വെല്‍ 12 റണ്‍സെടുത്തു. ഇരുവരുമൊഴികെ മറ്റാരും ബാംഗ്ലൂര്‍ നിരയില്‍ രണ്ടക്കം കടന്നില്ല. ഹൈദരാബാദിനായി നടരാജന്‍ 10 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ജാന്‍സണ്‍ 25 രണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

തലതകര്‍ത്ത് ജാന്‍സണ്‍, നടുവൊടിച്ച് നടരാജന്‍

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ബാംഗ്ലൂര്‍ രണ്ടാം ഓവറില്‍ തന്നെ തകര്‍ന്നടിഞ്ഞു. മാര്‍ക്കോ ജാന്‍സന്‍റെ ആദ്യ പന്തില്‍ ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസി(5) ക്ലീന്‍ ബൗള്‍ഡായപ്പോള്‍ അടുത്ത പന്തില്‍ മുന്‍ നായകന്‍ വിരാട് കോലി(0) സ്ലിപ്പില്‍ ഏയ്ഡന്‍ മാര്‍ക്രമിന്‍റെ കൈകളിലെത്തി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മുന്‍ നായകന്‍ വിരാട് കോലി ഗോള്‍ഡന്‍ ഡക്കായത് ആരാധകര്‍ അവിശ്വസനീയതയോടെയാണ് കണ്ടത്.

അതേ ഓവറിലെ അവസാന പന്തില്‍ അനുജ് റാവത്തിനെ(0) കൂടി മടക്കി ജാന്‍സന്‍ ബാംഗ്ലൂരിന്‍റെ തലയരിഞ്ഞു. ജാന്‍സണ്‍ തുടങ്ങിവെച്ചത് ഏറ്റെടുത്ത നടരാജന്‍ ആദ്യം ഗ്ലെന്‍ മാക്സ്‌വെല്ലിനെ(12) ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്‍റെ കൈകളിലെത്തിച്ചു. ഹര്‍ഷല്‍ പട്ടേലിനെയും(4) വാനിന്ദു ഹസരങ്കയെയും(8) കൂടി വീഴ്ത്തി നടരാജന്‍ ബാംഗ്ലൂരിന്‍റെ തകര്‍ച്ച പൂര്‍ണമാക്കി.

ബാംഗ്ലൂരിന്‍റെ പ്രതീക്ഷയായിരുന്ന ദിനേശ് കാര്‍ത്തിക്കിനെ(0) സുചിത്തിന്‍റെ പന്തില്‍ വിക്കറ്റിന് പിന്നില്‍ നിക്കോളാസ് പുരാന്‍ അവിശ്വസനീയമായി കൈയിലൊതുക്കിയപ്പോള്‍ പൊരുതാന്‍ നോക്കിയ പ്രഭുദേശായിയെയും സുചിത്തിന്‍റെ പന്തില്‍ പുരാന്‍ പറന്നുപിടിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios