IPL 2022: റണ്‍ പൂരത്തിനൊടുവില്‍ ഡല്‍ഹിയെ വീഴ്ത്തി രാജസ്ഥാന്‍ തലപ്പത്ത്
ജയത്തോടെ ഏഴ് കളികളില്‍ 10 പോയന്‍റുമായി രാജസ്ഥാന്‍ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ആറ് കളികളില്‍ 10 പോയന്‍റുള്ള ഗുജറാത്ത് രണ്ടാമതും ഏഴ് കളികളില്‍ 10 പോയന്‍റുള്ള ബാംഗ്ലൂര്‍ മൂന്നാമതുമാണ്. തോറ്റെങ്കിലും ഡല്‍ഹി ആറാം സ്ഥാനത്തു തുടരുന്നു.
മുംബൈ: ഐപിഎല്ലില്‍(IPL 2022) ആവേശം അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 15 റണ്‍സിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്(DC vs RR) പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഉയര്‍ത്തിയ 223 റണ്‍സിന്‍റെ വിജയലക്ഷ്യത്തിന് മുന്നില്‍ അവസാന ഓവര്‍ വരെ പൊരുതിയെങ്കിലും ഡല്‍ഹിക്ക് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 44 റണ്‍സെടുത്ത ക്യാപ്റ്റന്‍ റിഷഭ് പന്തും 37 റണ്‍സ് വീതമെടുത്ത പൃഥ്വി ഷായും ലളിത് യാദവും അവസാന ഓവറിലെ വെടിക്കെട്ടിലൂടെ അത്ഭുത ജയം സമ്മാനിക്കുമെന്ന് പ്രതീക്ഷ നല്‍കിയ റൊവ്‌മാന്‍ പവലും(35) മാത്രമെ ഡല്‍ഹിക്കായി പൊരുതിയുള്ളു. രാജസ്ഥാനു വേണ്ടി പ്രസിദ്ധ് കൃഷ്ണയും ആര്‍ അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ജയത്തോടെ ഏഴ് കളികളില്‍ 10 പോയന്‍റുമായി രാജസ്ഥാന്‍ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ആറ് കളികളില്‍ 10 പോയന്‍റുള്ള ഗുജറാത്ത് രണ്ടാമതും ഏഴ് കളികളില്‍ 10 പോയന്‍റുള്ള ബാംഗ്ലൂര്‍ മൂന്നാമതുമാണ്. തോറ്റെങ്കിലും ഡല്‍ഹി ആറാം സ്ഥാനത്തു തുടരുന്നു. സ്കോര്‍ രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 222-2, ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 207-8.
തുടക്കം കസറി
രാജസ്ഥാന്‍ ഉയര്‍ത്തിയ റണ്‍മല കയറാനിറങ്ങിയ ഡല്‍ഹിക്കായി ഓപ്പണര്‍മാരായ പൃഥ്വി ഷായും ഡേവിഡ് വാര്‍ണറും തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 4.3 ഓവഖില്‍ 43 റണ്‍സടിച്ചു. വാര്‍ണറെ(14 പന്തില്‍ 28) മടക്കി പ്രസിദ്ധ് കൃഷ്ണയാണ് കൂട്ടുകെട്ട് പൊളിച്ചത്. വണ്‍ഡൗണായി എത്തിയ സര്‍ഫ്രാസ് ഖാനെ(1) അശ്വിന്‍ വീഴ്ത്തിയെങ്കിലും ക്യാപ്റ്റന്‍ റിഷഭ് പന്തും പൃഥ്വി ഷായും പോരാട്ടം തുടര്‍ന്നതോടെ ഡല്‍ഹിക്ക് പ്രതീക്ഷയായി. ഇരുവരും ചേര്‍ന്ന് ഡല്‍ഹിയെ പത്താം ഓവറില്‍ 99ല്‍ എത്തിച്ചു.
പൃഥ്വി ഷായെ(27 പന്തില്‍ 37) ബോള്‍ട്ടിന്‍റെ കൈകളിലെത്തിച്ച് അശ്വിന്‍ വീണ്ടും രാജസ്ഥാന്‍റെ പ്രതീക്ഷ കാത്തു. റിഷഭ് പന്ത് തകര്‍ത്തടിച്ചതോടെ ഡല്‍ഹി മികച്ച റണ്‍നിരക്കില്‍ മുന്നേറിയെങ്കിലും പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ ചാഹല്‍ കൈവിട്ടതിന് പിന്നാലെ വീണ്ടും അവസരം നല്‍കിയ പന്തിനെ ദേവ്‌ദത്ത് പടിക്കല്‍ പിടികൂടിയതോടെ ഡല്‍ഹിയുടെ പ്രതീക്ഷ മങ്ങി.
ഒടുക്കം വിവാദം
അവസാന മൂന്നോവറില്‍ 51 ജയിക്കാന്‍ 51 റണ്‍സ് വേണ്ടിയിരുന്ന ഡല്‍ഹിക്കായി റൊവ്മാന്‍ പവല്‍, ട്രെന്‍റ് ബോള്‍ട്ട് എറിഞ്ഞ പതിനെട്ടാം ഓവറില്‍ 18 റണ്‍സടിച്ച് പ്രതീക്ഷ നല്‍കിയെങ്കിലും പത്തൊമ്പതാം ഓവര്‍ എറിഞ്ഞ പ്രസിദ്ധ് കൃഷ്ണ വിക്കറ്റ് മെയ്ഡിനാക്കിയതോടെ ഒരോവറില്‍ 36 റണ്‍സെന്നതായി ഡല്‍ഹിയുടെ ലക്ഷ്യം. അവസാന ഓവറിലെ ആദ്യ മൂന്ന് പന്തുകളും സിക്സിന് പറത്തി റൊവ്‌മാന്‍ പവല്‍ ഡല്‍ഹിക്ക് വീണ്ടും പ്രതീക്ഷ നല്‍കി.
എന്നാല്‍ സിക്സ് അടിച്ച മൂന്നാം പന്ത് അമ്പയര്‍ ഫുള്‍ടോസ് നോ ബോള്‍ വിളിക്കാത്തതിനെച്ചൊച്ചി ഡല്‍ഹി താരങ്ങള്‍ ക്യാപ്റ്റന്‍ റിഷഭ് പന്തിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തി. കളിക്കാരോട് തിരിച്ചുവരാന്‍ വരെ പന്ത് ആവശ്യപ്പെട്ടു. പിന്നീടുള്ള മൂന്ന് പന്തില്‍ രണ്ട് റണ്‍സ് മാത്രം വഴങ്ങി ഒബേഡ് മക്കോയ് രാജസ്ഥാന് ജയം സമ്മാനിച്ചു. ലളിത് യാദവിന്‍റെയും(24 പന്തില്‍ 37) റൊവ്മാന്‍ പവലിന്‍റെയും(15 പന്തില്‍ 36) തോല്‍വിഭാരം കുറച്ചു.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഓപ്പണര്‍ ജോസ് ബട്‌ലറുടെ സെഞ്ചുറിയുടെും ദേവ്‌ദത്ത് പടിക്കലിന്‍റെ അര്‍ധസെഞ്ചുറിയുടെയും ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെ ബാറ്റിംഗ് വെടിക്കെട്ടിന്‍റെയും കരുത്തിലാണ് 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുത്തു. ബട്‌ലര്‍ 65 പന്തില്‍ 113 റണ്‍സെടുത്തപ്പോള്‍ പടിക്കല്‍ 35 പന്തില്‍ 54 റണ്‍സെടുത്തു. സഞ്ജു 19 പന്തില്‍ 46 റണ്‍സുമായി പുറത്താകാതെ നിന്നു. ഓപ്പണിംഗ് വിക്കറ്റില്‍ ബട്‌ലറും പടിക്കിലും ചേര്‍ന്ന് 15 ഓവറില്‍ 155 റണ്‍സടിച്ചു കൂട്ടിയശേഷമാണ് വേര്‍ പിരിഞ്ഞത്.