IPL 2022: തകര്‍ത്തടിച്ച് ധവാന്‍; പഞ്ചാബിനെതിരെ ചെന്നൈക്ക് 188 റണ്‍സ് വിജയലക്ഷ്യം

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ പഞ്ചാബിന് ഓപ്പണര്‍ ശിഖര്‍ ധവാും ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 5.5 ഓവറില്‍ 37 റണ്‍സടിച്ചു

IPL 2022: PBKS set 188 runs target for CSK

മുംബൈ: ഐപിഎല്ലില്‍ (IPL 2022) പഞ്ചാബ് കിംഗ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 188 റണ്‍സ് വിജയലക്ഷ്യം. ഓപ്പണര്‍ ശിഖര്‍ ധവാന്‍റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെ മികവില്‍ പഞ്ചാബ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സടിച്ചു. 59 പന്തില്‍ 88 റണ്‍സെടുത്ത ധവാനാണ് പഞ്ചാബിന്‍റെ ടോപ് സ്കോറര്‍. ഭാനുക രജപക്സെ(42)യും പഞ്ചാബിനായി തിളങ്ങി.

വീണ്ടും മീശപിരിച്ച് ധവാന്‍

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ പഞ്ചാബിന് ഓപ്പണര്‍ ശിഖര്‍ ധവാും ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 5.5 ഓവറില്‍ 37 റണ്‍സടിച്ചു.  മായങ്കിനെ(18) മടക്കി തീക്ഷണയാണ് ചെന്നൈക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന രജപക്സെയും ധവാനും ചേര്‍ന്ന് 110 റണ്‍സിന്‍റെ കൂട്ടുകെട്ട് ഉയര്‍ത്തി പഞ്ചാബിന്‍റെ വമ്പന്‍ ടോട്ടലിനുള്ള അടിത്തറയിട്ടു.

തന്‍റെ ഇരുന്നൂറാം ഐപിഎല്‍ മത്സരം കളിക്കുന്ന ധവാന്‍ 37 പന്തില്‍ ഐപിഎല്ലിലെ 46-ാം അര്‍ധസെഞ്ചുറി തികച്ചു. രജപക്സെയും തകര്‍ത്തടിച്ചതോടെ പഞ്ചാബ് കുതിച്ചു. പതിനേഴാം ഓവറില്‍ രജപക്സെയെ(32 പന്തില്‍ 42) മടക്കി ബ്രാവോ ചെന്നൈക്ക് ആശ്വസിക്കാന്‍ വക നല്‍കിയെങ്കിലും പിന്നീടെത്തിയ ലിയാം ലിവിംഗ്‌സ്റ്റണ്‍ മോശമാക്കിയില്ല.

മിന്നുന്ന ഫോമിലുള്ള ലിവിംഗ്‌സ്റ്റണ്‍(7 പന്തില്‍ 19) അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചതോടെ പഞ്ചാബ് മികച്ച സ്കോറിലെത്തി. അവസാന നാലോവറില്‍ 51 റണ്‍സാണ് പഞ്ചാബ് അടിച്ചെടുത്തത്. ചെന്നൈക്കായി ഡ്വയിന്‍ ബ്രാവോ രണ്ട് വിക്കറ്റെടുത്തു.

നേരത്തെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മുംബൈക്കെതിരെ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ചെന്നൈ ഇന്നിറങ്ങുന്നത്. അതേസമയം, പഞ്ചാബ് ടീമില്‍ മൂന്ന് മാറ്റങ്ങളുണ്ട്. ഷാരൂഖ് ഖാന് പകരം റിഷി ധവാന്‍ പഞ്ചാബ് ടീമിലെത്തി. പേസര്‍ സന്ദീപ് ശര്‍മ അന്തിമ ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ ഭാനുക രാജപക്സെയും പഞ്ചാബിന്‍റെ അന്തിമ ഇലവനിലെത്തി.

Latest Videos
Follow Us:
Download App:
  • android
  • ios