IPL 2022: ധോണി 'തല'യും കോലി കിംഗുമാണെങ്കില്‍ അയാള്‍ ടി20യിലെ ഖലീഫ, പഞ്ചാബ് താരത്തെക്കുറിച്ച് കൈഫ്
അയാളെ ടി20 ലോകകപ്പില്‍ കളിപ്പിക്കണമെന്നാണ് എന്‍റെ അഭിപ്രായം. ഏത് പൊസിഷനില്‍ കളിപ്പിക്കുമെന്ന് എന്നോട് ചോദിക്കരുത്, ഞാന്‍ സെലക്ടറായിരുന്നെങ്കില്‍ ഞാനത് പറഞ്ഞുതന്നേനെ എന്നായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ ധവാന്‍ പ്രകടനത്തിനുശേഷം കൈഫിന്‍റെ ട്വീറ്റ്.
മുംബൈ: ഐപിഎല്ലില്‍(IPL 2022) എട്ട് മത്സരങ്ങളില്‍ നാലു ജയവുമായി എട്ട് പോയന്‍റുള്ള പഞ്ചാബ് കിംഗ്സ്(Punjab Kings) പോയന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. മായങ്ക് അഗര്‍വാളിന്‍റെ നേതൃത്വത്തിലിറങ്ങിയ പഞ്ചാബിന് ഈ സീസണ്‍ സമ്മിശ്രമായിരുന്നു. കരുത്തരായ ചെന്നൈയെയും മുംബൈയെയും തോല്‍പ്പിച്ച പഞ്ചാബിന് പക്ഷെ ഗുജറാത്തിനും ഹൈദരാബാദിനുമെല്ലാം മുന്നില്‍ അടിതെറ്റി. എന്നാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോടേറ്റ തോല്‍വിക്ക് പിന്നാലെ കഴിഞ്ഞ മത്സരത്തില്‍ സീസണില്‍ രണ്ടാം തവണയും ചെന്നൈയെ വീഴ്ത്തി യഥാര്‍ത്ഥ സൂപ്പര്‍ കിംഗ്സായി പഞ്ചാബ് വീണ്ടും വിജയ വഴിയില്‍ തിരിച്ചെത്തി.
ഇതിന് ചുക്കാന്‍ പിടിച്ചതാകട്ടെ ഓപ്പണര്‍ ശിഖര്‍ ധവാനായിരുന്നു(Shikhar Dhawan). 59 പന്തില്‍ 88 റണ്‍സുമായി പുറത്താകാതെ നിന്ന ധവാന്‍ പഞ്ചാബിന്‍റെ ടോപ് സ്കോററായതിനൊപ്പം ഐപിഎല്ലില്‍ 6000 റണ്‍സും തികച്ചിരുന്നു. തന്‍റെ 200ാം ഐപിഎല്‍ മത്സരത്തിലായിരുന്നു ധവാന്‍റെ റെക്കോര്‍ഡ് നേട്ടം. വിരാട് കോലിക്ക് ശേഷം ഐപിഎല്ലില്‍ 6000 റണ്‍സ് പിന്നിടുന്ന ഇന്ത്യന്‍ ബാറ്ററാണ് ധവാന്‍. അതുപോലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഏറ്റവു കൂടുതല്‍ റണ്‍സടിച്ച ബാറ്ററെന്ന റെക്കോര്‍ഡും ധവാന്‍ കോലിയില്‍ നിന്ന് സ്വന്തമാക്കിയിരുന്നു.
സീസണില്‍ എട്ടു മത്സരങ്ങളില്‍ നിന്ന് 302 റണ്‍സുമായി റണ്‍വേട്ടയില്‍ ജോസ് ബട്‌ലര്‍ക്കും കെ എല്‍ രാഹുലിനും മാത്രം പുറകിലാണ് 36കാരനായ ധവാന്‍. അതുകൊണ്ടുതന്നെ ലോകകപ്പ് ടീമിലേക്ക് ധവാനെ എന്തായാലും പരിഗണിക്കണമെന്ന ആഭിപ്രായമാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫിന്.
ധോണി തലയാണെങ്കില്‍ വിരാട് കിംഗാണെങ്കില്‍, ധവാന്‍ ഐപിഎല്ലിലെ ഖലീഫ ആണ്. സമ്മര്‍ദ്ദഘട്ടത്തില്‍ മികച്ച പ്രകടനം നടത്തി 6000 ഐപിഎല്‍ റണ്‍സ് തികച്ചുവെന്നത് തന്നെ അയാളെ ടി20 ക്രിക്കറ്റിലെ ഖലീഫ ആക്കുന്നു. അയാളെ ടി20 ലോകകപ്പില്‍ കളിപ്പിക്കണമെന്നാണ് എന്‍റെ അഭിപ്രായം. ഏത് പൊസിഷനില്‍ കളിപ്പിക്കുമെന്ന് എന്നോട് ചോദിക്കരുത്, ഞാന്‍ സെലക്ടറായിരുന്നെങ്കില്‍ ഞാനത് പറഞ്ഞുതന്നേനെ എന്നായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ ധവാന്‍ പ്രകടനത്തിനുശേഷം കൈഫിന്‍റെ ട്വീറ്റ്.