IPL 2022: സെഞ്ചുറിയുമായി വീണ്ടും രാഹുല്‍, ലഖ്നൗവിനെതിരെ മുംബൈക്ക് 169 റണ്‍സ് വിജയലക്ഷ്യം
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ലഖ്നൗവിന് ജസ്പ്രീത് ബുമ്ര എറിഞ്ഞ പവര്‍ പ്ലേയിലെ നാലാം ഓവറില്‍ ഓപ്പണര്‍ ക്വിന്‍റണ്‍ ഡീ കോക്കിനെ നഷ്ടമായി. ശക്തമായ എല്‍ബിഡബ്ല്യു അപ്പീല്‍ അതിജീവിച്ച ഡീകോക്ക് തൊട്ടടുത്ത പന്തില്‍ നല്‍കിയ ക്യാച്ച് തിലക് വര്‍മ കൈവിട്ടു. അടുത്ത പന്തിലായിരുന്നു ബുമ്ര ഡീകോക്കിനെ(10) ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കൈകളിലെത്തിച്ചത്.
മുംബൈ: ഐപിഎല്ലിൽ(IPL 2022) ലക്നൗ സൂപ്പർ ജയന്‍റ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന്(Lucknow Super Giants vs Mumbai Indians)169 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്‍റെ(KL Rahul) സെഞ്ചുറി മികവില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു. 62 പന്തില്‍ 103 റണ്‍സെടുത്ത് പുറത്താകാതെ നിന്ന രാഹുലാണ് ലഖ്നൗവിന്‍റെ ടോപ് സ്കോറര്‍. മറ്റാര്‍ക്കും ലഖ്നൗ നിരയില്‍ തിളങ്ങാാനായില്ല.
തുടക്കത്തില്‍ അടിതെറ്റി, തകര്‍ത്തടിച്ച് രാഹുല്‍
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ലഖ്നൗവിന് ജസ്പ്രീത് ബുമ്ര എറിഞ്ഞ പവര്‍ പ്ലേയിലെ നാലാം ഓവറില്‍ ഓപ്പണര്‍ ക്വിന്‍റണ്‍ ഡീ കോക്കിനെ നഷ്ടമായി. ശക്തമായ എല്‍ബിഡബ്ല്യു അപ്പീല്‍ അതിജീവിച്ച ഡീകോക്ക് തൊട്ടടുത്ത പന്തില്‍ നല്‍കിയ ക്യാച്ച് തിലക് വര്‍മ കൈവിട്ടു. അടുത്ത പന്തിലായിരുന്നു ബുമ്ര ഡീകോക്കിനെ(10) ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കൈകളിലെത്തിച്ചത്.
പവര്‍പ്ലേയില്‍ തകര്‍ത്തടിക്കാനാവാതിരുന്ന ലഖ്നൗവിന് ഒരു വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സെ നേടാനായുള്ളു. മനീഷ് പാണ്ഡെയുമൊത്ത് മികച്ച കൂട്ടുകെട്ടുണ്ടാക്കിയ രാഹുല്‍ ലഖ്നൗവിനെ മുന്നോട്ട് നയിച്ചു. ഒമ്പതാം ഓവറിലാണ് ലഖ്നൗ 50 കടന്നത്. പത്താം ഓവറില്‍ ലെ മെറിഡിത്തിനെതിരെ രണ്ട് ബൗണ്ടറിയും ഒറു സിക്സും പറത്തി 17 റണ്‍സടിച്ച് ലഖ്നൗ ഗിയര്‍ മാറ്റി.
37 പന്തില്‍ രാഹുല്‍ അര്‍ധസെഞ്ചുറി തികച്ചു. ഇതിന് പിന്നാലെ മനീഷ് പാണ്ഡെയെ(22) പൊള്ളാര്‍ഡ് മടക്കി. പിന്നീടെത്തിയ മാര്‍ക്കസ് സ്റ്റോയ്നിസിനും(0) ക്രീസില്‍ അധികം ആയുസുണ്ടായില്ല. പതിമൂന്നാം ഓവറില്‍ ലഖ്നൗ 100 കടന്നു. എന്നാല്‍ പതിനാലാം ഓവറില്‍ ക്രുനാല്‍ പാണ്ഡ്യെയെയും(1) വീഴ്ത്തി പൊള്ളാര്‍ഡ് ലഖ്നൗവിന്‍റെ റണ്ണൊഴുക്ക് തടഞ്ഞു. ദീപക് ഹൂഡക്കും(10) കാര്യമായി ഒന്നും ചെയ്യാനായില്ല.
ഉനദ്ഘട്ട് എറിഞ്ഞ പതിനെട്ടാം ഓവറില്‍ ഹാട്രിക് ബൗണ്ടറി നേടി അതിവേഗം സെഞ്ചുറിയിലേക്ക് കുതിച്ച രാഹുലിന് പക്ഷെ ബുമ്ര എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ നാലു റണ്‍സ് മാത്രമെ നേടാനായുള്ളു. ലെ മെറിഡിത്ത് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് തന്നെ സിക്സിന് പറത്തി സീസണിലെ രണ്ടാം സെഞ്ചുറി തികച്ച രാഹുല്‍ ലഖ്നൗവിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചെങ്കിലും അവസാനം തകര്‍ത്തടിക്കാനാവാഞ്ഞത് ലഖ്നൗവിന്‍റെ ടോട്ടല്‍ 168ല്‍ നില്‍ത്തി.
മുംബൈക്കായി റിലേ മെറിഡിത്തും കെയ്റോണ്‍ പൊള്ളാര്‍ഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നും വരുത്താതെയാണ് മുംബൈ ഇന്നിറങ്ങിയത്. അതേസമയം, ലഖ്നൗ ടീമില്‍ ഒരു മാറ്റമുണ്ട്. ചെറിയ പരിക്കുള്ള ആവേശ് ഖാന് പകരം മൊഹ്സിന്‍ ഖാന്‍ ലഖ്നൗവിന്‍റെ അന്തിമ ഇലവനിലെത്തി.