IPL 2022: തകര്‍ത്തടിച്ചത് ഹാര്‍ദ്ദിക് മാത്രം, ഗുജറാത്തിനെതിരെ കൊല്‍ക്കത്തക്ക് 157 റണ്‍സ് വിജയലക്ഷ്യം
കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും നിരാശപ്പെടുത്തി ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് ഇത്തവണയും തിളങ്ങാനായില്ല. ടിം സൗത്തി എറിഞ്ഞ രണ്ടാം ഓവറില്‍ ഏഴ് റണ്‍സുമായി ഗില്‍ മടങ്ങി. എന്നാല്‍ വണ്‍ ഡൗണായി ക്രീസിലെത്തിയ ഹാര്‍ദ്ദിക്കും വൃദ്ധിമാന്‍ സാഹയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 75 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി ഗുജറാത്തിനെ നയിച്ചു. പവര്‍ പ്ലേ പിന്നിടുമ്പോള്‍ 47-1 എന്ന സ്കോറിലായിരുന്നു ഗുജറാത്ത്.
മുംബൈ: ഐപിഎല്ലില്‍ (IPL 2022) ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്(KKR vs GT) 157 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തു. വണ്‍ ഡൗണായി ക്രീസിലെത്തിയ ഹാര്‍ദ്ദിക് 49 പന്തില്‍ 67 റണ്‍സെടുത്ത് ഗുജറാത്തിന്‍റെ ടോപ് സ്കോററായി. കൊല്‍ക്കത്തക്കായി ഇന്നിംഗ്സിലെ അവസാന ഓവര്‍ എറിഞ്ഞ ആന്ദ്രെ റസല്‍ അഞ്ച് റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തപ്പോള്‍ ടിം സൗത്തി മൂന്ന് വിക്കറ്റെടുത്തു.
നിരാശപ്പെടുത്തി വീണ്ടും ഗില്‍
കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും നിരാശപ്പെടുത്തി ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് ഇത്തവണയും തിളങ്ങാനായില്ല. ടിം സൗത്തി എറിഞ്ഞ രണ്ടാം ഓവറില്‍ ഏഴ് റണ്‍സുമായി ഗില്‍ മടങ്ങി. എന്നാല്‍ വണ്‍ ഡൗണായി ക്രീസിലെത്തിയ ഹാര്‍ദ്ദിക്കും വൃദ്ധിമാന്‍ സാഹയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 75 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി ഗുജറാത്തിനെ നയിച്ചു. പവര്‍ പ്ലേ പിന്നിടുമ്പോള്‍ 47-1 എന്ന സ്കോറിലായിരുന്നു ഗുജറാത്ത്.
പവര്‍ പ്ലേക്ക് ശേഷം പന്തെറിയാനെത്തിയ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ തെരഞ്ഞുപിടിച്ച് ഹാര്‍ദ്ദിക് ശിക്ഷിച്ചതോടെ ഗുജറാത്ത് അതിവേഗം മുന്നോട്ടുപോയി. പതിനൊന്നാം ഓവറില്‍ സാഹയെ(25 പന്തില്‍ 25) പുറത്താക്കി ഉമേഷ് യാദവാണ് കൂട്ടുകെട്ട് പൊളിച്ചത്. സാഹ പുറത്തായശേഷമെത്തിയ ഡേവിഡ് മില്ലറും ഹാര്‍ദ്ദിക്കിന് മികച്ച പിന്തുണ നല്‍കിയതോടെ 13-ാം ഓവറില്‍ ഗുജറാത്ത് 100 കടന്നു.ഇതിനിടെ 36 പന്തില്‍ ഹാദ്ദിക് ഈ സീസണിലെ തുടര്‍ച്ചയായ മൂന്നാം അര്‍ധസെഞ്ചുറി തികച്ചു. ഐപിഎല്ലില്‍ മൂന്നാം നമ്പറിലിറങ്ങി ഹാര്‍ദ്ദിക് നേടുന്ന ആദ്യ അര്‍ധസെഞ്ചുറിയാണിത്.
പിടിച്ചുകെട്ടി കൊല്‍ക്കത്ത
മില്ലറും ഹാര്‍ദ്ദികും തകര്‍ത്തടിച്ചപ്പോള്‍ ഗുജറാത്ത് വമ്പന്‍ സ്കോര്‍ കുറിക്കുമെന്ന് കരുതിയെങ്കിലും പതിനെട്ടാം ഓവര്‍ എറിഞ്ഞ ടിം സൗത്തി ഹാര്‍ദ്ദികിനെയും(49 പന്തില്‍ 67), റാഷിദ് ഖാനെയും(0) മടക്കി ഇരട്ട പ്രഹരമേല്‍പ്പിച്ചതോടെ ഗുജറാത്തിന്‍റെ കതിപ്പിന് കടിഞ്ഞാണ്‍ വീണു. അവസാന ഓവര്‍ എറിഞ്ഞ ആന്ദ്രെ റസല്‍ വെറും അഞ്ച് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതോടെ ഗുജറാത്ത് 156ല്‍ ഒതുങ്ങി. അവസാന റസല്‍ എടുത്ത മൂന്ന് വിക്കറ്റിലും ക്യാച്ച് എടുത്തത് റിങ്കു സിംഗായിരുന്നു. മത്സരത്തില്‍ റിങ്കു നാലു ക്യാച്ചുമായി തിളങ്ങി.
കൊല്‍ക്കത്തക്കായി ടം സൗത്തി നാലോവറില്‍ 23 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഉമേഷ് യാദവും ശിവം മാവിയും ഓരോ വിക്കറ്റെടുത്തു. തുടര്‍ച്ചയായ നാലാം മത്സരത്തിലും വരുണ്‍ ചക്രവര്‍ത്തി വിക്കറ്റില്ലാതെ മടങ്ങി.
നേരത്തെ ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഗുജറാത്ത് ഇറങ്ങിയത്. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ മത്സരത്തില്‍ നിന്ന് വിട്ടുനിന്ന ഹാര്‍ദിക് തിരിച്ചെത്തി. വിജയ് ശങ്കര്‍ ക്യാപ്റ്റന് വഴിമാറി കൊടുത്തു.
കൊല്‍ക്കത്ത മൂന്ന് മാറ്റം വരുത്തി. സാം ബില്ലിംഗ്‌സ്, റിങ്കു സിംഗ്, ടിം സൗത്തി എന്നിവര്‍ ടീമിലെത്തി. ആരോണ്‍ ഫിഞ്ച്, ഷെല്‍ഡണ്‍ ജാക്‌സണ്‍, പാറ്റ് കമ്മിന്‍സ് പുറത്തായി. കഴിഞ്ഞ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയ ഫിഞ്ചിന് പരിക്കാണ് വിനയായത്. ഏഴ് മത്സരങ്ങളില്‍ ആറ് പോയിന്റ് മാത്രമുള്ള കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ ഏഴാമതാണ്. ഗുജറാത്ത് രണ്ടാം സ്ഥാനത്തും. ആറ് മത്സരങ്ങളില്‍ പത്ത് പോയിന്റാണ് ഗുജറാത്തിന്.