അത്ഭുത പന്ത്, 152.8 കിലോമീറ്റർ വേഗമുള്ള യോർക്കർ! കാണാം സാഹയുടെ സ്റ്റംപ് പിഴുത ഉമ്രാന്‍ മാലിക്കിന്‍റെ വെടിയുണ്ട

വൃദ്ധിമാന്‍ സാഹയെ പുറത്താക്കാന്‍ 152.8 കി.മീ വേഗത്തിലാണ് സണ്‍റൈസേഴ്സ് പേസറായ ഉമ്രാന്‍ ശരവേഗ യോർക്കർ തൊടുത്തത്. 

IPL 2022 GT vs SRH WATCH Umran Malik 152 8kmph yorker clean bowled Wriddhiman Saha

മുംബൈ: ഇത്രകാലം ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് അതൊരു സ്വപ്‍നം മാത്രമായിരുന്നു. 150 കിലോമീറ്ററിലേറെ വേഗത്തില്‍ യോർക്കർ സ്വപ്നം കാണാന്‍ മാത്രമേ ഇന്ത്യന്‍ പേസർമാർ ആരാധകരെ ഇതുവരെ ശീലിപ്പിച്ചിരുന്നുള്ളൂ. എന്നാല്‍ ഐപിഎല്ലില്‍ (IPL 2022) കശ്മീരില്‍ നിന്നുള്ള ഉമ്രാന്‍ മാലിക്ക് (Umran Malik) എന്ന പേസറിലൂടെ ആ സ്വപ്നം യാഥാർഥ്യമായിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ (GT vs SRH) വൃദ്ധിമാന്‍ സാഹയെ (Wriddhiman Saha) പുറത്താക്കാന്‍ 152.8 കി.മീ വേഗത്തിലാണ് സണ്‍റൈസേഴ്സ് പേസറായ ഉമ്രാന്‍ ശരവേഗ യോർക്കർ തൊടുത്തത്. 

നാല് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി ഉമ്രാന്‍ മാലിക് 5 വിക്കറ്റ് വീഴ്‍ത്തിയ മത്സരത്തില്‍ മൂന്നാമനായാണ് സാഹ മടങ്ങിയത്. 68 റണ്‍സുമായി കുതിക്കുകയായിരുന്ന സാഹയെ ബുള്ളറ്റ് യോർക്കറില്‍ ഡ്രസിംഗ് റൂമിലേക്ക് യാത്രയാക്കുകയായിരുന്നു ഉമ്രാന്‍. താരത്തിന്‍റെ അഞ്ച് വിക്കറ്റുകളില്‍ നാലും ബൗള്‍ഡായിരുന്നു. ഡേവിഡ് മില്ലര്‍, വൃദ്ധിമാന്‍ സാഹ, ശുഭ്മാന്‍ ഗില്‍, അഭിനവ് മനോഹര്‍ എന്നിവരെയാണ് ഉമ്രാന്‍ ബൗള്‍ഡാക്കിയത്. അതേസമയം ഹർദിക് പാണ്ഡ്യയെ മാർക്കോ ജാന്‍സന്‍റെ കൈകളിലെത്തിച്ചു. അഞ്ച് വിക്കറ്റ് പ്രകനവുമായി ഉമ്രാന്‍ മാലിക് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 

എന്നാല്‍ ഉമ്രാന്‍ മാലിക്കിന്‍റെ തീയുണ്ടകള്‍ക്ക് മുന്നില്‍ മുട്ടുമടക്കാതെ പൊരുതിയ രാഹുല്‍ തെവാട്ടിയയും റാഷിദ് ഖാനും ചേര്‍ന്ന് ഗുജറാത്ത് ടൈറ്റന്‍സിന് അഞ്ച് വിക്കറ്റിന്‍റെ അവിശ്വസനീയ വിജയം സമ്മാനിച്ചു. 196 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് അവസാന പന്തിലാണ് ജയത്തിലെത്തിയത്. 25 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഉമ്രാന്‍റെ പേസിന് മുന്നില്‍ തോല്‍വി ഉറപ്പിച്ചിടത്തുനിന്നാണ് അവസാന രണ്ടോവറില്‍ 35 റണ്‍സ് അടിച്ചെടുത്ത് തെവാട്ടിയയും റാഷിദും ചേര്‍ന്ന് ഗുജറാത്തിനെ ജയത്തിലേക്ക് നയിക്കുകയായിരുന്നു. ജയത്തോടെ ഗുജറാത്ത് പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. രാജസ്ഥാന്‍ റോയല്‍സ് രണ്ടാം സ്ഥാനത്തായി.

Latest Videos
Follow Us:
Download App:
  • android
  • ios