ക്യാപ്റ്റനായും പരിശീലകനായും ദുര്‍വിധി! ഭാവി പദ്ധതികളെ കുറിച്ച് രാഹുല്‍ ദ്രാവിഡ്; സസ്‌പെന്‍സ് തുടരുന്നു
ദ്രാവിഡിന്റേയും പരീശീലക സംഘത്തിലെ മറ്റുള്ളവരുടെയും കരാര്‍ ലോകകപ്പോടെ അവസാനിച്ചു. ടൂര്‍ണമെന്റ് തിരക്കായതിനാല്‍ ദ്രാവിഡുമായി ബിസിസിഐ നേതൃത്വവും ചര്‍ച്ചകള്‍ക്ക് മുതിര്‍ന്നിരുന്നില്ല.
അഹമ്മദാബാദ്: ഇന്ത്യന്‍ പരിശീലക പദവിയില്‍ തുടരുമോയെന്ന് വ്യക്തമാക്കാതെ രാഹുല്‍ ദ്രാവിഡ്. ഭാവിപദ്ധതികളെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് ദ്രാവിഡ് മാധ്യമങ്ങളോട് പറഞ്ഞു. കളിക്കാരനായും നായകനായും പരിശീലകനായും ലോകകപ്പില്‍ എത്തിയിട്ടും കിരീടമില്ലാത്ത ദുര്‍വിധിയിലാണ് രാഹുല്‍ ദ്രാവിഡ്. ലോകകപ്പിനായി മാസങ്ങള്‍ക്ക് മുന്‍പേ പദ്ധതികള്‍ തയ്യാറാക്കിയ പരിശീലകനെ വിധിദിനം ഭാഗ്യം കൈവിട്ടു. തോല്‍വിക്ക് പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുകയെന്ന അസുഖകരമായ ഉത്തരവാദിത്തവും ഏറ്റെടുത്തു ദ്രാവിഡ്.
ദ്രാവിഡിന്റേയും പരീശീലക സംഘത്തിലെ മറ്റുള്ളവരുടെയും കരാര്‍ ലോകകപ്പോടെ അവസാനിച്ചു. ടൂര്‍ണമെന്റ് തിരക്കായതിനാല്‍ ദ്രാവിഡുമായി ബിസിസിഐ നേതൃത്വവും ചര്‍ച്ചകള്‍ക്ക് മുതിര്‍ന്നിരുന്നില്ല. ആലോചിച്ച് മാത്രം തീരുമാനമെന്ന് പരഞ്ഞ ദ്രാവിഡ് മാധ്യമങ്ങള്‍ക്ക് മുന്നിലും സസ്‌പെന്‍സ് നിലനിര്‍ത്തി ഓസ്‌ട്രേലിയക്കെതിരെ വ്യാഴാഴ്ച തുടങ്ങുന്ന ട്വന്റി 20 പരമ്പരയില്‍ വിവിഎസ് ലക്ഷ്മണ്‍ ആകും മുഖ്യ പരിശീലകന്‍. പിന്നാലെ ദകഷിണാഫ്രിക്കന്‍ പര്യടനത്തിലാകും ഇന്ത്യന്‍ ടീം കളിക്കുക.
ഓസ്ട്രേലിയക്കെതിരെ അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ആറ് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ 240ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഓസീസ് 43 ഓവറില്‍ ലക്ഷ്യം മറികടന്നു. 120 പന്തില്‍ 137 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ഓസീസിന് ആറാം കിരീടം സമ്മാനിച്ചത്. മര്‍നസ് ലബുഷെയ്ന്‍ (58) നിര്‍ണായക പിന്തുണ നല്‍കി.
ഓസീസിനെതിരെ മറുപടി ബാറ്റിംഗില്‍ അതേനാണയത്തില്‍ തിരിച്ചടിച്ചാണ് ഇന്ത്യ തുടങ്ങിയത്. സ്‌കോര്‍ബോര്‍ഡില്‍ അവര്‍ക്ക് 47 റണ്‍സ് മാത്രമുള്ളപ്പോള്‍ മൂന്ന് പേരെ പുറത്താക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായി. ഡേവിഡ് വാര്‍ണറെ (7) സ്ലിപ്പില്‍ വിരാട് കോലിയുടെ കൈകളിലെത്തിച്ച് മുഹമ്മദ് ഷമി തുടക്കമിട്ടു. പിന്നാലെ മിച്ചല്‍ മാര്‍ഷിനെ ജസ്പ്രിത് ബുമ്ര വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ കൈകളിലെത്തിച്ചു. വൈകാതെ സ്റ്റീവന്‍ സ്മിത്തിനെ (4) ബുമ്ര വിക്കറ്റിന് മുന്നില്‍ കുടുക്കി. എന്നാല്‍ ഹെഡ്-ലബുഷെയ്ന്‍ കൂട്ടുകെട്ട് ഓസീസിനെ വിജയത്തിലേക്ക് നയിച്ചു.