എന്തുകൊണ്ട് നമ്മള്‍ തോറ്റു? പരാജയ കാരണങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ

തോല്‍വിക്ക് പിന്നാലെയായിരുന്നു രോഹിത്തിന്റെ പ്രതികരണം. ഓസീസിനെ വെല്ലുവിളിക്കാന്‍ പോന്ന സ്‌കോര്‍ നേടാനായില്ലെന്ന് രോഹിത് വ്യക്തമാക്കി.

indian captain rohit sharma on why team lost to australia in odi world cup final

അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ മാധ്യങ്ങളോട് പ്രതികരിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഓസ്ട്രേലിയക്കെതിരെ അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ആറ് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ 240ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഓസീസ് 43 ഓവറില്‍ ലക്ഷ്യം മറികടന്നു. 120 പന്തില്‍ 137 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ഓസീസിന് ആറാം കിരീടം സമ്മാനിച്ചത്. മര്‍നസ് ലബുഷെയ്ന്‍ (58) നിര്‍ണായക പിന്തുണ നല്‍കി. 

തോല്‍വിക്ക് പിന്നാലെയായിരുന്നു രോഹിത്തിന്റെ പ്രതികരണം. ഓസീസിനെ വെല്ലുവിളിക്കാന്‍ പോന്ന സ്‌കോര്‍ നേടാനായില്ലെന്ന് രോഹിത് വ്യക്തമാക്കി. ''ഫലം നമ്മള്‍ക്ക് അനുകൂലമായില്ല. പതിവുപോലെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ടീമിന് സാധിച്ചില്ല. 20-30 റണ്‍സ് കുറവായിരുന്നു. കെ എല്‍ രാഹുലും വിരാട് കോലിയും നന്നായി കളിച്ചു. അവര്‍ ഇന്നിംഗ്‌സ് പടുത്തുയര്‍ത്താനാണ് ശ്രമിച്ചത്. 270-280 റണ്‍സായിരുന്നു ഉന്നം വച്ചിരുന്നത്. എന്നാല്‍ കൃത്യമായ സമയത്ത് വിക്കറ്റുകള്‍ നഷ്ടമായി.'' രോഹിത് വ്യക്താക്കി. 

ഹെഡ്-ലബുഷെയ്ന്‍ കൂട്ടുകെട്ടിനെ കുറിച്ചും രോഹിത് സംസാരിച്ചു. ''സ്‌കോര്‍ ബോര്‍ഡില്‍ 240 റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. വിക്കറ്റ് വീഴ്ത്താനുളള ശ്രമങ്ങളും ആരംഭിച്ചു. എന്നാല്‍ ട്രാവിസ് ഹെഡ് - മര്‍നസ് ലബുഷെയ്ന്‍ കൂട്ടുകെട്ട് എല്ലാം തകിടം മറിച്ചു. അവര്‍ക്കാണ് മുഴുവന്‍ ക്രഡിറ്റും. കഴിവിന്റെ പരമാവധി ഞങ്ങള്‍ ശ്രമിച്ചു. എന്നാല്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നത് കുറച്ച് എളുപ്പമാണെന്നാണ് എനിക്ക് തോന്നിയത്. അതാണ് തോല്‍വിയിലേക്ക് തള്ളിവിട്ടതെന്ന് പറഞ്ഞ് ന്യായീകരിക്കുന്നില്ല. ഞങ്ങള്‍ക്ക് വേണ്ടത്ര റണ്‍സ് ഇല്ലായിരുന്നു. പേസര്‍മാര്‍ തുടക്കത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി പ്രതീക്ഷ നല്‍കി. എന്നാല്‍ ഹെഡ്-ലബു മത്സരം തട്ടിയെടുത്തും.'' രോഹിത് പറഞ്ഞു.

ഓസീസിനെതിരെ മറുപടി ബാറ്റിംഗില്‍ അതേനാണയത്തില്‍ തിരിച്ചടിച്ചാണ് ഇന്ത്യ തുടങ്ങിയത്. സ്‌കോര്‍ബോര്‍ഡില്‍ അവര്‍ക്ക് 47 റണ്‍സ് മാത്രമുള്ളപ്പോള്‍ മൂന്ന് പേരെ പുറത്താക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായി. ഡേവിഡ് വാര്‍ണറെ (7) സ്ലിപ്പില്‍ വിരാട് കോലിയുടെ കൈകളിലെത്തിച്ച് മുഹമ്മദ് ഷമി തുടക്കമിട്ടു. പിന്നാലെ മിച്ചല്‍ മാര്‍ഷിനെ ജസ്പ്രിത് ബുമ്ര വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ കൈകളിലെത്തിച്ചു. വൈകാതെ സ്റ്റീവന്‍ സ്മിത്തിനെ (4) ബുമ്ര വിക്കറ്റിന് മുന്നില്‍ കുടുക്കി. എന്നാല്‍ ഹെഡ്-ലബുഷെയ്ന്‍ കൂട്ടുകെട്ട് ഓസീസിനെ വിജയത്തിലേക്ക് നയിച്ചു.
 

Latest Videos
Follow Us:
Download App:
  • android
  • ios