ഇന്ത്യയുടെ സ്ഥിരം 'തലവേദന', ട്രാവിസ് ഹെഡിനെ എങ്ങനെ പുറത്താക്കാം; കണക്കുകള്‍ പറയുന്നത് ഇങ്ങനെ
ഇന്നിംഗ്സിന്‍റെ തുടക്കത്തില്‍ ഫോര്‍ത്ത്, ഫിഫ്ത്ത് സ്റ്റംപുകളില്‍ വരുന്ന പന്തുകളില്‍ ഹെഡ് പതറാറുണ്ട്. മികച്ച ഓഫ് സൈഡ് പ്ലേയര്‍ കൂടിയായ ഹെഡ് പക്ഷെ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ ഇതേ പന്തുകള്‍ മികച്ച രീതിയില്‍ കളിക്കുകയും ചെയ്യും.
ബ്രിസ്ബേന്‍: ഏകദിനത്തിലായാലും ടെസ്റ്റിലായാലും ഇന്ത്യയുടെ സ്ഥിരം തലവേദനയാണ് ട്രാവിസ് ഹെഡ്. കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഏകദിന ലോകകപ്പ് ഫൈനലിലും അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റിലുമെല്ലാം സെഞ്ചുറിയുമായി ഓസ്ട്രേലിയക്കായി ഒറ്റക്ക് പടനയിച്ച ഹെഡിനെ വീഴ്ത്താന്‍ ഇന്ത്യക്കിതുവരെ ഒരു മാര്‍ഗവും കണ്ടുപിടിക്കാനായിട്ടില്ലെ എന്ന് കഴിഞ്ഞ ദിവസം ചോദിച്ചത് മുന്‍ ഇന്ത്യൻ താരം മുഹമ്മദ് കൈഫായിരുന്നു. വിരാട് കോലിയെ പുറത്താക്കാന്‍ എതിരാളികള്‍ തന്ത്രം മെനയുന്നതുപോലെ എന്തുകൊണ്ട് ഇന്ത്യക്ക് ഹെഡിന്‍റെ ദൗര്‍ബല്യങ്ങള്‍ കണ്ടുപിടിക്കാനാവുന്നില്ല എന്നും കൈഫ് ചോദിച്ചിരുന്നു. ബ്രിസ്ബേന്‍ ടെസ്റ്റിലും ഇന്ത്യക്ക് ഹെഡ് തലവേദനയാകാതിരിക്കാന്‍ എന്തൊക്കെ തന്ത്രമൊരുക്കണമെന്ന് കണക്കുകള്‍ വെച്ചൊന്ന് പരിശോധിക്കാം.
ഓഫ് സൈഡ് കെണി
ഇന്നിംഗ്സിന്‍റെ തുടക്കത്തില്‍ ഫോര്‍ത്ത്, ഫിഫ്ത്ത് സ്റ്റംപുകളില്‍ വരുന്ന പന്തുകളില്‍ ഹെഡ് പതറാറുണ്ട്. മികച്ച ഓഫ് സൈഡ് പ്ലേയര്‍ കൂടിയായ ഹെഡ് പക്ഷെ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ ഇതേ പന്തുകള്‍ മികച്ച രീതിയില്‍ കളിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ഇന്നിംഗ്സന്‍റെ തുടക്കത്തിലെ ആദ്യ 10 പന്തുകളെങ്കിലും ഫിഫ്ത്ത്, അല്ലെങ്കില്‍ ഫോര്‍ത്ത് സ്റ്റംപിലെറിഞ്ഞാല്‍ ഹെഡ് പുറത്താവാനുള്ള സാധ്യത കൂടുതലാണെന്നാണ് കണക്കുകള്‍ പറയുന്നത്.
ബൗണ്‍സറെന്ന ആയുധം
ശരീരത്തെ ലക്ഷ്യമാക്കി വരുന്ന ഷോര്‍ട്ട് പിച്ച് പന്തുകളാണ് ഹെഡിന് ബലഹീനതയുള്ള മറ്റൊരു മേഖല. അഡ്‌ലെയ്ഡില്‍ ആദ്യ ഇന്നിംഗ്സില്‍ 141 പന്തുകള്‍ നേരിട്ട് 140 റണ്‍സടിച്ച ഹെഡിനെതിരെ പക്ഷെ ഇന്ത്യൻ ബൗളര്‍മാരെറിഞ്ഞത് ആകെ അഞ്ച് ഷോര്‍ട്ട് പിച്ച് പന്തുകള്‍ മാത്രമാണ്. ഷോര്‍ട്ട് ബോളുകളില്‍ 55 ശരാശരിയുണ്ടെങ്കിലും ശരീരത്തിനുനേരെയോ ലെഗ് സൈഡിലോ വരുന്ന ഷോര്‍ട്ട് പിച്ച് പന്തുകളില്‍ ഇത് 20 ആയി കുറയുന്നുവെന്ന് കണക്കുകള്‍ പറയുന്നു.
എന്നാല്‍ ലക്ഷ്യം തെറ്റുന്ന ഷോര്‍ട്ട് പിച്ചുകളില്‍ ഹെഡിന്‍റെ ശരാശരി 83.5 ആയി ഉയരുന്നുമുണ്ട്. ഇത് ഓഫ് സ്റ്റംപിന് പുറത്താണെങ്കില്‍ ശരാശരി 173 ആയി കുത്തനെ ഉയരും. അതുകൊണ്ട് തന്നെ ഷോര്‍ട്ട് പിച്ച് പന്തുകളെറിയുമ്പോഴും കൃത്യത പാലിച്ചില്ലെങ്കില്‍ തിരിച്ചടിക്കാനുള്ള സാധ്യത കൂടുതലുമാണ്. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ 34 ഷോര്‍ട്ട് പിച്ച് പന്തുകള്‍ ഇന്ത്യൻ ബൗളര്‍മാരെ ഹെഡിനെതിരെ എറഞ്ഞെങ്കിലും ഇതില്‍ ഭൂരിഭാഗവും ഓഫ് സ്റ്റംപിന് പുറത്തായിരുന്നു. വെറും അഞ്ചെണ്ണം മാത്രമാണ് ശരീരത്തിന് നേരെ വന്നത് അഞ്ചെണ്ണം മാത്രവും. ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ പന്തുകള്‍ ഹെഡിന് അനായാസം സ്കോര്‍ ചെയ്യാനുള്ള അവസരമൊരുക്കുകയും ചെയ്തു.
റണ്‍സ് തടയുക, യോര്‍ക്കറുകളെറിയുക
ഹെഡിനെ പ്രതിരോധത്തിലാക്കാനുള്ള മൂന്നാമത്തെ തന്ത്രം അനായാസം റണ്‍സ് നേടാനുള്ള സാധ്യതകള്‍ അടക്കുക എന്നതാണ്. അതിനൊപ്പം തന്നെ യോര്‍ക്കറുകള്‍ പരീക്ഷിക്കുകയും ചെയ്യുക. അഡ്‌ലെയ്ഡില്‍ സിറാജിന്‍റെ യോര്‍ക്കറിലും പെര്‍ത്തിലെ ആദ്യ ഇന്നിംഗ്സില്‍ ഹര്‍ഷിത് റാണയുടെ യോര്‍ക്കറിലുമാണ് ഹെഡ് പുറത്തായത്. ഈ വര്‍ഷമാദ്യം ഗാബയില്‍ ഓസ്ട്രേലിയയെ വീഴ്ത്തി വെസ്റ്റ് ഇന്‍ഡീസ് ചരിത്രവിജയം നേടിയപ്പോള്‍ ഹെഡിനെ ഷമര്‍ ജോസഫ് വീഴ്ത്തിയതും യോര്‍ക്കറിലായിരുന്നു. എന്നാല്‍ അവിടെയും കൃത്യതയില്ലെങ്കില്‍ ഓവര്‍ പിച്ചോ ഫുള്‍ട്ടോസോ ആയാല്‍ ഹെഡ് അടിച്ചു പറത്തും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക