ഹോട്ടലില്‍ നിന്ന് ഇറങ്ങാന്‍ താമസിച്ച യശസ്വി ജയ്സ്വാളിനെ കൂട്ടാതെ ഇന്ത്യൻ ടീം വിമാനത്താവളത്തിലേക്ക് പോയി
ഏറെ നേരം കാത്തിരുന്നിട്ടും താരം എത്താതിരുന്നതോടെ യശസ്വിയെ കൂട്ടാതെ തന്നെ ടീം വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു.
അഡ്‌ലെയ്ഡ്: അഡ്‌ലെയ്ഡില്‍ നിന്ന് ഇന്നലെ ബ്രിസ്ബേനിലേക്ക് പോയ ഇന്ത്യൻ ടീമിനൊപ്പം യുവതാരം യശസ്വി ജയ്സ്വാളുണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. ടീം താമസിക്കുന്ന ഹോട്ടലില്‍ നിന്ന് വിമാനത്താവളത്തിലേക്ക് പോവാനായി താരങ്ങള്‍ ടീം ബസില്‍ കയറിയിട്ടും യശസ്വി ജയ്സ്വാള്‍ എത്താതിരുന്നതിനെ തുടര്‍ന്നാണ് ഇന്ത്യൻ ഓപ്പണറെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് പോയതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
ഇന്നലെയാണ് ഇന്ത്യൻ ടീം അഡ്‌ലെയ്ഡില്‍ നിന്ന് മൂന്നാം ടെസ്റ്റ് വേദിയായ ബ്രിസ്ബേനിലേക്ക് പോയത്. പ്രാദേശിക സമയം രാവിലെ 10നായിരുന്നു ഇന്ത്യൻ ടീമിന് ബ്രിസ്ബേനിലേക്കുള്ള വിമാനം. 8.30ന് ടീം അംഗങ്ങളെല്ലാം ഹോട്ടലില്‍ നിന്ന് വിമാനത്താവളത്തിലേക്ക് ഇറങ്ങണമെന്നായിരുന്നു നിര്‍ദേശം. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കോച്ച് ഗൗതം ഗംഭീറും ഉള്‍പ്പെടെയുള്ളവര്‍ വിമാനത്താവളത്തിലേക്ക് പോവാനായി കൃത്യ സമയത്തുതന്നെ ടീം ബസില്‍ കയറി.എന്നാല്‍ ജയ്സ്വാള്‍ മാത്രം എത്തിയില്ല.
തുടര്‍ന്ന് 20 മിനിറ്റോളം ടീം അംഗങ്ങള്‍ യജ്സ്വാളിനെ ബസില്‍ കാത്തിരുന്നിട്ടും താരം എത്താതിരുന്നതോടെ ബസില്‍ നിന്നിറങ്ങിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ജയ്സ്വാള്‍ എവിടെയെന്ന് ചോദിച്ച് ടീം മാനേജരോടും സുരക്ഷാ ഉദ്യോഗസ്ഥരോടും ദേഷ്യപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറെ നേരം കാത്തിരുന്നിട്ടും താരം എത്താതിരുന്നതോടെ യശസ്വിയെ കൂട്ടാതെ തന്നെ ടീം വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു. ജയ്സ്വാള്‍ ഹോട്ടല്‍ ലോബിയിലെത്തിയപ്പോള്‍ ടീം ബസ് വിമാനത്താവളത്തിലേക്ക് പോയിരുന്നു. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ മറ്റൊരു വാഹനത്തിലാണ് ജയ്സ്വാള്‍ വിമാനത്താവളത്തിലേക്ക് പോയത്. എന്തുകൊണ്ടാണ് ജയ്സ്വാള്‍ എത്താൻ വൈകിയതെന്ന കാര്യം വ്യക്തമല്ല. വിമാനത്താവളത്തില്‍ ടീം അംഗങ്ങള്‍ക്കൊപ്പം ചേര്‍ന്ന ജയ്സ്വാള്‍ ടീമിനൊപ്പമാണ് ബ്രിസ്ബേനിലേക്ക് പോയത്.
പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യക്കായി സെഞ്ചുറി നേടിയ ജയ്സ്വാള്‍ അഡ്‌ലെയ്ഡിലെ ഡേ നൈറ്റ് ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ പൂജ്യത്തിന് പുറത്തായിരുന്നു. രണ്ടാ ഇന്നിംഗ്സില്‍ 24 റണ്‍സ് മാത്രമാണ് ജയ്സ്വാള്‍ നേടിയത്. ഇന്നലെ ബ്രിസ്ബേനിലെത്തിയ ഇന്ത്യൻ ടീം അംഗങ്ങള്‍ നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനത്തിന് ഇറങ്ങിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക