ജയ്‌സ്വാള്‍ സഹോദരന്മാര്‍ ഒരുമിച്ച് തുടങ്ങിയ യാത്ര! ഇടയ്ക്ക് ചേട്ടന്‍ ത്യാഗം ചെയ്തു, ഇപ്പോള്‍ രഞ്ജി അരങ്ങേറ്റം
ത്രിപുരയ്ക്ക് വേണ്ടി തേജസ്വി തന്റെ കന്നി ഫസ്റ്റ് ക്ലാസ് അര്‍ധ സെ നേടിയപ്പോള്‍, യശസ്വിയുടെ സന്ദേശമെത്തി.
കശ്മീര്‍: ക്രിക്കറ്റ് താരങ്ങളാവാനുള്ള ആഗ്രഹത്തിന്റെ പുറത്ത് ഉത്തര്‍ പ്രദേശില്‍ നിന്ന് ഒരുമിച്ച് വണ്ടി കയറിയവരാണ് ഇന്ത്യന്‍ താരം യശസ്വി ജയ്‌സ്വാളും മൂത്ത സഹോദരന്‍ തേജസ്വി ജയ്‌സ്വാളും. ഇരുവരും കഠിയ പ്രയത്‌നം നടത്തി. എന്നാല്‍ ഇന്ത്യന്‍ ടീമിലെത്തിയത് യശസ്വിയാണെന്ന് മാത്രം. എന്നാലിപ്പോള്‍ തന്റെ 27-ാം വയസില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയിരിക്കുകയാണ് തേജസ്വി. രഞ്ജി ട്രോഫിയില്‍ ത്രിപുരയ്ക്ക് വേണ്ടി കളിച്ചാണ് തേജസ്വി വരവറിയിക്കുന്നത്. അരങ്ങേറ്റം വൈകിയതിന് പിന്നില്‍ കഠിനാധ്വാനത്തിന്റെ വലിയ കഥ തന്നെയുണ്ട്.
ത്രിപുരയ്ക്ക് വേണ്ടി തേജസ്വി തന്റെ കന്നി ഫസ്റ്റ് ക്ലാസ് അര്‍ധ സെ നേടിയപ്പോള്‍, യശസ്വിയുടെ സന്ദേശമെത്തി. അതിങ്ങനെയായിരുന്നു. ''നിങ്ങള്‍ നിങ്ങളുടെ സ്വപ്നം ഞങ്ങള്‍ക്കായി ത്യജിച്ചു. ഇനി നിങ്ങളുടെ സമയമാണ്, ആസ്വദിക്കൂ.'' എന്നായിരുന്നു ആ സന്ദേശം. ബറോഡയ്ക്കെതിരെ 82 റണ്‍സ് നേടിയതിന് ശേഷമായിരുന്നു യശസ്വിയുടെ സന്ദേശം. ജയ്‌സ്വാള്‍ സഹോദരന്മാരിലെ ഇളയവന്‍ വേഗത്തില്‍ വളര്‍ന്നപ്പോള്‍, കുടുംബം നോക്കുന്ന തിരക്കിലായിരുന്നു. 2012-ല്‍ ഉത്തര്‍പ്രദേശിലെ ഭദോഹിയില്‍ നിന്നാണ് ജയ്സ്വാള്‍ സഹോദരന്മാര്‍ മുംബൈയിലേക്ക് വരുന്നത്. മുംബൈയിലെ ആസാദ് മൈതാനിയില്‍ അവര്‍ ഗ്രൗണ്ട്‌സ്മാന്റെ കൂടാരം പങ്കിട്ടു. എന്നാല്‍ ഒരാള്‍ക്ക് മാത്രമേ ക്രിക്കറ്റില്‍ തുടരാന്‍ കഴിയൂ.
അങ്ങനെ 17-ാം വയസില്‍ തേജസ്വി ക്രിക്കറ്റ് ഉപേക്ഷിച്ചു. ഒരു ഇന്ത്യന്‍ ക്രിക്കറ്റ് താരമാകാനുള്ള യശസ്വിയുടെ സ്വപ്‌നമായിരുന്നു അയാള്‍ക്ക് പ്രധാനം. യശ്വസി കൗമാര പ്രായത്തില്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ തുടങ്ങിയപ്പോള്‍, ഡല്‍ഹിയിലെ സൗത്ത് എക്സ്റ്റന്‍ഷനില്‍ അലങ്കാര വിളക്കുകള്‍ വില്‍ക്കുന്ന ഒരു സ്റ്റോറില്‍ സെയില്‍സ്മാനായി ജോലിക്ക് കയറുകയായിരുന്നു മൂത്ത സഹോദരന്‍. ജയ്‌സ്വാളിന് നിത്യ ചെലവിനുള്ള പണമയക്കുമായിരുന്നു തേജസ്വി. കൂടുതെ തന്റെ രണ്ട് മൂത്ത സഹോദരിമാരെയും വിവാഹം കഴിച്ചുവിടുകയും ചെയ്തു. ''എനിക്കും ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഞങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി നല്ലതായിരുന്നില്ല. യശസ്വി നല്ല നന്നായി കളിക്കുന്നുണ്ടായിരുന്നു. അതിനാല്‍ 2013 അവസാനത്തോടെ ഞാന്‍ മുംബൈയും ക്രിക്കറ്റും ഉപേക്ഷിച്ച് ഡല്‍ഹിയിലേക്ക് മാറി.'' തേജസ്വി പറഞ്ഞു.
തേജസ്വി പിന്നീട് ഡല്‍ഹി വിട്ട് സ്വന്തം നാടായ യുപിയിലെ ഭാദോഹിയിലേക്ക് മാറി. 2021ഓടെ സഹോദരിമാര്‍ വിവാഹം കഴിപ്പിച്ചുവിട്ടു. പിന്നാലെ യശസ്വിക്ക് ഐപിഎല്‍ കരാര്‍ ലഭിക്കുകയും ചെയ്തു. അതിനുശേഷമാണ് ജയ്‌സ്വാള്‍ കുടുംബത്തിന്റെ ജീവിതം എളുപ്പമായത്. സഹോദരന് വീണ്ടും കളിക്കാനുള്ള വഴിയൊരുക്കിയത് യശസ്വി ആയിരുന്നു. അതിന് ആദ്യം ചെയ്തത്, കടുത്ത മത്സരം നടക്കുന്ന മുംബൈ സര്‍ക്യൂട്ടില്‍ നിന്ന് ത്രിപുരയിലേക്ക് മാറാനായിരുന്നു പദ്ധതി. മൂന്ന് വര്‍ഷത്തിന് ശേഷം, തേജസ്വി കഴിഞ്ഞ മാസം മേഘാലയയ്ക്കെതിരെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം നടത്തി. 2014 മുതല്‍ 2021 വരെ, ഏഴ് വര്‍ഷത്തോളം തേജസ്വി പ്രൊഫഷണല്‍ ക്രിക്കറ്റിലില്ലായിരുന്നു.
അതിനെ കുറിച്ച് തേജസ്വി പറയുന്നതിങ്ങനെ... ''അത് വിധിയായിരുന്നു. ഞാന്‍ ത്രിപുരയിലേക്ക് മാറാന്‍ തീരുമാനിച്ചു. ഒരു കോളേജില്‍ ചേര്‍ന്നു. പ്രാദേശിക ക്രിക്കറ്റ് കളിച്ചു, റണ്‍സ് നേടി, വിക്കറ്റ് നേടി. ഇപ്പോള്‍ ഞാന്‍ ഒരു ഫസ്റ്റ് ക്ലാസ് ക്രിക്കറ്ററാണ്.'' തേജസ്വി പറഞ്ഞു. തേജസ്വി സ്വയം പേരെടുക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും, ആളുകള്‍ അദ്ദേഹത്തെ യശസ്വിയുടെ ജ്യേഷ്ഠന്‍ എന്ന് വിളിക്കുന്നതാണ് സന്തോഷം നല്‍കുന്നത്.
തേജസ്വി പറയുന്നതിങ്ങനെ... ''എന്റെ സഹോദരനെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. അവന്‍ കാരണം ഞാന്‍ വീണ്ടും ക്രിക്കറ്റ് കളിക്കുന്നു. ആളുകള്‍ 'അത് യശസ്വിയുടെ ജ്യേഷ്ഠനാണ്' എന്ന് പറയുമ്പോള്‍ എനിക്ക് സന്തോഷമുണ്ട്.